ഭീകര സംഘടന മുങ്ങല്‍ വിദഗ്ധരെ ഒരുക്കുന്നു; നേരിടാന്‍ നാവിക സേന സജ്ജം

ന്യൂദല്‍ഹി- കടല്‍ വഴി ആക്രമിക്കാന്‍ പാക്കിസ്ഥാന്‍ ഭീകര സംഘടനയായ ജെയ്‌ശെ മുഹമ്മദ് ഒരുങ്ങുകയാണെന്ന് നാവിക സേനാ മേധാവി അഡ്മിറല്‍ കരംബിര്‍ സിംഗ് വെളിപ്പെടുത്തി. എന്നാല്‍ ഏതു തരത്തിലുള്ള ഭീഷണിയും നേരിടാന്‍ സജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു.

പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിനു പിന്നില്‍ ജെയ്‌ശെ മുഹമ്മദായിരുന്നു.  ഇവര്‍ ആക്രമണ രീതിയില്‍ മാറ്റം വരുത്താന്‍ ഒരുങ്ങുന്നുവെന്നാണ് ലഭ്യമായ ഇന്റലിജന്‍സ് വിവരമെന്ന് അദ്ദേഹം പറഞ്ഞു. സമുദ്രത്തിലൂടെ രാജ്യത്തെ ആക്രമിക്കാനുള്ള പരിശീലനം ഭീകരര്‍ക്ക് നല്‍കുന്നതായാണ് വിവരം. മുങ്ങല്‍ വിദഗ്ധരെയാണ് പരിശീലനത്തിലൂടെ ഒരുക്കുന്നത്.
പൂനെയില്‍ ജനറല്‍ ബി.സി ജോഷി അനുസ്മരണ പ്രഭാഷണ വേദിയിലാണ് നാവികസേനാ മേധാവിയുടെ വെളിപ്പെടുത്തല്‍. ജെയ്‌ശെ മുഹമ്മദിന്റെ മുങ്ങല്‍ വിദ്ഗദരായ ചാവേറുകള്‍ പരിശീലനം നേടുന്നുവെന്ന ഇന്റലിജന്‍സ് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും കാര്യങ്ങള്‍ സൂക്ഷമമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം തീരമേഖലയില്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. തീര സംരക്ഷണ സേന, തീരദേശ പോലീസ്, നാവിക സേന, സംസ്ഥാന സര്‍ക്കാര്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവ ചേര്‍ന്ന സംവിധാനമാണ് ഏര്‍പ്പെടുത്തിയത്.
കടല്‍വഴിയുള്ള നുഴഞ്ഞുകയറ്റമുണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് അഡ്മിറല്‍ കരംബിര്‍ സിംഗ് പറഞ്ഞു. ഇന്ത്യന്‍ മഹാസമുദ്രം തന്ത്രപരമായി വളരെ പ്രാധാന്യമുള്ളതാണ്. ചൈനീസ് നാവിക സേനയുടെ സാന്നിധ്യം വര്‍ധിക്കുന്നത് നാവിക സേന നിരീക്ഷിക്കുന്നുണ്ടെന്നും അഡ്മിറല്‍ പറഞ്ഞു. രാജ്യ താല്‍പര്യത്തിന് വിരുദ്ധമായതൊന്നും സംഭവിക്കുന്നില്ല എന്ന് ഉറപ്പുവരുത്തും. അത്തരം പ്രവണതകള്‍ ഉണ്ടായാല്‍ സേന ഉചിതമായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

Latest News