കണ്ണൂർ - കണ്ണൂർ കോർപറേഷന്റെ പ്രധാന കൗൺസിൽ യോഗം 29ന് ചേരും. ഒക്ടോബർ 2 ന് ഡപ്യൂട്ടി മേയർ പി.കെ.രാഗേഷിനെതിരെ ഇടതുപക്ഷം അവിശ്വാസം കൊണ്ടുവരുന്നുണ്ട്. 4 ന് മേയർ തെരഞ്ഞെടുപ്പും നടക്കും. മേയർക്കെതിരെയുള്ള അവിശ്വാസ പ്രമേയം പാസായതിന് ശേഷമുള്ള ആദ്യ കൗൺസിൽ യോഗമാണ് വ്യാഴാഴ്ച ചേരുന്നത്. ഡെപ്യൂട്ടി മേയർക്കെതിരെയുള്ള അവിശ്വാസ പ്രമേയം, തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങൾ, കോർപറേഷനിലെ ജീവനക്കാരിലെ അഴിച്ചുപണി തുടങ്ങിയ വിഷയങ്ങൾ കത്തിനിൽക്കുമ്പോഴാണ് കൗൺസിൽ യോഗം ചേരുന്നത്. കൗൺസിൽ യോഗം എൽ.ഡി.എഫ് ബഹിഷ്‌കരിക്കുമെന്ന സൂചനയുമുണ്ട്.
കോർപറേഷൻ കൗൺസിലർമാരുടെ ഡിവിഷനുകളിൽ നടക്കുന്ന പ്രതിമാസ അവലോകനങ്ങളുടെ മിനുട്‌സ് മേയറുടെ താൽക്കാലിക ചുമതലയുള്ള ഡെപ്യൂട്ടി മേയറുടെ കൈവശമാണെന്ന ആരോപണവുമായി എൽ.ഡി.എഫ് രംഗത്ത് വന്നു കഴിഞ്ഞു. മിനുട്‌സുകൾ എൽ.ഡി.എഫിന് ലഭിക്കണമെങ്കിൽ ലെറ്റർ പാഡിൽ പ്രത്യേക അപേക്ഷ നൽകേണ്ട സാഹചര്യമാണ് ഉള്ളത്.
എന്നാൽ കഴിഞ്ഞ നാല് വർഷങ്ങളിൽ ഇല്ലാത്ത കീഴ്‌വഴക്കമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്നാണ് എൽ.ഡി.എഫ് ആരോപണം.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ഡിവിഷൻ കമ്മിറ്റിയുടെ യോഗം അവസാനമായി അതാത് വാർഡുകളിൽ നടന്നത്. അതിന് ശേഷം ആറു മാസമായി ഡിവിഷൻ കൗൺസിലുകൾ ചേർന്നിരുന്നില്ല. ഈയൊരു സാഹചര്യം കോർപറേഷനിൽ വികസന മുരടിപ്പ് ഉണ്ടാക്കിയെന്നാണ് കൗൺസിലർമാർ ചൂണ്ടിക്കാട്ടുന്നത്. യു.ഡി.എഫ് അവിശ്വാസ പ്രമേയം പാസായ ഉടനെ ഉദ്യോഗ തലത്തിൽ അഴിച്ചുപണി നടത്തിയിരുന്നു. ഇതെല്ലാം ഉണ്ടാക്കിയ വിവാദങ്ങളുടെ നടുവിലാണ് 29 ന് കൗൺസിൽ യോഗം ചേരുന്നത്. കോർപറേഷനിലെ സർക്കാർ ജീവനക്കാരെ മാറ്റുന്നതിന് ഭരണസമിതിക്ക് അധികാരമില്ലെന്ന വാദവും എൽ.ഡി.എഫ് ചൂണ്ടിക്കാട്ടുന്നു. അതേസമയം മേയർ തെരഞ്ഞെടുപ്പ് 4ന് നടക്കും. സുമ ബാലകൃഷ്ണൻ ആണ് യു.ഡി.എഫ് പക്ഷത്ത് നിന്ന് മത്സരിക്കുക.






