Sorry, you need to enable JavaScript to visit this website.

ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിക്ക് നാട്ടുകാരുടെ ശിക്ഷ; മൊട്ടയടിച്ച് നടത്തിച്ചു

ഗയ-ബിഹാറില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ നാട്ടുകര്‍ തല മൊട്ടയടിച്ച് ഗ്രാമത്തിലൂടെ നടത്തിച്ചു. പഞ്ചായത്ത് അംഗങ്ങള്‍ അടക്കമുള്ളവര്‍ ചേര്‍ന്നാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ശിക്ഷിച്ചത്.  
ആറുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത പെണ്‍കുട്ടിയെ  പഞ്ചായത്ത് കെട്ടിടത്തിന് സമീപം അവശ നിലയിലാണ് കണ്ടെത്തിയിരുന്നത്.
വാഹനത്തിലെത്തിയ സംഘം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. പിന്നീട് പ്രദേശത്തെ പഞ്ചായത്ത് കെട്ടിടത്തിന് മുകളില്‍വച്ച് കൂട്ടബലാത്സംഗം ചെയ്തു. അബോധാവസ്ഥയില്‍ പെണ്‍കുട്ടിയെ കണ്ട ഗ്രാമവാസിയാണ് ബന്ധുക്കളെ വിവരമറിയിച്ചത്. ബന്ധുക്കളെത്തി പെണ്‍കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയി. വിവരമറിഞ്ഞ് എത്തിയ പഞ്ചായത്ത് അംഗങ്ങള്‍ അടക്കമുള്ളവര്‍ പെണ്‍കുട്ടിക്ക് ശിക്ഷ നല്‍കാനാണ് തീരുമാനമെടുത്തത്. പ്രതികളുടെ ബന്ധുക്കളുടെ സ്വാധീനത്തിന് വഴങ്ങിയാണിതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.  
പെണ്‍കുട്ടിയും അമ്മയും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെക്കണ്ട് പരാതിപ്പെട്ടതോടെയാണ് സംഭവത്തില്‍ കേസെടുക്കാന്‍ പോലീസ് തയ്യാറായത്. ആറുപേരെ കസ്റ്റഡിയിലെടുത്തതായി പോലീസ് പറഞ്ഞു.
പെണ്‍കുട്ടിക്ക് ശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ച അഞ്ച് പഞ്ചായത്ത് അംഗങ്ങള്‍ക്കെതിരെ പോക്‌സോ വകുപ്പുകള്‍ ചുമത്തി കേസെടുത്തു.  പെണ്‍കുട്ടിയെ പീഡിപ്പിച്ച ആറംഗ സംഘത്തിലെ ഒരാളും പിടിയിലായിട്ടുണ്ട്. സ്വമേധയാ കേസെടുത്ത ബിഹാര്‍ വനിതാ കമ്മീഷന്‍ ഗയ പോലീസ് സൂപ്രണ്ടിന് നോട്ടീസയച്ചിട്ടുണ്ട്. എല്ലാ പഞ്ചായത്ത് അംഗങ്ങളും സെപ്റ്റംബര്‍ രണ്ടിനകം ഹാജരാകാനും വനിതാ കമ്മീഷന്‍ നിര്‍ദേശം നല്‍കി.

 

Latest News