Sorry, you need to enable JavaScript to visit this website.

ആ വാര്‍ത്ത തെറ്റ്; കോടതി പരാമര്‍ശിച്ചത് ടോള്‍സ്റ്റോയിയുടെ 'വാര്‍ ആന്റ് പീസ്' അല്ല

മുംബൈ- ഭീമകൊറഗാവില്‍ ദളിതര്‍ ആക്രമിക്കപ്പെട്ട കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പൗരാവകാശ പ്രവര്‍ത്തകന്‍ വെര്‍നന്‍ ഗോണ്‍സാല്‍വസിനെ വിചാരണ ചെയ്യുന്നതിനിടെ ബോംബെ ഹൈക്കോടതി പരാമര്‍ശിച്ച വാര്‍ ആന്റ് പീസ് എന്ന പുസ്തകം വിഖ്യാത എഴുത്തുകാരന്‍ ലിയോ ടോള്‍സ്റ്റോയിയുടേത് അല്ല. വാര്‍ ആന്റ് പീസ് എന്ന പുസ്തകം എന്തിനു വീട്ടില്‍ സൂക്ഷിച്ചുവെന്നതിനു മറുപടി വേണമെന്ന് ഹൈക്കോടതി ഗോണ്‍സാല്‍വസിനോട് ആവശ്യപ്പെട്ടു എന്നായിരുന്നു കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ വ്യാപകമായി വാര്‍ത്ത നല്‍കിയത്. എന്നാല്‍ കോടതി പരാമര്‍ശിച്ച പുസ്തകം ബിസ്വജിത് റോയി എഴുതിയ 'വാര്‍ ആന്റ് പീസ് ഇന്‍ ജംഗ്ള്‍മഹല്‍: പീപ്പ്ള്‍, സ്റ്റേറ്റ് ആന്റ് മാവോയിസ്റ്റ്‌സ്' എന്ന പുസ്തകമാണെന്ന് ഭീമകൊറഗാവ് കേസില്‍ മറ്റൊരു പ്രതിക്കു വേണ്ടി ഹാജരാകുന്ന അഭിഭാഷന്‍ യുഗ് ചൗധരി പറഞ്ഞു. റോയ് എഡിറ്റ് ചെയ്ത ലേഖന സമാഹാരമാണ് ഈ പുസ്തകം.

കഴിഞ്ഞ ദിവസം വന്ന വാര്‍ത്ത കോടതിക്ക് അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് ഇതിനോട് പ്രതികരിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സാരംഗ് കോട്‌വാള്‍ പറഞ്ഞു. തന്റെ പേരില്‍ വന്ന വാര്‍ത്ത ഞെട്ടലുണ്ടാക്കിയെന്നും ജസ്റ്റിസ് സാരംഗ് പറഞ്ഞു. ടോള്‍സ്റ്റോയിയുടെ വാര്‍ ആന്റ് പീസ് എന്ന ലോകപ്രശസ്ത കൃതി എന്തിനു വീട്ടില്‍ സൂക്ഷിച്ചുവെന്ന് ജസ്റ്റിസ് സാരംഗ് പ്രതി ഗോണ്‍സാല്‍വസിനോട് ചോദിച്ചു എന്നായിരുന്നു മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്.

ഗോണ്‍സാല്‍വസിന്റെ വീട്ടില്‍ നിന്ന് പോലീസ് പിടിച്ചെടുത്ത പുസ്തകങ്ങളൊന്നും സര്‍ക്കാര്‍ നിരോധിച്ചവയല്ലെന്ന് അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി.
 

Latest News