Sorry, you need to enable JavaScript to visit this website.

മോചനദ്രവ്യം ആവശ്യപ്പെട്ട് മലയാളിയെ തട്ടിക്കൊണ്ടുപോയി; ഉടൻ മോചിപ്പിച്ച് സൗദി പോലീസ്

റിയാദ്- തട്ടിക്കൊണ്ടുപോയി പണം ചോദിച്ച് മർദിച്ചവശനാക്കിയ മലയാളിയെ മണിക്കൂറുകൾക്കകം സൗദി പോലീസ് മോചിപ്പിച്ചു. ന്യൂസനാഇയ്യയിലെ സ്വകാര്യ കമ്പനിയിൽ സൂപർവൈസറായി ജോലി ചെയ്യുന്ന എറണാകുളം ഇടപ്പള്ളി സ്വദേശി സനൽകുമാർ പൊന്നപ്പൻ നായർക്കാണ് വിദേശികളായ അക്രമികളിൽ നിന്ന് ഇന്ത്യൻ എംബസിയുടെയും സൗദി പോലീസിന്റെയും സമയോചിത ഇടപെടലിൽ മോചനം ലഭിച്ചത്.
വ്യാഴാഴ്ച വൈകുന്നേരമാണ് സനലിനെ ന്യൂസനാഇയ്യയിൽ നിന്ന് വിദേശികളായ ആറംഗ സംഘം കാറിൽ കയറ്റികൊണ്ടുപോയത്. കാറിൽ വെച്ച് തന്നെ കയ്യിലുണ്ടായിരുന്ന 3,500 റിയാൽ ഇവർ കൈക്കലാക്കിയിരുന്നു. കിലോമീറ്റുകൾക്കപ്പുറത്തുള്ള സൗദി ജർമൻ ആശുപത്രി ഭാഗത്തുള്ള ഒരു ഹോട്ടലിലേക്കാണ് കൊണ്ടുപോയത്. അവിടെ വെച്ച് അക്രമികൾ സനലിനെ കൊണ്ട് ഭാര്യയെ ഇന്റർനെറ്റ് വീഡിയോ കോളിൽ വിളിപ്പിച്ച് എഴുപതിനായിരം റിയാൽ (പത്ത് ലക്ഷം രൂപ) മോചനദ്രവ്യം ആവശ്യപ്പെട്ടു. പണം എത്തിച്ചില്ലെങ്കിൽ കൊല്ലുമെന്ന് പറഞ്ഞ് മർദിക്കുന്നതിന്റെ ദൃശ്യങ്ങളും ഭാര്യക്ക് അയച്ചുകൊടുത്തിരുന്നു. നേരത്തെ റിയാദിലുണ്ടായിരുന്ന ഭാര്യ ശ്രീകലയുടെ വശം സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാടിന്റെ ഫോൺ നമ്പർ ഉണ്ടായിരുന്നു. ഭർത്താവിനെ ബന്ദിയാക്കി ഏതാനും പേർ മർദിക്കുകയാണെന്നും മറ്റുമുള്ള ദുരവസ്ഥ ഇവർ ശിഹാബിനെ രാത്രിയിൽ തന്നെ അറിയിച്ചു. സനൽ തന്റെ സുഹൃത്തിന് അയച്ചുകൊടുത്ത ലൊക്കേഷനും ശിഹാബിന് കൈമാറി. തുടർന്ന് ഭാര്യയെ കൊണ്ട് എംബസിക്ക് പരാതി അയപ്പിക്കുകയും വെള്ളിയാഴ്ച രാവിലെ വെൽഫയർ കൊൺസുലാർ ദേശ് ഭാട്ടിയെ ശിഹാബ് ബന്ധപ്പെടുകയും ചെയ്തു. അവധി ദിനമായിട്ടും കോൺസുലാർ ഭാട്ടി എംബസി ഉദ്യോഗസ്ഥരായ റഈസുൽ അസാം, വിജയ് കുമാർ സിംഗ് എന്നിവരെ വിട്ട് പോലീസ് സ്‌റ്റേഷനിൽ നൽകാനുള്ള പരാതി തയ്യാറാക്കി. ശേഷം ശിഹാബ് കൊട്ടുകാട്, സനലിന്റെ സുഹൃത്ത് സെബാസ്റ്റ്യൻ എന്നിവരും എംബസി ഉദ്യോഗസ്ഥരും സഹാഫ പോലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകുകയും ചെയ്തു. ഇന്റർനെറ്റ് വീഡിയോ കോളിനിടെ ലഭിച്ച അക്രമികളുടെ ഫോട്ടോയും എംബസിക്ക് അയച്ചുകൊടുത്തിരുന്നു. ഇതും പോലീസിന് കൈമാറി.
അതേസമയം അക്രമികൾ ആവശ്യപ്പെട്ട പണം ദമാമിൽ നിന്ന് ഒരാൾ കൊണ്ടുവരുന്നുണ്ടെന്നും അതുവരെ കാത്തിരിക്കണമെന്നും ശിഹാബിന്റെ നിർദേശപ്രകാരം ഭാര്യ അവരെ അറിയിച്ചു. ഇതിനിടെ നാട്ടിൽ ബന്ധുക്കൾ ഇന്ത്യൻ വിദേശകാര്യ മന്ത്രിക്കും ഹൈബി ഈഡൻ എം.പിക്കും സനലിന്റെ ജീവൻ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകിയിരുന്നു. ജിദ്ദയിലായിരുന്ന അംബാസഡർ ഔസാഫ് സഈദും കേസിൽ ഇടപെട്ടു നീക്കങ്ങൾ വിലയിരുത്തി. പോലീസ് സ്‌റ്റേഷനിൽ പരാതി ലഭിച്ചയുടനെ സനലിന്റെ ഫോണിന്റെ ലൊക്കേഷൻ പരിശോധിച്ച് പോലീസ് ഹോട്ടൽ വളയുകയും റെയ്ഡ് നടത്തുകയും ചെയ്തു. ബന്ദിയാക്കപ്പെട്ട റൂമിൽ പോലീസെത്തിയപ്പോൾ ആറു പേരാണ് അവിടെ ഉണ്ടായിരുന്നത്. പ്രതികളിൽ ഒരാൾ നേരത്തെ കിട്ടിയ 3,500 റിയാലുമായി പുറത്തു പോയിരുന്നു. ഹോട്ടലിന്റെ സുരക്ഷാ ഉദ്യോഗസ്ഥനെയും അക്രമികളായ ആറുപേരെയും അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജറാക്കി റിമാൻഡ് ചെയ്തു. സനലിന്റെ ശരീരത്തിലാകമാനം കമ്പി കൊണ്ടും മറ്റും മർദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നു. കെട്ടിടത്തിന്റെ മുകൾഭാഗത്ത് കൊണ്ടുപോയായിരുന്നു മർദിച്ചിരുന്നതെന്ന് സനൽ പറഞ്ഞു.
 

Latest News