ഗുണ്ടയായ കാമുകനും എയർ ഹോസ്റ്റസായ കാമുകിയും വർഷങ്ങളായി പ്രണയത്തിലായിരുന്നു
ജയ്‌പൂർ- ജയിലിൽ നിന്നെത്തി കാമുകിയുടെ കഴുത്തിൽ മിന്നു കെട്ടി. തുടർന്ന് ഇരുവരും കുറച്ച് സമയം ചിലവഴിച്ച ശേഷം ഗുണ്ടയായ വരൻ വീണ്ടും ജയിലിലേക്ക്. രാജസ്ഥാനത്തിലാണ് പ്രണയത്തിന്റെ മാസ്മരികതയിൽ ഇഴഞ്ഞു ചേർന്ന അപൂർവ്വ വിവാഹം അരങ്ങേറിയത്. കാമുകിയായ എയർ ഹോസ്‌റ്റസും കാമുകനായ കുപ്രസിദ്ധ ഗുണ്ടയും തമ്മിലുള്ള വിവാഹമാണ് ഇരുവരുടെയും സമ്മതപ്രകാരം അമ്പലത്തിൽ വെച്ച് കനത്ത പോലീസ് സുരക്ഷയിൽ നടന്നത്. ഏറെക്കാലമായി വിക്രംജിത് സിങ്ങും എയർ ഹോസ്റ്റസായ ഗുർജീത് കൗറും തമ്മിൽ പ്രണയത്തിലായിരുന്നു. ഏതു പ്രതിസന്ധിയുണ്ടായാലും ഇരുവരും വിവാഹം കഴിക്കാൻ ഏറെ ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് ഗുണ്ടാ പുള്ളിയായി ജയിലിൽ കഴിയുന്ന വിക്രം സിങ് പരോളിൽ ഇറങ്ങി പ്രണയിനിയുടെ കഴുത്തിൽ മിന്നു കെട്ടി മടങ്ങിയത്.
രാജസ്ഥാനിലെ ജോധ്‌പൂർ സെൻട്രൽ ജയിലിലാണ് വിക്രം സിങ് കഴിഞ്ഞിരുന്നത്. തുടർന്ന് തന്റെ ആഗ്രഹം സഫലമാക്കാൻ ജോധ്‌പൂർ കോടതി അനുവാദം നൽകുകയായിരുന്നു. ഇതേ തുടർന്നു ലഭിച്ച ഏതാനും മണിക്കൂറുകൾ മാത്രമുള്ള പരോളിൽ ജോധ്‌പൂരിലെ ആര്യ സമാജം അമ്പലത്തിലെത്തിയ ഇരുവരും ഔദ്യോഗികമായി വിവാഹ ബന്ധത്തിലേർപ്പെടുകയായിരുന്നു. യുവാവിനെ സുരക്ഷക്കായി നിരവധി പോലീസുകാരെയാണ് ഇവിടെ വിന്യസിച്ചിരുന്നത്. വിവാഹ ശേഷം ഏതാനും സമയം വധുവുമായി ഇവിടെ ചിലവഴിച്ച ശേഷം വിക്രംജിത്ത് സെൻട്രൽ ജയിലിലേക്ക് തന്നെ മടങ്ങി. ഷാർപ്പ് ഷൂട്ടറായ വിക്രംജിത് കുപ്രസിദ്ധ ഗുണ്ടാ സംഘത്തിലെ അംഗമായിരുന്നു. ഇതിനിടെ ഇറ്റലിയിലേക്ക് കടന്ന ഇദ്ദേഹം ഇന്ത്യയിലെത്തി വീണ്ടും ഇറ്റലിയിലേക്ക് പോകുന്നതിനിടെ ലുക്ക്ഔട്ട് നോട്ടീസ് പ്രകാരം ദൽഹി വിമാനത്താവളത്തിൽ വെച്ച് പോലീസ് പിടികൂടിയുകയായിരുന്നു.






