Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാം; വ്യവസ്ഥകള്‍ ബാധകമാണ്‌

റിയാദ്- തുടർച്ചയായോ അല്ലാതെയോ മൂന്നു മാസത്തെ വേതന വിതരണം വൈകുന്നതുൾപ്പെടെ പതിമൂന്നു സാഹചര്യങ്ങളിൽ ഗാർഹിക തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് മാറാമെന്ന് സൗദി മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കി. പുതിയ വിസയിലെത്തുന്ന വേലക്കാരെ വിമാനത്താവളങ്ങളിൽ നിന്നോ പതിനഞ്ചു ദിവസത്തിനകം അഭയ കേന്ദ്രത്തിൽ നിന്നോ സ്വീകരിക്കാതിരിക്കൽ, സൗദിയിലെത്തി മുപ്പതു ദിവസം പിന്നിട്ടും ഇഖാമ ലഭ്യമാകാതിരിക്കൽ, കാലാവധി അവസാനിച്ച് മുപ്പതു ദിവസം പിന്നിട്ടും ഇഖാമ പുതുക്കി നൽകാതിരിക്കൽ, തൊഴിലാളിയുടെ അറിവോ സമ്മതമോ കൂടാതെ സാമ്പത്തിക നേട്ടം മോഹിച്ച് മറ്റുള്ളവർക്ക് താൽക്കാലികമായി കൈമാറൽ, തൊട്ടടുത്ത ബന്ധുക്കളല്ലാത്തവരുടെ അടുത്ത് ജോലിക്ക് നിയോഗിക്കൽ, ആരോഗ്യ സുരക്ഷക്ക് ഭീഷണിയായ ജോലി ചെയ്യിക്കൽ, മോശമായ പെരുമാറ്റം എന്നീ സാഹചര്യങ്ങളിൽ സ്‌പോൺസർഷിപ്പ് മറ്റു തൊഴിലുടമകളുടെ പേരിലേക്ക് ഗാർഹിക തൊഴിലാളികൾക്കു മാറ്റാനാവും. 


തൊഴിലാളി നൽകുന്ന പരാതികളിൽ വിചാരണ കരുതിക്കൂട്ടി നീട്ടിക്കൊണ്ടുപോകുന്നതിന് തൊഴിലുടമ കാരണക്കാരനായാലും പരാതികളിൽ വിചാരണയുടെ രണ്ടു സിറ്റിംഗുകളിൽ തുടർച്ചയായി തൊഴിലുടമയോ പ്രതിനിധികളോ ഹാജരാകാതിരുന്നാലും സ്‌പോൺസർഷിപ് മാറ്റാനുള്ള അവകാശമുണ്ട്. 


വ്യാജ ഹുറൂബ്, തൊഴിലുടമയുടെ ജയിൽവാസമോ മരണമോ യാത്രയോ കാരണമായി മൂന്നു മാസം തുടർച്ചയായി വേതനം നൽകാൻ സാധിക്കാതിരിക്കൽ, തൊഴിലാളിക്ക് ഹാനിയുണ്ടാകാതെ നോക്കുന്നതിന് തൊഴിൽ പരാതി വിചാരണക്കിടെ ബന്ധപ്പെട്ട വകുപ്പ് നടത്തുന്ന ശുപാർശയുടെ അടിസ്ഥാനത്തിൽ, തൊഴിൽ-സാമൂഹിക വികസന മന്ത്രി തീരുമാനിക്കുന്ന മറ്റു ഒറ്റപ്പെട്ടതോ പൊതുവായതോ ആയ സാഹചര്യങ്ങൾ എന്നീ സന്ദർഭങ്ങളിലും ഗാർഹിക തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് മാറ്റത്തിന് അനുമതിയുണ്ടെന്ന് സൗദി മനുഷ്യാവകാശ കമ്മീഷൻ വെളിപ്പെടുത്തി.
 

Latest News