Sorry, you need to enable JavaScript to visit this website.

പ്രകൃതി ദുരന്തം: പുനരധിവാസം കീറാമുട്ടിയാകും

കൽപറ്റ -പ്രകൃതി ദുരന്തത്തിൽ കൃഷിക്കും വാസത്തിനും യോജിച്ചതല്ലാതായ പ്രദേശങ്ങളിലുള്ള കുടുംബങ്ങളുടെ പുരനധിവാസം വയനാട് ജില്ലാ ഭരണകൂടത്തിനു കീറാമുട്ടിയാകും. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിയോഗിച്ച വിദഗ്ധ സംഘങ്ങൾ സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുനരധിവാസത്തിനു ഭരണകൂടം ഭൂമി കണ്ടെത്തേണ്ടിവരും. 
മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ പ്രദേശങ്ങൾ വാസത്തിനു യോജിച്ചതാണോ എന്നാണ് വിദഗ്ധ സംഘങ്ങൾ പരിശോധിക്കുന്നത്. രണ്ടു പേരടങ്ങുന്ന 10 സംഘങ്ങളെയാണ് ജില്ലയിൽ സ്ഥല പരിശോധനയ്ക്കു നിയോഗിച്ചിരിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങൾ ചൂണ്ടിക്കാട്ടിയതിൽ 200 ലധികം സ്ഥലങ്ങൾ പരിശോധിച്ച സംഘങ്ങൾ അടുത്ത ദിവസം ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിക്കു റിപ്പോർട്ടുകൾ സമർപ്പിക്കും. റിപ്പോർട്ടുകൾ ജില്ലാ ജിയോളജിസ്റ്റിന്റെയും ജില്ലാ മണ്ണു സംരക്ഷണ ഓഫീസറുടെയും നേതൃത്വത്തിൽ വിശകലന വിധേയമാക്കുന്ന മുറയ്ക്കു പുനരധിവാസത്തിനു എത്ര അളവിൽ ഭൂമി ആവശ്യമാണെന്നു വ്യക്തമാകും. 
മേപ്പാടി പഞ്ചായത്തിലെ പച്ചക്കാട്ട് ഉരുൾപൊട്ടി കല്ലും മണ്ണും മരങ്ങളും അടിഞ്ഞ പുത്തുമലയിലെ മുഴുവൻ കുടുംബങ്ങളെയും പുനരധിവസിപ്പിക്കേണ്ടതുണ്ട്. പുത്തുമലയിൽ 52 വീടുകൾ പൂർണമായി തകർന്നു. 28 വീടുകൾ വാസയോഗ്യമല്ലാതായി. ഒരു എസ്റ്റേറ്റ് പാടി ഒലിച്ചുപോയി. പുത്തുമലയിലെ ദുരന്ത ബാധിതരുടെ പുനരധിവാസത്തിനു മാത്രം കുറഞ്ഞതു 15 ഏക്കർ ഭൂമിയാണ് ആവശ്യം. പുനരധിവാസം മേപ്പാടി പഞ്ചായത്തിൽ തന്നെ ഒരേ സ്ഥലത്തു നടത്തണമെന്ന ആവശ്യം പുത്തുമലയിലെ കുടുംബങ്ങൾ ഉന്നയിച്ചിട്ടണ്ട്. പുനരധിവാസ പ്രദേശത്തു വീടുകൾക്കു പുറമെ പുത്തുമലയിൽ ഉണ്ടായിരുന്ന മോസ്‌ക്, അമ്പലം, അങ്കണവാടി, എൽ.പി സ്‌കൂൾ എന്നിവയും നിർമിക്കണം.  ഇക്കുറി ഉരുൾപൊട്ടലുണ്ടായ കുറുമ്പാലക്കോട്ട, മക്കിയാട്, മുട്ടിൽ കോളനി തുടങ്ങിയ പ്രദേശങ്ങളിലെ കുടുംബങ്ങളുടെ പുനരധിവാസവും അനിവാര്യമാണ്. 
ശക്തമായ മണ്ണിടിച്ചിൽ ഉണ്ടായ പൊഴുത മേൽമുറി കുറിച്യർ മലയുടെ താഴ്‌വാരം വാസയോഗ്യമല്ലെന്നാണ് വിദഗ്ധ സംഘത്തിന്റെ കണ്ടെത്തലെങ്കിൽ ജില്ലാ ഭരണകൂടം കുഴയും. 200 നടുത്തു കുടുംബങ്ങളെയാണ് ഇവിടെനിന്നു മാറ്റേണ്ടിവരിക. ഇതിനു ഏക്കർ കണക്കിനു ഭൂമി ആവശ്യമാണ്. എല്ലാ മഴക്കാലത്തും വെള്ളപ്പൊക്കമുണ്ടാകുന്ന പയ്യമ്പള്ളി ചാലിഗദ്ദയിലെ കുടുംബങ്ങളുടെ പുനരധിവാസം ഒഴിച്ചുകൂടാനാകാത്തതാണ്. 57 കുടുംബങ്ങളാണ് ചാലിഗദ്ദ ആദിവാസി കോളനിയിൽ മാത്രം ഉള്ളത്. 
2018 ലെ കാലവർഷത്തിനിടെ ഉരുൾപൊട്ടലും മണ്ണിടിച്ചിലും  വെള്ളപ്പൊക്കവും ഉണ്ടായ പ്രദേശങ്ങളിലെ കുടുംബങ്ങളുടെ പുനരധിവാസം പൂർത്തിയായില്ല. പുറമ്പോക്കുകളിൽ വീടു നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനു അടുത്തിടെയാണ് മാർഗരേഖയായത്. ഈ പശ്ചാത്തലത്തിലാണ് ജില്ലയിൽ പ്രകൃതി ദുരന്തം ആവർത്തിച്ചത്. 
ഇത്തവണ പ്രകൃതി ദുരന്തത്തിൽ 500 ലധികം വീടുകൾ നശിച്ചതായാണ് ജില്ലാ ഭരണകൂടത്തിന്റെ കണക്ക്. ദുരിത ബാധിതരിലെ ഭവന രഹിതർക്കു വീടു നിർമിച്ചു നൽകാൻ വ്യക്തികളും സംഘടനകളും ജില്ലാ ഭരണകൂടത്തെ സന്നദ്ധത അറിയിച്ചിട്ടുണ്ട്. എന്നാൽ വീടു നിർമാണത്തിനു ആവശ്യമായ, പ്രകൃതിദുരന്ത സാധ്യതയില്ലാത്ത ഭൂമി ഭരണകൂടം കണ്ടെത്തണം. ഭവന നിർമാണത്തിനു സംഭാവനയായി ഏറെ ഭൂമി ലഭിക്കാൻ സാധ്യതയില്ല. 100 വീടുകളുടെ നിർമാണത്തിനു വേണ്ട സ്ഥലം ലഭ്യമാക്കുമെന്നു കൽപറ്റ നിയോജക മണ്ഡലം  മുൻ എം.എൽ.എ എം.വി. ശ്രേയാംസ്‌കുമാർ ജില്ലാ ഭരണകൂടത്തെ അറിയിച്ചിട്ടുണ്ട്. 

Latest News