Sorry, you need to enable JavaScript to visit this website.

മഞ്ഞണിഞ്ഞ ജിബി, മനോഹര കാഴ്ച

ദൽഹിയിൽനിന്ന് കുറഞ്ഞ ചെലവിൽ പോയിവരാവുന്ന ചില സ്ഥലങ്ങൾ

ദൽഹി വരെ പോയിട്ട് നഗരം കണ്ടു വന്നാൽ മാത്രം തൃപ്തമാകുമോ മനസ്സ്. സഞ്ചാരം ഒരു വികാരമായി കൊണ്ടുനടക്കുന്നവർക്കായി പറയാം. ദൽഹിയിൽനിന്നു കുറഞ്ഞ ചെലവിൽ എത്തിപ്പെടാൻ കഴിയുന്ന ചില മനോഹര സ്ഥലങ്ങളുണ്ട്.
ബഞ്ചാർ വാലി വഴി, ജലോരി പാസിലെ സിരോത്സർ തടാകം. പിന്നെ, ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്ക് പരിധിയിൽ പെടുന്ന ശാംഹെഡ് ഗ്രാമം. തിർത്താൻ വാലി.
സിരോത്സറിലേക്കുള്ള വഴിയിൽ താഴ്‌വരയിലുള്ള ജിബി ഗ്രാമവും ഒന്നോ രണ്ടോ വീടുകൾ മാത്രമുള്ള മലമുകളിലെ ഭുവ താൻവി എന്ന സ്ഥലവും. മലഞ്ചെരിവിലെ സോജാ ഗ്രാമവുമൊക്കെ കണ്ട് ഒരു കിടിലൻ യാത്ര... ഈ ഭാഗത്തെ എല്ലാ സ്ഥലങ്ങളും കൂടി കാണാൻ ദൽഹിയിൽനിന്നു 1000 രൂപയിൽ താഴെ വണ്ടിക്കൂലിയും.
അസാധ്യമായി ഒന്നുമില്ല, നമ്മൾ അങ്ങ് ഇറങ്ങുക എന്നതാണ് പ്രധാനം... മനസ്സു വെച്ചാൽ, എല്ലാവർക്കും സിമ്പിൾ ആയി ഇത്തരം യാത്രകൾ പോകാൻ കഴിയും. 
 മഞ്ഞു കാണാൻ ആഗ്രഹിക്കുന്നവർക്ക്, അല്ലെങ്കിൽ വലിയ തിരക്കും ബഹളങ്ങളുമില്ലാത്ത സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാനിഷ്ടപ്പെടുന്നവർക്ക് പറ്റിയ സ്ഥലങ്ങളാണിവ. 
ദൽഹിയിൽനിന്നു മൂന്നോ നാലോ ദിവസങ്ങൾ കൊണ്ടു പോയിവരാൻ കഴിയുന്ന ചില സ്ഥലങ്ങൾ. ഹിമാചൽ പ്രദേശിന്റെ ഗ്രാമഭംഗി ആസ്വദിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഇതു വഴിയൊന്ന് യാത്ര ചെയ്യാം.
എല്ലാവർക്കും വലിയ ആഗ്രഹമായിരിക്കും മഞ്ഞു മൂടിക്കിടക്കുന്നത് കാണാനും അതിലൂടെ നടക്കാനും. എനിക്കും അതേ പോലെയായിരുന്നു. നേരെ മണാലിയിൽ പോയാൽ ഇഷ്ടം പോലെ മഞ്ഞു കാണാൻ കഴിയുമെങ്കിലും ടൂറിസ്റ്റുകളുടെ തിരക്കും ബഹളവും ഇല്ലാത്ത ഒരു സ്ഥലമാണ്, ജീവിതത്തിൽ ആദ്യമായി മഞ്ഞു കാണാനായി ഞാൻ തെരഞ്ഞത്..
അങ്ങനെ, നമ്മുടെ മനസ്സിന് ചേർന്ന സ്ഥലങ്ങളെ കുറിച്ചുള്ള അന്വേഷണങ്ങൾക്കിടയിൽ രഞ്ജിത് സിംഗ് എന്ന സുഹൃത്ത് വഴിയാണ് സിരോത്സർ തടാകത്തെക്കുറിച്ചറിഞ്ഞത്.
ഹിമാചൽ പ്രദേശിലെ ബഞ്ചാർ, ജിബി ഗ്രാമങ്ങൾ കടന്ന് ജലോരി പാസിന്റെ ഉയരങ്ങളിൽ ഒരു കുഞ്ഞു ക്ഷേത്രവും മഞ്ഞു മൂടിക്കിടക്കുന്ന ഭൂമിക്ക് നടുവിൽ ഒരു തടാകവും. 
ഇതേ പോലെ, ആഗ്രഹം പേറിനടക്കുന്ന കൂട്ടുകാർ ഉണ്ടെങ്കിൽ അവർക്ക് ഈ പോസ്റ്റ് ഉപകാരമാവും എന്നു വിശ്വസിക്കുന്നു..
ദൽഹിയിൽ അല്ലെങ്കിൽ ചണ്ഡീഗഢിൽനിന്ന് മണാലിയിലേക്കുള്ള ലോക്കൽ ബസ് പിടിച്ചു ഔട്ട് എന്ന സ്ഥലത്തേക്ക് ടിക്കറ്റെടുക്കുക. ദൽഹിയിൽനിന്നു ഏകദേശം 12 മണിക്കൂർ യാത്ര. വോൾവോ പിടിച്ചാൽ അത്ര സമയം വരില്ല, പക്ഷേ ചെലവ് അൽപം കൂടും.
ദൽഹി 'ഐ.എസ്.ബി.ടി കശ്മീരി ഗേറ്റ്' ബസ് സ്റ്റാന്റിൽനിന്നു മണാലിക്ക് ബസ് കിട്ടും, നേരിട്ട് കിട്ടിയില്ലെങ്കിൽ ആദ്യം വരുന്ന ചണ്ഡീഗഢ് ബസിൽ കയറുക. അവിടുന്ന് എപ്പോഴും മണാലി ബസുണ്ട്. വൈകുന്നേരം ദൽഹിയിൽനിന്നു കയറുന്ന രീതിയിൽ പ്ലാൻ ചെയ്താൽ നേരം വെളുക്കുമ്പോൾ 'ഔട്ടിൽ' എത്താം..
മൂന്ന് കിലോമീറ്ററോളം നീളമുള്ള ഒരു ടണൽ ഉള്ള സ്ഥലമാണത്. നമുക്ക് ഇറങ്ങേണ്ടത് ആ ടണൽ തുടങ്ങുന്ന ഭാഗത്താണ്. ബസിൽ കയറിയാൽ കണ്ടക്ടറോട് അക്കാര്യം പ്രത്യേകം പറയുക. അല്ലെങ്കിൽ അവസാനിക്കുന്നിടത്തു കൊണ്ടു പോയി നിർത്തും. (അവിടെയാണ് പ്രധാന സ്റ്റോപ്)
ടണലിന്റെ മുന്നിൽ ഇറങ്ങി നേരെ പോകുന്ന റോഡിൽ നിൽക്കുക. 20 മിനിറ്റ് കൂടുമ്പോൾ ബഞ്ചാർ ഗ്രാമത്തിലേക്ക് ബസ് കിട്ടും. ഇരുപത് രൂപ ടിക്കറ്റ്. 
വരുന്ന മറ്റു വണ്ടികൾക്ക് കൈ കാണിച്ചാൽ കുറച്ച് കൂടി നേരത്തെ എത്താം. എനിക്ക് ഒരു പിക്കപ്പ് വാനിൽ ലിഫ്റ്റ് കിട്ടിയിരുന്നു. പച്ചപ്പ് നിറഞ്ഞ മാമലകളുടെ താഴ്‌വരയിലുള്ള സ്ഥലമാണ് ബഞ്ചാർ. അവിടുത്തെ ബസ് സ്റ്റാന്റിൽനിന്നു ജിബിയിലേക്കും ജലോരി പാസിലേക്കും തിർത്താൻ വാലിയിലേക്കുമെല്ലാം ബസ് കിട്ടും.
ഞാൻ ബഞ്ചാറിൽ എത്തുമ്പോൾ ജലോരി പാസിലേക്കുള്ള ബസ് പോയിരുന്നു. അതുകൊണ്ട് ആദ്യ ദിവസം ജിബി ഗ്രാമം കാണാൻ തീരുമാനിച്ച് ജിബിയിലേക്ക് ബസ് കയറി. -ടിക്കറ്റ് 10 രൂപ.
ടൂറിസ്റ്റുകളുടെ തിരക്കില്ലാത്ത ഒരു കുഞ്ഞു ഗ്രാമമാണ് ജിബി. അവിടുത്തെ ആളുകളോട് സംസാരിച്ചപ്പോൾ ഒരു വെള്ളച്ചാട്ടത്തെക്കുറിച്ചു അറിഞ്ഞു. അങ്ങനെ പോയി നോക്കിയപ്പോൾ വലിയ രസം തോന്നിയില്ല. മുകളിലേക്ക് നടന്നു കയറി കാഴ്ചകൾ കാണാൻ വഴിയുണ്ടോ എന്ന് നന്നായി അന്വേഷിച്ചപ്പോഴാണ് ഭുവാ ഗ്രാമത്തെ കുറിച്ചറിഞ്ഞത്. ജിബിയിൽനിന്നു മുകളിലേക്ക് ഒരു മണിക്കൂർ നടപ്പുണ്ട്.


ഇവിടേക്ക് പോകേണ്ട വഴി ഒരുപാട് തപ്പിയ ശേഷമാണ് കണ്ടുപിടിച്ചത്. അതിപ്പോൾ പറയുകയാണെങ്കിൽ, ജിബി വെള്ളച്ചാട്ടം എത്തുന്നതിന് 50 മീറ്റർ മുൻപായി റോഡിന് വലതു വശത്ത് മുകളിലേക്ക് ഒരു നടപ്പു വഴിയുണ്ട്. അടയാളം പറയാനാണെങ്കിൽ ഒരു വാട്ടർ പൈപ്പിന് സമീപമാണ് കോൺക്രീറ്റിട്ട ഈ വഴി.
അതിലെ നേരെ കയറിയാൽ കുത്തനെ പടവുകളാണ്. ദേവതാരു മരങ്ങൾക്കിടയിലൂടെ ഉയരങ്ങളിലേക്ക് കയറിപ്പോകുന്ന സ്‌റ്റെപ്പുകൾ. കയറും തോറും ജിബിയുടെ മനോഹര കാഴ്ചകൾ കാണാൻ തുടങ്ങും. 
ഏകദേശം മുകളിൽ എത്തുമ്പോഴേക്കും അപ്പുറത്തെ മലകളും ജലോരി പാസിലേക്കുള്ള റോഡിലുള്ള ഭുവാ ഗ്രാമവുമൊക്കെ ഒരേ നിരയിൽ കാണാം.
ഞാൻ പോയപ്പോൾ വഴിയിൽ വെച്ച് ഭുവാ ഗ്രാമത്തിലെ ഒരു അപ്പൂപ്പനെ കണ്ടു. അങ്ങനെ അദ്ദേഹത്തിന്റെ വീട്ടിൽ കയറി. മലയുടെ മുകളിലെ ചരിവിൽ മരം കൊണ്ടു നിർമിച്ച ഒരു കുഞ്ഞു വീട്. അവിടത്തെ കാഴ്ചകൾ വിവരണാതീതം. മനോഹരം.
മഞ്ഞു മൂടിക്കിടക്കുന്ന ജലോരി പാസിന്റെ ഉയരങ്ങളും അവിടെനിന്ന് അപ്പൂപ്പൻ എനിക്കു കാണിച്ചു തന്നു.
എന്തായാലും, ബഞ്ചാർ ഗ്രാമത്തിലുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് ചെല്ലാമെന്ന് പ്ലാൻ ചെയ്തിരുന്നതിനാൽ അന്ന് വൈകിട്ടോടെ മലയിറങ്ങി.. കുറച്ച് സമയം കൂടി ഉണ്ടായിരുന്നെങ്കിൽ ഭുവാ ഗ്രാമത്തിൽനിന്നു താൻത്വിയിലേക്ക് നടന്നേനേ..
ഈ സ്ഥലങ്ങൾ കണ്ട ശേഷം ഒന്നുകിൽ സുരക്ഷിതമായ സ്ഥലം കണ്ടെത്തി ക്യാമ്പ് ചെയ്യുകയോ താഴേക്ക് ഇറങ്ങി ജിബിയിൽ താമസിക്കുകയോ ചെയ്യാം. ഹോം സ്‌റ്റേ, ക്യാമ്പിംഗ് അടക്കം അനേകം താമസ സൗകര്യങ്ങൾ ഉള്ള സ്ഥലമാണ് ജിബി.

Latest News