ബെംഗളുരു- കര്‍ണാടകയില്‍ പുതിയ സര്‍ക്കാരുണ്ടാക്കി ബിജെപി മൂന്ന് ആഴ്ചയ്ക്കു ശേഷം മന്ത്രിസഭ രൂപീകരച്ചപ്പോള്‍ പുതിയ വിവാദം. മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയ മൂന്ന് മുഖ്യമന്ത്രിമാരില്‍ ഒരാളായ ലക്ഷ്മണ സവാദിയെ ചൊല്ലിയാണ് വിവാദം പുകയുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയോട് തോറ്റയാളാണ് സവാദി. കൂടാതെ 2012-ല്‍ കര്‍ണാടക നിയമസഭയിലിരുന്ന് സമ്മേളനം നടക്കുന്നതിനിടെ മന്ത്രിയായിരുന്ന സവാദി മൊബൈലില്‍ അശ്ലീല ലൈംഗിക വിഡിയോ കണ്ടത് വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. ഈ വിവാദത്തെ തുടര്‍ന്ന് മന്ത്രി സ്ഥാനം രാജിവെക്കേണ്ടിയും വന്നിരുന്നു. ഉന്മാദ പാര്‍ട്ടികളെ കുറിച്ചു പഠിക്കുന്നതിന്റെ ഭാഗമായാണ് ഈ അശ്ലീല ദൃശ്യങ്ങള്‍ കണ്ടതെന്നായിരുന്നു സവാദിയുടെ വിശദീകരണം.
തെരഞ്ഞെടുപ്പില്‍ തോല്‍ക്കുകയും നേരത്തെ വിവാദമുണ്ടാക്കുകയും ചെയ്ത സവാദിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ ആദ്യം ചോദ്യം ചെയ്തത് മുഖ്യമന്ത്രി യെഡിയൂരപ്പയുടെ അടുപ്പക്കാരനുമായ എംപി രേണുകാചാര്യ എംഎല്‍എ ആണ്. അദ്ദേഹത്തെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതില്‍ എന്തായിരുന്നു തിടുക്കമെന്ന് അദ്ദേഹം ചോദിച്ചു.
കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തെ പൊളിക്കാന്‍ സഹായിച്ചതിനുള്ള പ്രതിഫലമായാണ് സവാദിക്ക് ഉപമുഖ്യമന്ത്രി പദവി നല്‍കിയതെന്ന് വ്യക്തമാണ്. അയോഗ്യനാക്കപ്പെട്ട വിമത കോണ്‍ഗ്രസ് എംഎല്‍എ രമേശ് ജരകിഹോളിയുമായി സവാദിക്ക് അടുപ്പമുണ്ടായിരുന്നു. ആറോളം കോണ്‍ഗ്രസ് എംഎല്‍എമാരെ മറുകണ്ടം ചാടിച്ചതിലും സവാദിക്ക് പങ്കുണ്ടെന്ന് സൂചനയുണ്ട്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും സവാദി ബിജെപിയിലെ ശക്തനായ ലിങ്കായത്ത് നേതാവാണ്.






