ഗാസ സിറ്റി- ഗാസ മുനമ്പിലെ രണ്ട് പോലീസ് ചെക്ക്പോസ്റ്റുകളിലുണ്ടായ സ്ഫോടനത്തില്‍ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും നിരവധി ഫലസ്തീനികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്‌ഫോടനങ്ങള്‍ക്ക് ശേഷം ഗാസയിലുടനീളം ആഭ്യന്തര മന്ത്രാലയം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
സ്ഫോടനത്തിന് പിന്നിലുള്ളവരെ കണ്ടെത്താനുള്ള സുരക്ഷാ സേനയുടെ അന്വേഷണത്തില്‍ പുരോഗതിയുണ്ടെന്ന് പറഞ്ഞുവെങ്കിലും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആഭ്യന്തര മന്ത്രാലയ വക്താവ് ഇയാദ് അല്‍ ബോസോം തയാറായില്ല.
ഈ പാപം ചെയ്തവര്‍ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഗാസ നഗരത്തില്‍ നടന്ന സംഭവങ്ങളില്‍ ഇസ്രായിലിനു പങ്കില്ലെന്ന് സൈനിക വക്താവ് വ്യക്തമാക്കി. ഹമാസുമായി അതിര്‍ത്തി കടന്നുള്ള ഇസ്രായില്‍ അതിക്രമങ്ങള്‍ വര്‍ധിച്ചതിനു പിന്നാലെയാണ് പുതിയ സംഭവം.
ആദ്യത്തെ സ്ഫോടനത്തില്‍ പോലീസ് ചെക്ക് പോയിന്റിനു സമീപത്തു കൂടി പോയ മോട്ടോര്‍ സൈക്കിളാണ് തകര്‍ന്നത്. ഇതില്‍ രണ്ട് പേരുണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. രണ്ട് പോലീസുകാര്‍ കൊല്ലപ്പെടുകയും ഒരു ഫലസ്തീനിക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ ബൈക്കില്‍ പോയവരാണോ കൊല്ലപ്പെട്ടതെന്ന് വ്യക്തമല്ല.
ഒരു മണിക്കൂര്‍ പൂര്‍ത്തിയാകുന്നതിനു മുമ്പായിരുന്നു നഗരത്തിലെ രണ്ടാമത്തെ ചെക്ക് പോയിന്റില്‍ സ്‌ഫോടനം. ഇവിടെ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗാസ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സുരക്ഷാ സേനയോട് അതീവ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശിച്ച ആഭ്യന്തര മന്ത്രാലയം ഗാസയിലുടനീളം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ഫലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസിന്റെ സേനയുമായുള്ള ഭിന്നതക്കും ആഭ്യന്തര യുദ്ധത്തിനുംശേഷം 2007 മുതല്‍ ഗാസ ഏറ്റെടുത്ത ഹമാസ് അല്‍ ഖാഇദയുമായും ഐ.എസുമായും ബന്ധമുളള തീവ്രാവദികളുടെ എതിര്‍പ്പ് പലപ്പോഴും നേരിട്ടിട്ടുണ്ട്.