Sorry, you need to enable JavaScript to visit this website.

തരിഗാമിയെ കാണാൻ യെച്ചൂരിക്ക് അവകാശമുണ്ട്; തടയരുതെന്ന് സുപ്രീം കോടതി, കേന്ദ്രത്തിന് തിരിച്ചടി

ന്യൂദൽഹി- കശ്മീരിലെ സി.പി.എം എം.എൽ.എ യൂസഫ് തരിഗാമിയെ കാണുന്നതിൽനിന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ തടയരുതെന്ന് സുപ്രീം കോടതി. യെച്ചൂരിക്ക് കശ്മീരിൽ പോയി യൂസുഫ് തരിഗാമിയെ കാണാൻ അവകാശമുണ്ടെന്നും ഇന്ത്യയുടെ ഏതെങ്കിലും ഭാഗത്ത് പോകാൻ ഒരു പൗരൻ ആഗ്രഹിച്ചാൽ അയാൾക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. യെച്ചൂരി എന്തെങ്കിലും ക്രമസമാധാനപ്രശ്‌നമുണ്ടാക്കിയാൽ മാത്രം അദ്ദേഹത്തെ തിരിച്ചയച്ചാൽ മതിയെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വ്യക്തമാക്കി. യൂസുഫ് തരിഗാമിയെ കാണുന്നതിന് യെച്ചൂരിക്ക് വിലക്കില്ല. ഈ രാജ്യത്തെ ഒരു പൗരന് അയാളുടെ കൂട്ടുകാരനെ കാണാൻ അവകാശമുണ്ട്. ഇത് ആർക്കാണ് തടയാനാകുക എന്നും ചീഫ് ജസ്റ്റീസ് ചോദിച്ചു. യെച്ചൂരിയുടെ സന്ദർശനം രാഷ്ട്രീയ സന്ദർശനമാണെന്നും അനുവദിക്കരുതെന്നും കേന്ദ്രം വാദിച്ചു. യെച്ചൂരി സന്ദർശനം നടത്തുന്നത് കശ്മീരിലെ നിലവിലുള്ള സ്ഥിതി അട്ടിറിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്രം എതിർവാദം നടത്തി. തരിഗാമിയെ ദിവസവും പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹത്തിന് സെഡ് കാറ്റഗറി നൽകിയിട്ടുണ്ടെന്നും കേന്ദ്രത്തിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. എന്നാൽ അദ്ദേഹം ഒരു ഇന്ത്യൻ പൗരനാണെങ്കിൽ രാജ്യത്ത് എവിടെ ചെന്നും കാണാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. നേരത്തെ രണ്ടു തവണ യെച്ചൂരി കശ്മീരിലെത്തി തരിഗാമിയെ കാണാൻ ശ്രമിച്ചെങ്കിലും അനുവദിച്ചിരുന്നില്ല. 
ഇതോടൊപ്പം ജാമിയ മിലിയ വിദ്യാർത്ഥി മുഹമ്മദ് അലീം സയീദിന് അനന്ത്‌നാഗിൽ പോയി കുടുംബത്തെ കാണാനും സുപ്രീം കോടതി അനുമതി നൽകി. കുടുംബത്തെക്കുറിച്ചു വിവരമില്ലെന്നു കാട്ടി മുഹമ്മദ് അലീം നൽകിയ ഹരജിയിലാണ് തീരുമാനം.
കശ്മീരിന്റെ പ്രത്യേകാവകാശം എടുത്തു കളഞ്ഞ നടപടിയുടെ ഭരണഘടനാ സാധുത സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് പരിശോധിക്കും. ഒക്ടോബറിൽ ഇതിനായി അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിക്കാനും തീരുമാനിച്ചു. കശ്മീരിലെ മാധ്യമ നിയന്ത്രണത്തിൽ കേന്ദ്ര സർക്കാരിന് സുപ്രീംകോടതി നോട്ടീസ്. ഈ സമയത്ത് നോട്ടീസ് അയക്കരുതെന്ന കേന്ദ്ര സർക്കാർ വാദം സുപ്രീംകോടതി തള്ളി.
 

Latest News