ദാമൻ- ജോലിയിൽ ഉടൻ തിരികെ പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ട് രാജിവെച്ച മലയാളി ഐ.എ.എസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥന് നോട്ടീസ്. രാജ്യത്ത് സ്വതന്ത്രമായി അഭിപ്രായം പറയാൻ സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഐ.എ.എസ് സ്ഥാനം രാജിവെച്ച കണ്ണൻ ഗോപിനാഥനോടാണ് ഉടൻ ജോലിയിൽ തിരികെ പ്രവേശിക്കാൻ ആവശ്യപ്പെട്ട് പേഴ്‌സണൽ മന്ത്രാലയം നോട്ടീസ് നല്കിയത്. രാജിയുടെ കാര്യത്തിൽ തീരുമാനമാകുന്നതു വരെ ജോലിയിൽ തുടരാനാണ് നിർദ്ദേശം.
ഓഗസ്റ്റ് 21നായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കണ്ണൻ ഗോപിനാഥൻ രാജിക്കത്ത് നൽകിയത്. ജമ്മു കശ്മീർ വിഷയത്തിൽ സ്വതന്ത്ര അഭിപ്രായം രേഖപ്പെടുത്താൻ സാധിക്കില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു രാജി. രാജി സമർപ്പിക്കുന്ന സമയത്ത്, കേന്ദ്രഭരണ പ്രദേശങ്ങളായ ദാമൻ ദിയു, ദാദ്രനദർ ഹവേലി എന്നിവിടങ്ങളിലെ വൈദ്യുത പാരമ്പര്യേതഊർജവകുപ്പ് സെക്രട്ടറി ആയിരുന്നു. സിൽവാസയിൽ കണ്ണൻ ഗോപിനാഥൻ താമസിച്ചിരുന്ന ഗസ്റ്റ് ഹൗസിന്റെ വാതിലിലാണ് നോട്ടീസ് പതിപ്പിച്ചത്.