പ്രളയബാധിത മേഖലയിലെ ജനങ്ങളുടെ ഭാവി എന്താകുമെന്ന ആശങ്ക നാൾക്കുനാൾ വർധിച്ചു വരികയാണ്. വെള്ളപ്പൊക്കമുണ്ടായ മേഖലകളിലെ വീടുകളിലെ ജനങ്ങൾ സാവധാനത്തിൽ ജീവിതത്തിലേക്ക് തിരിച്ചെത്തും. എന്നാൽ ഉരുൾപൊട്ടലുണ്ടായി ഗ്രാമങ്ങൾ തന്നെ പാടെ അപ്രത്യക്ഷമായ മലബാർ മേഖലയിലെ പ്രദേശങ്ങളിലുള്ളവർക്ക് മുന്നോട്ടുള്ള ജീവിതം ഇരുളടഞ്ഞതാണ്. മലഞ്ചെരിവുകളിൽ സ്ഥലങ്ങളുള്ളവരാകട്ടെ അവ ഇനി ഉപയോഗിക്കാനാകുമോ എന്ന ആശങ്കയിലുമാണ്.
ഇത്തവണയുണ്ടായ പ്രളയത്തിന്റെ കെടുതികളും മനുഷ്യ നിർമിതമാണെന്ന് വ്യക്തമാണ്. പ്രകൃതിയുടെ സന്തുലനത്തെ പാടെ അവണിച്ച് നടത്തിയ ചൂഷണമാണ് ഇത്തരമൊരു ദുരന്തത്തെ ക്ഷണിച്ചു വരുത്തിയതെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. പ്രകൃതി വിഭവങ്ങളുടെ ഖനനത്തിലും കെട്ടിടങ്ങളുടെ നിർമാണത്തിലും സർക്കാർ നിയമങ്ങൾ പാടെ അവഗണിക്കപ്പെട്ടതായി കാണാം. സാമ്പത്തികമായ നേട്ടത്തിനായി വ്യക്തികളുടെ സ്ഥാപനങ്ങളും പ്രകൃതിയെ ചൂഷണം ചെയ്തപ്പോൾ നിയമ ലംഘനം കണ്ടില്ലെന്ന് നടിച്ചവരാണ് ഉദ്യോഗസ്ഥരും മറ്റു സർക്കാർ സംവിധാനങ്ങളും. പ്രകൃതിയുടെ പാഠങ്ങൾ ഉൾക്കൊള്ളാതെ ആർത്തി പൂണ്ട് നടത്തിയ ചൂഷണം വിവിധ പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവിക്കാനുള്ള അവകാശം തന്നെ ഇല്ലാതാക്കുന്ന നിലയിലേക്കെത്തിച്ചിരിക്കുന്നു.
പ്രളയാനന്തര കേരളത്തിൽ നിർമാണ മേഖലയിൽ നടപ്പാക്കേണ്ട നിയന്ത്രണങ്ങളെ കുറിച്ച് സർക്കാർ തലത്തിൽ പഠനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഓരോ പ്രദേശത്തെയും സവിശേഷ സാഹചര്യങ്ങളെ കുറിച്ച് പഠിച്ചുള്ള നിയന്ത്രണങ്ങളാണ് നടപ്പിൽ വരാനിരിക്കുന്നത്. മലയോര മേഖലകളിലും പുഴയോരങ്ങളിലും കടൽ തീരങ്ങളിലും നിയന്ത്രണം കൊണ്ടുവരേണ്ടതിന്റെ അനിവാര്യത വർധിച്ചു വരികയാണ്. ഉരുൾപൊട്ടൽ അനുഭവങ്ങളും സാധ്യതകളുമുള്ള മലയോരങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾക്കുള്ള നിയന്ത്രണം സംബന്ധിച്ച കരട് റിപ്പോർട്ട് ഇതിനകം തന്നെ മലബാർ മേഖലയിൽ തയാറാക്കിക്കഴിഞ്ഞു.
പുത്തുമല ഗ്രാമത്തിൽ വലിയ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട് ജില്ലയിൽ ഏതെല്ലാം തരത്തിലുള്ള നിയന്ത്രണം വേണമെന്നത് സംബന്ധിച്ച ആദ്യ റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. ജില്ലയിലെ 102 ചതുരശ്ര കിലോമീറ്റർ മലയോരങ്ങളിൽ കടുത്ത നിയന്ത്രണമാണ് വരാനിരിക്കുന്നത്. പുത്തുമല, അമ്പുകുത്തി മല, വടുവൻചാൽ, ചൂരൽമല, എളമ്പിലേരി കുന്ന്, വൈത്തിരി, ലക്കിടി, സുഗന്ധഗിരി, പോഴുത്താന, ബാണാസുര മല, തൊണ്ടേർമുടി, ബ്രഹ്മഗിരിമല, മുട്ടിൽമല, കുറുമ്പലക്കോട്ട, ഗുഡലായികുന്ന് എന്നീ പ്രദേശങ്ങൾ നിയന്ത്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നു. ഈ പ്രദേശങ്ങളെ റെഡ് സോണിൽ ഉൾപ്പെടുത്തിയുള്ള പാരിസ്ഥിതിക ഭൂപടം തയാറാക്കി വരികയാണ്. ഉരുൾപൊട്ടൽ സാധ്യത കൂടുതലുള്ള ഈ പ്രദേശങ്ങളിൽ 200 ചതുരശ്ര മീറ്ററിനുള്ളിൽ വിസ്തീർണമുള്ള വീട് നിർമാണത്തിന് അനുമതി ലഭിക്കും. എന്നാൽ വാണിജ്യാവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ എന്നിവക്ക് ഇനി മുതൽ അനുമതിയുണ്ടാകില്ല.
വയനാട് ജില്ലക്ക് പിന്നാലെ മലപ്പുറം ജില്ലയിലും ഇത്തരത്തിലുള്ള നിയന്ത്രണങ്ങളെ കുറിച്ചുള്ള പഠനങ്ങൾ നടന്നു വരികയാണ്. പ്രാദേശികമായ പാരിസ്ഥിതിക വെല്ലുവിളികളെ കണക്കിലെടുത്തായിരിക്കും മലപ്പുറത്തും ജില്ലാ ഭരണകൂടത്തിന്റെ തീരുമാനങ്ങൾ ഉണ്ടാകുക. ഉരുൾപൊട്ടലിൽ നിരവധി പേരുടെ മരണമുണ്ടായ നിലമ്പൂർ മേഖലയിലെ കവളപ്പാറ, നിരവധി വീടുകൾ ഒലിച്ചുപോയ ഭൂദാനം തുടങ്ങിയ സ്ഥലങ്ങളിലും ചെറിയ രീതിയിലുള്ള ഉരുൾപൊട്ടലുകളുണ്ടായ ജില്ലയിലെ മറ്റു സ്ഥലങ്ങളിലും നിർമാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം വന്നേക്കും.
പുഴയോരങ്ങളിലും കടൽ തീരങ്ങളിലും വാസയോഗ്യമല്ലാത്ത സ്ഥലങ്ങളായി പല പ്രദേശങ്ങളും ഇതിനകം മാറിയിട്ടുണ്ട്. രണ്ടു വർഷങ്ങളിൽ തുടർച്ചയായി പുഴ കരകവിഞ്ഞൊഴുകി വീടുകൾ വെള്ളിത്തിലായ പ്രദേശങ്ങളിലും കടൽ ക്ഷോഭം മൂലം മണ്ണിടിച്ചിലുണ്ടാകുന്ന കടലോര മേഖലകളിലും ഇനി നിയന്ത്രണം ആവശ്യമായി വന്നേക്കാം.
പാരിസ്ഥിതിക സന്തുലനം നിലനിർത്തുന്നതിനും ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനുമായി സർക്കാർ കൊണ്ടുവരാനിരിക്കുന്ന നിയമങ്ങളെ അനുസരിക്കുക മാത്രമാണ് ഈ ഘട്ടത്തിൽ ജനങ്ങൾക്ക് ചെയ്യാനുള്ളത്. പ്രകൃതി ചൂഷണത്തിന്റെ ഫലമായുണ്ടായ വിപത്താണിതെന്ന് തിരിച്ചറിയേണ്ടത് അനിവാര്യമാണ്. പ്രളയ ദുരിതങ്ങൾക്ക് കാരണക്കാർ മറ്റാരെങ്കിലുമാകാം. എന്നാൽ അതിന്റെ കെടുതികൾ അനുഭവിക്കുന്നത് സാധാരണക്കാരായ ജനങ്ങളാണ്. ക്വാറികളുടെ പ്രവർത്തനങ്ങളിലും കെട്ടിട നിർമാണത്തിലും സർക്കാർ കൊണ്ടുവരുന്ന നിയന്ത്രണങ്ങൾ സമൂഹത്തിൽ പ്രതികൂലമായ പല സാഹചര്യങ്ങളും സൃഷ്ടിക്കും. വയനാട് ജില്ലയിലെ നിയന്ത്രണങ്ങൾ ടൂറിസം മേഖലയെ ബാധിക്കും. കെട്ടിട നിർമാണം കുറയുന്നതോടെ തൊഴിലുകൾ ഇല്ലാതാകും. നിയന്ത്രണമുള്ള മേഖലകളിലെ സ്വകാര്യ ഭൂമികൾ ഉപയോഗിക്കാനാതെ കിടക്കും. ഇതുണ്ടാക്കുന്ന സാമ്പത്തിക നഷ്ടങ്ങൾ ഏറെയാണ്. എന്നാൽ ദുരന്തങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കാൻ ഈ നിയന്ത്രണങ്ങൾ പാലിക്കപ്പെടേണ്ടത് അനിവാര്യമാണ്. നിയമങ്ങൾ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട ബാധ്യത സർക്കാരിനുമുണ്ട്. രാഷ്ട്രീയ സ്വാധീനത്തിന്റെയും സാമ്പത്തിക പ്രലോഭനങ്ങളുടെയും ഫലമായി നിയമങ്ങളിൽ ചിലർക്കു വേണ്ടി മാത്രം വെള്ളം ചേർക്കുന്ന അവസ്ഥ വന്നാൽ ദുരന്തത്തെ വീണ്ടും വിളിച്ചു വരുത്തുന്നതിന് തുല്യമായിരിക്കും.
നിർമാണ പ്രവർത്തനങ്ങൾ നടപ്പാക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തമ്മിൽ മികച്ച ധാരണ അനിവാര്യമാണ്. നിയമാനുസൃതമല്ലാത്ത നിർമാണത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ സർക്കാരോ തയാറാകില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ജനങ്ങൾക്ക് വേണ്ടി ഉണ്ടാക്കുന്ന നിയമം എല്ലാ സ്ഥലങ്ങളിലും ഒരേ രീതിയിൽ പ്രയോഗിക്കപ്പെടണം. നിയമങ്ങൾക്കതീതമായി തദ്ദേശ സ്ഥാപനങ്ങളോ അവരുടെ അധികാരത്തെ മറികടന്ന് സർക്കാരോ തീരുമാനങ്ങളെടുക്കുന്നത് പലപ്പോഴും പരിസ്ഥിതി ചൂഷകർക്ക് സഹായകമാകാറുണ്ട്. നിയമത്തിന്റെ പഴുതുകളെ മറികടക്കാനുള്ള ഇത്തരം സാഹചര്യങ്ങൾ ഇല്ലാതാകണം. താൽക്കാലിക നേട്ടങ്ങൾക്കായി ചട്ടങ്ങളെ വെല്ലുവിളിച്ചാൽ വരാനിരിക്കുന്ന ദുരന്തം കൂടുതൽ ശക്തിയുള്ളതാകും.






