Sorry, you need to enable JavaScript to visit this website.

കത്തിയമരുന്ന  ആമസോൺ കാടുകൾ

അഞ്ചര കോടി വർഷങ്ങളായി നിലനിൽക്കുന്ന മഴക്കാടുകൾ കത്തിയമരുകയാണ്. ഭൂമിയിലെ ഏറ്റവും ജൈവ സമ്പന്നമായ  കലവറയെ കാട്ടുതീ വിഴുങ്ങുന്നത് നിസ്സഹായതോടെയാണ് ലോകം നോക്കിക്കാണുന്നത്. ഓരോ മണിക്കൂറിലും ഹെക്ടർ കണക്കിന് വനമാണ് കത്തിനശിക്കുന്നത്. 
ഭൂമിക്ക് ആവശ്യമായ ജീവവായുവിന്റെ 17 ശതമാനത്തിലധികമാണ് ആമസോൺ മഴക്കാടുകൾ പുറത്തു വിടുന്നത്. ഒമ്പത് ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന വനാന്തരങ്ങൾ  നാൽപതിനായിരം കോടി മരങ്ങളുടെയും അത്ര തന്നെ ജൈവ വൈവിധ്യങ്ങളുടെയും ഉറവിടമാണ്. 
കഴിഞ്ഞ വർഷത്തേക്കാൾ 80 ശതമാനത്തിലധികം ഇടങ്ങളിലേക്കാണ് തീ വ്യാപിച്ചിരിക്കുന്നത്. ബ്രസീലിലെ സാവോ പോളോ അടക്കമുള്ള നഗരങ്ങൾ പുകയിൽ മൂടി നിൽക്കുന്ന ചിത്രങ്ങൾ ലോകം ഞെട്ടലോടെയാണ് കണ്ടത്. 
99 ശതമാനം കാട്ടുതീകളും മനുഷ്യ നിർമിതമാണെന്നാണ് ബ്രസീൽ ബഹിരാകാശ കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ആൽബർട്ടോ സെറ്റ്‌സർ പറയുന്നത്. കർഷകരും മരംവെട്ടു മാഫിയയും കാടു വെട്ടിതെളിക്കാൻ മനഃപൂർവം തീയിടുകയും അത് പിന്നീട് വമ്പൻ കാട്ടുതീയായി വ്യാപിക്കുകയുമാണെന്ന് സെറ്റ്‌സർ പറയുന്നു. 
ലോകവ്യാപകമായി വൻ പ്രതിഷേധമാണ് ആമസോണിനായി ഉയരുന്നത്. നമ്മുടെ വീട് കത്തുകയാണെന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ പ്രതികരിച്ചത്. ലോകത്തിനാവശ്യമായ 20 ശതമാനത്തിലധികം ഓക്‌സിജൻ ഉൽപാദിപ്പിക്കുന്ന ഭൂമിയുടെ ശ്വാസകോശത്തിന് തീപ്പിടിച്ചിരിക്കുകയാണെന്ന് മക്രോൺ ട്വീറ്റ് ചെയ്തു. 
എന്നാൽ സർക്കാരിതര സംഘടനകളാണ് കാട്ടുതീക്ക് പിന്നിലെന്ന് ബ്രസീൽ പ്രസിഡന്റ് ജെർ ബൊൽസനാരോ കുറ്റപ്പെടുത്തി. ബ്രസീലിന്റെ ആഭ്യന്തര കാര്യങ്ങളിൽ മറ്റ് രാജ്യങ്ങൾ ഇടപെടേണ്ടെന്നും ബൊൽസനാരോ വ്യക്തമാക്കി.
എന്നാൽ അന്താരാഷ്ട്ര സമ്മർദത്തെ തുടർന്ന് ആമസോണിലെ തീയണക്കാൻ ബൊൽസനാരോ സൈന്യത്തെ നിയോഗിച്ചു. ബൊളീവിയൻ പ്രസിഡന്റ് മൊറൽസിന്റെ ആവശ്യ പ്രകാരം എത്തിയ എയർ ടാങ്കറുകൾ ആമസോണിന് മുകളിൽ മഴ പെയ്യിച്ചു. 
കഴിഞ്ഞ ദിവസം ഹോളിവുഡ് നടൻ ലിയനാർഡോ  ഡികാപ്രിയോയുടെ നേതൃത്വത്തിലുള്ള പരിസ്ഥിതി സംഘടന ആമസോണിന്റെ രക്ഷാപ്രവർത്തനത്തിനായി 35 കോടി രൂപയുടെ ധനസഹായമാണ് പ്രഖ്യാപിച്ചത്.  
നാശത്തിന്റെ വക്കിലെത്തി നിൽക്കുന്ന ആമസോൺ മഴക്കാടുകൾ സംരക്ഷിക്കപ്പെടണം. മനുഷ്യ സാധ്യമായതെല്ലാം ഭൂമിയുടെ ശ്വാസകോശത്തെ രക്ഷിക്കാനായി ചെയ്യണം. ആമസോൺ വനാന്തരങ്ങളിൽ നിന്നും ശുഭവാർത്തക്കായി നമുക്ക് കാത്തിരിക്കാം.

Latest News