Sorry, you need to enable JavaScript to visit this website.

സൗദിയിൽ വിസ കച്ചവടത്തിനും വ്യാജ ഹുറൂബിനും കനത്ത പിഴ

റിയാദ് - തൊഴിൽ നിയമ ലംഘനങ്ങൾക്ക് കൂടുതൽ കടുത്ത ശിക്ഷകൾ വ്യവസ്ഥ ചെയ്യുന്ന പരിഷ്‌കരിച്ച നിയമാവലിക്ക് തൊഴിൽ, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹി അംഗീകാരം നൽകി. തൊഴിൽ വിപണി ക്രമീകരിക്കുന്നതിനും സ്വകാര്യ സ്ഥാപനങ്ങളുടെ നിലവാരം ഉയർത്തുന്നതിനും വേണ്ടിയാണിതെന്ന് മന്ത്രാലയം പറഞ്ഞു. തൊഴിലാളികൾ ജോലി സ്ഥലത്തുനിന്ന് ഒളിച്ചോടിയതായി വ്യാജ പരാതി നൽകുന്ന സ്ഥാപനങ്ങൾക്ക് തൊഴിലാളികൡ ഓരോരുത്തർക്കും 20,000 റിയാൽ തോതിൽ പിഴ ചുമത്തും. വിസക്കച്ചവടം നടത്തുകയോ മധ്യസ്ഥത വഹിക്കുകയോ ചെയ്യുന്നവർക്ക് വിസയൊന്നിന് 50,000 റിയാലാണ് പിഴ.  
നിയമ ലംഘനങ്ങൾ നടത്തുന്നവർക്കെതിരെ മന്ത്രാലയം ലേബർ കോടതിയിൽ കേസ് നൽകും. ശിക്ഷാ തീരുമാനങ്ങളെ കുറിച്ച് അറിയിച്ച് മുപ്പതു ദിവസത്തിനകം ബന്ധപ്പെട്ട വകുപ്പിനു മുന്നിൽ എതിർവാദം സമർപ്പിക്കാൻ നിയമ ലംഘകർക്ക് അവകാശമുണ്ടാകും. 
ഒരേ നിയമ ലംഘനം ആവർത്തിച്ചാൽ ഇരട്ടി ശിക്ഷ ലഭിക്കും. ആദ്യത്തെ നിയമ ലംഘനത്തിനുള്ള ശിക്ഷാ നടപടികൾ സ്വീകരിച്ച് പത്തു പ്രവൃത്തി ദിവസത്തിനകം നിയമ ലംഘനം അവസാനിപ്പിക്കണം. അല്ലെങ്കിൽ നിയമ ലംഘനം ആവർത്തിച്ചതായി കണക്കാക്കി ഇരട്ടി ശിക്ഷ ബാധകമാക്കും. ആദ്യ തവണ നിശ്ചിത സമയത്തിനകം നിയമ ലംഘനം അവസാനിപ്പിക്കുകയും 24 മാസത്തിനു ശേഷം വീണ്ടും അതേ നിയമ ലംഘനം വീണ്ടും ചെയ്താൽ ചെയ്താൽ നിയമലംഘനം ആവർത്തിച്ചതായി കണക്കാക്കില്ല. പുതിയ നിയമ ലംഘനമായാണ് കണക്കാക്കുക. 
ശിക്ഷാ തീരുമാനം അറിയിച്ച് അറുപതു ദിവസത്തിനകം പിഴ ഒടുക്കിയിരിക്കണം. അല്ലെങ്കിൽ മന്ത്രാലയത്തിൽ നിന്നുള്ള സേവനങ്ങൾ നിർത്തിവെക്കും. തൊഴിലാളികൾക്ക് ചുമത്തുന്ന പിഴ തൊഴിലുടമകളിൽ നിന്ന് ഈടാക്കും. 


തൊഴിൽ നിയമ ലംഘനങ്ങൾക്കുള്ള പുതിയ ശിക്ഷ അടങ്ങിയ പട്ടിക:

1 - തൊഴിൽ കരാറുകളിലും ഫയലുകളിലും തൊഴിലുടമകൾ പ്രഖ്യാപിക്കുന്ന നിർദേശങ്ങളിലും അറബി ഉപയോഗിക്കാതിരിക്കൽ       - 5000 റിയാൽ
2 - തൊഴിലാളികളുടെ പേരുവിവരങ്ങൾ, വേതന വിതരണ വിവരങ്ങൾ, തൊഴിലാളികൾക്ക് ചുമത്തിയ പിഴ, ഡ്യൂട്ടിക്ക് ഹാജരാകുന്നതുമായും മടങ്ങുന്നതുമായ വിവരങ്ങൾ, മെഡിക്കൽ രേഖകൾ എന്നിവ സ്ഥാപനത്തിന്റെ പ്രധാന ആസ്ഥാനത്ത് സൂക്ഷിക്കാതിരിക്കൽ    - 5000 റിയാൽ
3 - മന്ത്രാലയത്തിൽനിന്ന് വിസകളും മറ്റു സേവനങ്ങളും ആനുകൂല്യങ്ങളും ലഭിക്കുന്നതിന് തെറ്റായ വിവരങ്ങൾ സമർപ്പിക്കൽ   - 25,000 റിയാൽ (സേവനം ലഭിച്ച തൊഴിലാളികളുടെയും വിസകളുടെയും എണ്ണത്തിന് അനുസരിച്ച് ഇരട്ടി തുക പിഴ)
4 - വിസ വിൽപന, ഇതിന് മധ്യസ്ഥത വഹിക്കൽ  - 50,000 റിയാൽ (വിസകളുടെ എണ്ണത്തിനനുസരിച്ച് ഇരട്ടി തുക പിഴ)
5 - പ്രസവം നടന്ന് ആറാഴ്ചക്കുള്ളിൽ വനിതകളെക്കൊണ്ട് ജോലി ചെയ്യിക്കൽ - 10,000 റിയാൽ (തൊഴിലാളികളുടെ എണ്ണത്തിന് അനുസരിച്ച് ഇരട്ടി തുക പിഴ)
6 - വനിതാ ജീവനക്കാരുടെ സ്വകാര്യതയും സ്വാതന്ത്ര്യവും ഉറപ്പു വരുത്താതിരിക്കൽ   - 25,000 റിയാൽ
7 - സ്ത്രീകളെ ജോലിക്കു വെക്കുന്ന സ്ഥാപനങ്ങളിൽ സുരക്ഷാ സംവിധാനം ഏർപ്പെടുത്തിയില്ലെങ്കിൽ  - 20,000 റിയാൽ
8 - തൊഴിൽ സമയത്ത് വിശ്രമിക്കുന്നതിന് വനിതാ ജീവനക്കാർക്ക് ഇരിപ്പിടം ലഭ്യമാക്കാതിരിക്കൽ  - 5000 റിയാൽ
9 - വനിതാ ജീവനക്കാർക്ക് നമസ്‌കരിക്കാനും വിശ്രമത്തിനും പ്രത്യേക സ്ഥലം ഒരുക്കാതിരിക്കൽ, ടോയ്‌ലറ്റ് ലഭ്യമാക്കാതിരിക്കൽ  - 20,000 റിയാൽ
10 - സ്ത്രീപുരുഷന്മാരെ ഒരുമിച്ചു ജോലിക്കു വെക്കുന്ന പക്ഷം ഒരു ഷിഫ്റ്റിൽ രണ്ടിൽ കുറവ് ജീവനക്കാരികളെ ജോലിക്കു വെക്കൽ - 15,000 റിയാൽ
11 - ഉപയോക്താക്കളെ സ്വീകരിക്കുന്ന സ്ഥാപനങ്ങളിൽ വനിതകളെ ജോലിക്കു വെക്കുന്നതിനുള്ള വ്യവസ്ഥകൾ പാലിക്കാതിരിക്കൽ - 10,000 റിയാൽ
12 - തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അംഗീകരിച്ച നിയമാവലി ഇല്ലാതിരിക്കൽ - 15,000 റിയാൽ
13 - ലേബർ ഓഫീസിൽ സ്ഥാപനത്തിന് ഫയൽ തുറക്കാതിരിക്കൽ, വിവരങ്ങൾ പുതുക്കാതിരിക്കൽ - 10,000 റിയാൽ
14 - വർക്ക് പെർമിറ്റ് ലഭിക്കാത്ത വിദേശിയെ ജോലിക്കു വെക്കൽ - 20,000 റിയാൽ 
15 - വർക്ക് പെർമിറ്റിൽ രേഖപ്പെടുത്തിയ പ്രൊഫഷനു വിരുദ്ധമായ തൊഴിലിൽ വിദേശികളെ നിയമിക്കൽ - 10,000 റിയാൽ (തൊഴിലാളികളുടെ എണ്ണത്തിന് അനുസരിച്ച് ഇരട്ടി തുക പിഴ)
16 - അനുമതി ലഭിക്കാതെ ആശ്രിത വിസക്കാരെ ജോലിക്കു വെക്കൽ - 25,000 റിയാൽ (തൊഴിലാളികളുടെ എണ്ണത്തിന് അനുസരിച്ച് ഇരട്ടി തുക പിഴ)
17 - തൊഴിലാളികളുടെയോ കുടുംബാംഗങ്ങളുടെയോ പാസ്‌പോർട്ട്, ഇഖാമ, മെഡിക്കൽ ഇൻഷുറൻസ് കാർഡ് തൊഴിലുടമ കസ്റ്റഡിയിൽ സൂക്ഷിക്കൽ - 5000 റിയാൽ (തൊഴിലാളികളുടെ എണ്ണത്തിന് അനുസരിച്ച് ഇരട്ടി തുക പിഴ)
18 - തൊഴിലുടമ വഹിക്കൽ നിർബന്ധമായ ഫീസുകളും ചെലവുകളും തൊഴിലാളിയിൽനിന്ന് ഈടാക്കൽ - 10,000 റിയാൽ (തൊഴിലാളികളുടെ എണ്ണത്തിന് അനുസരിച്ച് ഇരട്ടി തുക പിഴ)
19 - സൗദി പൗരന്റെ അനുമതിയോ സമ്മതമോ കൂടാതെ സ്ഥാപനത്തിലെ ജീവനക്കാരനെന്നോണം രജിസ്റ്റർ ചെയ്യൽ - 25,000 റിയാൽ (രജിസ്റ്റർ ചെയ്യുന്ന സൗദികളുടെ എണ്ണത്തിന് അനുസരിച്ച് ഇരട്ടി തുക പിഴ)
20 - സൗദിവൽക്കരിച്ച തൊഴിലുകളിൽ വിദേശികളെ നിയമിക്കൽ - 20,000 റിയാൽ (തൊഴിലാളികളുടെ എണ്ണത്തിന് അനുസരിച്ച് ഇരട്ടി തുക പിഴ)

Latest News