കൊച്ചി- നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. കൂടുതല്‍ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി ദിലീപിനെ വിട്ടുകിട്ടണമെന്ന ആവശ്യം അങ്കമാലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അംഗീകരിക്കുകയായിരുന്നു.
പള്‍സര്‍ മുഖ്യപ്രതിയായ കേസില്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത ദിലീപിനെ മജിസ്‌ട്രേറ്റിന്റെ ചേംബറിലാണ് ഹാജരാക്കിയത്. ദിലീപിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചില്ല. ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കാനാണ് ദിലീപിന്റെ അഭിഭാഷകരുടെ നീക്കം.
കേസുമായി ബന്ധപ്പെട്ട് നടനും എം.എല്‍.എയുമായ മുകേഷിനെയും അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ഗൂഢാലോചന നടന്ന സമയത്ത് മുകേഷിന്റെ ഡ്രൈവര്‍ ആയിരുന്നതിനാലാണിത്. ദിലീപ് നായകനായ സൗണ്ട് തോമ എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്ത് പള്‍സര്‍ സുനി മുകേഷിന്റെ ഡ്രൈവറായിരുന്നു. ദിലീപുമായി സുനി അടുത്തതും ആദ്യ ഗൂഢാലോചന നടന്നതും ഇക്കാലത്താണ്. ഈ സാഹചര്യത്തിലാണ് മുകേഷിനെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.






