Sorry, you need to enable JavaScript to visit this website.

സൗദിയിൽനിന്ന് ഉംറക്ക് പോകാനും രജിസ്‌ട്രേഷൻ നിർബന്ധമാക്കുന്നു

മക്ക - സൗദിയിൽനിന്നുള്ള ആഭ്യന്തര ഉംറ തീർത്ഥാടകർക്കും രജിസ്‌ട്രേഷൻ നിർബന്ധമാക്കുന്നു. 
ആഭ്യന്തര ഉംറ തീർഥാടകർക്കും വ്യവസ്ഥകൾ ബാധകമാക്കുന്നതിനെ കുറിച്ച് ദേശീയ പരിവർത്തന പദ്ധതിയുടെ ഭാഗമായി ഹജ്, ഉംറ മന്ത്രാലയം നേരത്തെ പഠനം നടത്തിയിരുന്നു. ഈ വർഷം മുതൽ ഇത് നടപ്പാക്കിത്തുടങ്ങും. ആഭ്യന്തര തീർഥാടകരുടെ കൃത്യമായ കണക്കെടുക്കുകയും ആഭ്യന്തര, വിദേശ തീർഥാടകരുടെ എണ്ണം തമ്മിൽ സന്തുലനമുണ്ടാക്കാൻ ശ്രമിക്കുകയുമാണ് ചെയ്യുക. ചില കാലത്തും ദിവസങ്ങളിലും ആഭ്യന്തര തീർഥാടകരുടെ എണ്ണത്തിലുണ്ടാകുന്ന വലിയ തോതിലുള്ള ഏറ്റക്കുറച്ചിലുകൾ ഇല്ലാതാക്കുന്നതിനാണ് ശ്രമം. ഇതു പ്രകാരം ആഭ്യന്തര തീർഥാടകർക്കും മുൻകൂട്ടി രജിസ്‌ട്രേഷൻ ബാധകമാക്കും. ഇതനുസരിച്ച് തീർഥാടകരുടെ മക്കയിലേക്കുള്ള യാത്രാ ദിവസം പ്രത്യേകം നിർണയിക്കും. സൗദി പൗരന്മാർക്കും ഗൾഫ് പൗരന്മാർക്കും സൗദിയിൽ കഴിയുന്ന വിദേശികൾക്കും ഇത് ബാധകമായിരിക്കും. ചില പ്രത്യേക ദിവസങ്ങളിൽ മാത്രമേ ആഭ്യന്തര തീർത്ഥാടകർക്ക് ഉംറക്ക് പോകാനാകൂ. 
ഉംറ യാത്ര ബുക്ക് ചെയ്യുന്നതിനും പ്ലാൻ ചെയ്യുന്നതിനും ലോകത്തെങ്ങുമുള്ള മുസ്‌ലിംകളെ സഹായിക്കുന്ന ബഹുമുഖ ലക്ഷ്യത്തോടെയുള്ള പോർട്ടൽ സ്ഥാപിക്കുന്നതിന് സ്വകാര്യ കമ്പനിയുമായി ഹജ്, ഉംറ മന്ത്രാലയം ധാരണാപത്രം ഒപ്പുവെച്ചു. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറുമായ ഖാലിദ് അൽഫൈസൽ രാജകുമാരൻ ഉദ്ഘാടനം ചെയ്ത ഉംറ ഫോറത്തിനിടെയാണ് ഹജ്, ഉംറ മന്ത്രാലയവും സ്വകാര്യ കമ്പനിയും പുതിയ പോർട്ടൽ വികസിപ്പിക്കുന്നതിനുള്ള ധാരണാ പത്രം ഒപ്പുവെച്ചത്. 
ലോകത്തിന്റെ നാനാഭാഗത്തുമുള്ള 3,700 ഓളം വിദേശ ട്രാവൽ ഏജൻസികളും എഴുനൂറോളം വരുന്ന ഉംറ ഓപ്പറേറ്റർമാരും അടക്കമുള്ള മുഴുവൻ ഉപയോക്താക്കൾക്കും നേരിട്ട് ഉപയോഗിക്കുന്നതിനുള്ള ഇന്റർഫേസ് ആയി പോർട്ടൽ പ്രവർത്തിക്കും. കൂടുതൽ വിപണികളിലേക്ക് എത്തിച്ചേരുന്നതിനും ഉംറ സർവീസ് മേഖലയിലെ വിദേശ ഏജൻസികളുടെയും പുണ്യഭൂമിയിൽ എത്തുന്ന ഉംറ തീർഥാടകരുടെയും എണ്ണം വർധിപ്പിക്കുന്നതിനും പുതിയ പോർട്ടൽ സഹായിക്കും. 

Latest News