Sorry, you need to enable JavaScript to visit this website.

സൗദിയിൽ തൊഴിലാളികൾക്ക് താമസ സൗകര്യം നൽകിയില്ലെങ്കിൽ പിഴ

റിയാദ്- നിയമലംഘനങ്ങൾ നടത്തുന്ന റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾക്കുള്ള പിഴകളും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം വലിയ തോതിൽ ഉയർത്തി. തൊഴിലുടമ അറിയാതെ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് മധ്യവർത്തിയായി പ്രവർത്തിക്കൽ, ഗാർഹിക തൊഴിലാളികൾക്ക് താമസസ്ഥലം ഒരുക്കാതിരിക്കൽ എന്നീ നിയമ ലംഘനങ്ങൾക്ക് 25,000 റിയാലാണ് പുതിയ പിഴ. 
റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങൾക്കുള്ള പുതിയ ശിക്ഷകൾ: 
1- ലൈസൻസില്ലാത്ത മേഖലയിൽ പ്രവർത്തിക്കൽ -10,000 റിയാൽ, ഒരേ സന്ദർശനത്തിനിടെ കണ്ടെത്തുന്ന നിയമ ലംഘനങ്ങളുടെ എണ്ണത്തിനനുസരിച്ച് ഇരട്ടി തുക പിഴ
2- ശിക്ഷാ നടപടിയുടെ ഭാഗമായി അടപ്പിക്കുകയോ പ്രവർത്തന വിലക്കേർപ്പെടുത്തുകയോ ലൈസൻസ് റദ്ദാക്കുകയോ ചെയ്ത ശേഷവും റിക്രൂട്ട്‌മെന്റ് മേഖലയിൽ പ്രവർത്തിക്കൽ-10,000 റിയാൽ, ഒരേ സന്ദർശനത്തിനിടെ കണ്ടെത്തുന്ന നിയമ ലംഘനങ്ങളുടെ എണ്ണത്തിനനുസരിച്ച് ഇരട്ടി തുക പിഴ
3- തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന്റെ സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യാത്ത തൊഴിലാളികളെ മറ്റുള്ളവർക്ക് താൽക്കാലിക കരാർ അടിസ്ഥാനത്തിൽ കൈമാറൽ - 10,000 റിയാൽ, ഒരേ സന്ദർശനത്തിനിടെ കണ്ടെത്തുന്ന നിയമ ലംഘനങ്ങളുടെ എണ്ണത്തിനനുസരിച്ച് ഇരട്ടി തുക പിഴ
4 - മന്ത്രാലയം അംഗീകരിച്ച ഏകീകൃത കരാർ പാലിക്കാതിരിക്കൽ - 10,000 റിയാൽ, ഒരേ സന്ദർശനത്തിനിടെ കണ്ടെത്തുന്ന നിയമ ലംഘനങ്ങളുടെ എണ്ണത്തിനനുസരിച്ച് ഇരട്ടി തുക പിഴ
5- മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ താൽക്കാലിക കരാർ അടിസ്ഥാനത്തിൽ കൈമാറ്റത്തിനുള്ള തൊഴിലാളികളെ മറ്റു ജോലികളിലേക്ക് മാറ്റൽ - 5,000 റിയാൽ.
6- നിശ്ചിത സമയത്തിനകം ലൈസൻസ് പുതുക്കുന്നതിന് അപേക്ഷ സമർപ്പിക്കാതിരിക്കൽ - 5,000 റിയാൽ.
7- മന്ത്രാലയത്തെ മുപ്പതു ദിവസത്തിൽ കുറയാത്ത സമയം മുമ്പ് അറിയിക്കാതെ സ്ഥാപനങ്ങത്തിന്റെ ആസ്ഥാനം മാറ്റൽ - 10,000 റിയാൽ.
8- മന്ത്രാലയം നിശ്ചയിക്കുന്ന റിക്രൂട്ട്‌മെന്റ് നിരക്ക് പാലിക്കാതിരിക്കൽ - 10,000 റിയാൽ.
9- തൊഴിലുടമ അറിയാതെ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് മധ്യവർത്തിയായി പ്രവർത്തിക്കൽ - 25,000 റിയാൽ, 15 ദിവസത്തേക്ക് സ്ഥാപനം അടപ്പിക്കൽ, ഒരേ സന്ദർശനത്തിനിടെ കണ്ടെത്തുന്ന നിയമ ലംഘനങ്ങളുടെ എണ്ണത്തിനനുസരിച്ച് ഇരട്ടി തുക പിഴ.
10- റിക്രൂട്ട്‌മെന്റ് ഓഫീസ് ഉടമ സ്വന്തം നിലക്ക് സ്ഥാപന നടത്തിപ്പ് വഹിക്കാതിരിക്കൽ, ലൈസൻസ് ലഭിച്ച് നിശ്ചിത സമയത്തിനകം പ്രവർത്തനം ആരംഭിക്കാതിരിക്കൽ, തൊഴിലാളികളിൽ നിന്നും തൊഴിലുടമകളിൽ നിന്നും ഉപയോക്താക്കളിൽ നിന്നും പരാതികൾ സ്വീകരിക്കുന്നതിന് സംവിധാനം ഏർപ്പെടുത്താതിരിക്കൽ, മന്ത്രാലയത്തിന്റെ അന്വേഷണങ്ങളുമായും അപേക്ഷകളുമായും പ്രതികരിക്കാതിരിക്കൽ, നിശ്ചിത സമയത്തിനകം ബാങ്ക് ഗ്യാരണ്ടിയിൽ ശേഷിക്കുന്ന തുക കെട്ടിവെക്കാതിരിക്കൽ, മന്ത്രാലയം നിശ്ചയിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ച് വാർഷിക റിപ്പോർട്ട് സമർപ്പിക്കാതിരിക്കൽ ഇവക്കെല്ലാം 10,000 റിയാലാണ് പിഴ.
11- തൊഴിലുടമ പൂർണമായിരിക്കണമെന്ന് ആവശ്യപ്പെടുന്ന വ്യവസ്ഥകളെ കുറിച്ച് റിക്രൂട്ട് ചെയ്യുന്ന തൊഴിലാളികളെ അറിയിക്കാതിരിക്കൽ, തൊഴിലാളികൾക്ക് കരാർ കാണിച്ചുകൊടുക്കാതിരിക്കൽ - 5,000 റിയാൽ, കരാറിൽ പ്രത്യേകം നിർണയിക്കുന്നതു പ്രകാരമുള്ള സാഹചര്യങ്ങളിൽ തൊഴിലാളികളുടെ മടക്കയാത്രക്കുള്ള ചെലവ് വഹിക്കാതിരിക്കൽ എന്നിവക്ക് അയ്യായിരം റിയാലും മന്ത്രാലയം നിശ്ചയിക്കുന്ന വ്യവസ്ഥകൾക്ക് അനുസൃതമായി ഗാർഹിക തൊഴിലാളികൾക്ക് താമസസ്ഥലം ഒരുക്കാതിരിക്കലിന് 25,000 റിയാലുമാണ് പിഴ.
12- സ്‌പോൺസർഷിപ്പ് മാറ്റുന്നതിനു മുമ്പായി തൊഴിലാളിയിൽ നിന്ന് രേഖാമൂലം അനുമതി വാങ്ങാതിരിക്കൽ - 5,000 റിയാൽ.
13- സൗദിയിലോ വിദേശത്തോ ഉള്ള ബ്രോക്കർമാരുമായി ഇടപാടുകൾ നടത്തൽ - 10,000 റിയാൽ, ഒരേ സന്ദർശനത്തിനിടെ കണ്ടെത്തുന്ന നിയമ ലംഘനങ്ങളുടെ എണ്ണത്തിനനുസരിച്ച് ഇരട്ടി തുക പിഴ.
14- സ്വതന്ത്രമായ സ്ഥലത്ത് മറ്റു മേഖലകളിലൊന്നും പ്രവർത്തിക്കാതെ റിക്രൂട്ട്‌മെന്റ് മേഖലയിൽ മാത്രം പ്രവർത്തിക്കാതിരിക്കൽ- 25,000 റിയാൽ.
15- ഉപയോക്താക്കളുമായി ഒപ്പുവെക്കുന്ന കരാറുകൾ മന്ത്രാലയത്തിൽ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യാതിരിക്കൽ - 10,000 റിയാൽ. 
15- തൊഴിലുടമകൾക്കു വേണ്ടി റിക്രൂട്ട് ചെയ്യുന്ന തൊഴിലാളികളെ എയർപോർട്ടുകൾ അടക്കമുള്ള അതിർത്തി പ്രവേശന കവാടങ്ങളിൽ നിന്ന് സ്വീകരിക്കാതിരിക്കൽ, താമസസൗകര്യം നൽകാതിരിക്കൽ - 5,000 റിയാൽ, തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് ഇരട്ടി തുക പിഴ.
16- നിയമ വിരുദ്ധമായി പരസ്യം ചെയ്യൽ - 10,000 റിയാൽ, നിയമ ലംഘനങ്ങളുടെ എണ്ണത്തിന് അനുസരിച്ച് ഇരട്ടി തുക പിഴ.
17- ലൈസൻസ് മറ്റുള്ളവർക്ക് മറിച്ചുനൽകൽ, ലൈസൻസ് പ്രയോജനപ്പെടുത്തുന്നതിന് മറ്റുള്ളവരെ അനുവദിക്കൽ - 10,000 റിയാൽ, നിയമ ലംഘനങ്ങളുടെ എണ്ണത്തിന് അനുസരിച്ച് ഇരട്ടി തുക പിഴ.


 


 

Latest News