ട്രംപിന്റെ ഇന്ത്യൻ വംശജനായ ബിസിനസ് പങ്കാളി വിമാന താവളത്തിൽ ലഗേജ് മോഷ്ടിച്ചതിന് പിടിയിൽ

വാഷിംഗ്ടൺ- അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുൻ ബിസിനസ് പങ്കാളിയും ഇന്ത്യൻ വംശജനുമായ ദിനേഷ് ചാവ്ലയെ അമേരിക്കയിലെ വിമാനതാവളത്തിൽ മോഷണക്കേസിൽ അറസ്റ്റ് ചെയ്തു.  വിമാനതാവളത്തിൽനിന്ന് ലഗേജ് മോഷ്ടിച്ചതിനാണ് ഇയാളെ പിടികൂടിയത്. മെംഫിസ് വിമാനതാവളത്തിൽനിന്ന് ലഗേജ് മോഷ്ടിച്ച് സ്വന്തം കാറിൽ കൊണ്ടുപോയി വെച്ച ശേഷം മറ്റൊരു വിമാനത്തിൽ യാത്ര തുടരാൻ എത്തിയപ്പോഴാണ് ഇയാളെ പിടികൂടിയത്. ഇദ്ദേഹത്തിന്റെ കാർ പരിശോധിച്ചപ്പോൾ വിമാനതാവളത്തിൽനിന്ന് ഒരു മാസം മുമ്പ് മോഷ്ടിച്ച മറ്റൊരു ലഗേജും കണ്ടെത്തിയതായി പോലീസ് അറിയിച്ചു. നാലായിരം ഡോളർ മൂല്യം കണക്കാക്കുന്ന രണ്ടു ലഗേജുകളാണ് കണ്ടെത്തിയത്. ഏറെക്കാലമായി താൻ ബാഗേജുകൾ മോഷ്ടിക്കാറുണ്ടെന്ന് ഇയാൾ സമ്മതിച്ചതായി പോലീസ് വ്യക്തമാക്കുന്നു. എന്നാൽ ഇവയുടെ പൂർണ വിവരങ്ങൾ ലഭ്യമായിട്ടില്ല. ബാഗേജ് മോഷ്ടിക്കുന്നത് തെറ്റാണെന്ന് അറിയാമെന്നും പക്ഷെ ഇത് തനിക്ക് ആത്മസംതൃപ്തിയും ഉത്തേജനവും നൽകുന്നുണ്ടെന്ന് ചാവ്‌ല പോലീസിനോട് പറഞ്ഞു. 
ചാവ്ലയും സഹോദരൻ സുരേഷ് ചാവ്ലയും ചേർന്ന് ഡോണൾഡ് ട്രംപിനൊപ്പം ഹോട്ടൽ വ്യവസായം നടത്തി വരികയായിരുന്നു. ഫെബ്രുവരിയിലാണ് ഇതിൽനിന്ന് ട്രംപ് പിൻമാറിയത്. എങ്കിലും ചാവ്ല സഹോദരങ്ങളെ ട്രംപ് ഗ്രൂപ്പ് പ്രശംസകളാൽ മൂടാറുണ്ടായിരുന്നു. 1988-ലാണ് ട്രംപും ചാവ്‌ല ഗ്രൂപ്പും ബന്ധം തുടങ്ങിയത്. ഇവരുടെ അച്ഛൻ വി.കെ ചാവ്‌ല ട്രംപിന്റെ അച്ഛനും ചേർന്ന് ഗ്രീൻവുഡിൽ ആദ്യ മോട്ടൽ തുടങ്ങിയാണ് ഇവർ ബിസിനസ് ആരംഭിച്ചത്.
 

Latest News