Sorry, you need to enable JavaScript to visit this website.

പ്രളയ ബാധിതരെ പുനരധിവസിപ്പിക്കാൻ  പദ്ധതികളുമായി മുസ്‌ലിം ലീഗ്; ആദ്യഘട്ടം മൂന്ന് ഏക്കർ ഭൂമി നൽകും

മലപ്പുറം - പ്രളയക്കെടുതിയിൽ അകപ്പെട്ടവർക്ക് കൂട്ടായ്മയിലൂടെ ജീവിതമൊരുക്കാൻ മുസ്‌ലിം ലീഗ്. ഭൂമിയും വീടും ഉപജീവനവും നഷ്ടപ്പെട്ടവരെ വീണ്ടും ജീവിതത്തിലേക്കു പിടിച്ചുകയറ്റാൻ പുനരധിവാസ പദ്ധതി ആസൂത്രണം ചെയ്ത് നടപ്പാക്കുമെന്നും ആദ്യ ഘട്ടമായി ഭൂരഹിതരായവർക്ക് മൂന്ന് ഏക്കർ ഭൂമി മുസ്‌ലിം ലീഗ് നൽകുമെന്നും ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ മലപ്പുറത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംഭാവനയായി ലഭിച്ച ഭൂമിക്കു പുറമെ ആവശ്യമെങ്കിൽ വിലയ്ക്ക് വാങ്ങിയും അർഹരായവർക്കു ഭൂമി നൽകും. പ്രളയത്തിൽ ജീവനോപാധികളെല്ലാം നഷ്ടപ്പെട്ടു ദരിദ്രരായ ഒരുപാട് പേരുണ്ട്. ഇത്തരം കുടുംബങ്ങൾക്ക് ഉപജീവന മാർഗമൊരുക്കുന്നതിനും മുസ്‌ലിം ലീഗ് പദ്ധതികളാവിഷ്‌കരിക്കും. വീടുകൾ ഭാഗികമായി തകർന്നവർക്കു സർക്കാർ സഹായം പരിമിതമായാൽ ഈ കുടുംബങ്ങൾക്കാവശ്യമായ സഹായങ്ങളും നൽകും. പ്രളയബാധിത മേഖലകളിൽ അടിയന്തരമായി സഹായമെത്തിക്കുന്നതിനും രക്ഷാ പ്രവർത്തനങ്ങളിലും പുനരധിവാസ പ്രവർത്തനങ്ങളിലും വ്യവസ്ഥാപിതവും കൃത്യതയുമാർന്ന പ്രവർത്തനമാണ് മുസ്‌ലിം ലീഗ് പ്രവർത്തകർ നടത്തിയത്. പ്രളയമുണ്ടായ എട്ടു മുതൽ കഴിഞ്ഞ 25 വരെയുള്ള ദിവസങ്ങളിലായി 4,05,35,000 (നാലു കോടി അഞ്ചു ലക്ഷത്തി മുപ്പത്തി അയ്യായിരം) രൂപയുടെ സഹായം മുസ്‌ലിം ലീഗ് നൽകിയിട്ടുണ്ടെന്നും സാദിഖലി തങ്ങൾ പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിക്കുന്നവർക്കു ഭക്ഷണം, വസ്ത്രം, പുതപ്പ് മറ്റു സാമഗ്രികളും വീടുകളിലെ പുനരധിവാസത്തിനു കട്ടിൽ, ബെഡ്, വീട്ടുപകരണങ്ങൾ, പുതപ്പ്, പായ, വസ്ത്രങ്ങൾ, വീട്ടുപകരണങ്ങൾ, പഠനോപകരണങ്ങൾ തുടങ്ങിയ മുഴുവൻ സാധന സാമഗ്രികളും മുസ്‌ലിം ലീഗും പോഷക ഘടകങ്ങളും പ്രാദേശികമായി സമാഹരിച്ച് നിലമ്പൂരിൽ മുസ്‌ലിം ലീഗിന്റെ നേതൃത്വത്തിൽ ആരംഭിച്ച കളക്ഷൻ സെന്റർ മുഖേനയും ക്യാമ്പുകളിലും വീടുകളിലും നേരിട്ടും എത്തിച്ച് വിതരണം ചെയ്തു. ഗൃഹോപകരണങ്ങളുടെയും വനിതാ ലീഗിന്റെ നേതൃത്വത്തിലുള്ള അടുക്കള കിറ്റിന്റെയുമെല്ലാം വിതരണം നടന്നു വരികയുമാണ്.  
പരിശീലനം നേടിയ 6000 വൈറ്റ് ഗാർഡ് വളണ്ടിയർമാരാണ് മലപ്പുറം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ സേനവത്തിനെത്തിയത്. കവളപ്പാറ ദുരന്ത ഭൂമിയിലും പാതാറിലും വിവിധ സ്ഥലങ്ങളിലെ റിലീഫ് ക്യാമ്പുകളിലും മുഴുവൻ സമയ സേവനം ചെയ്തു. പ്രളയ ജലത്തിൽ കുടുങ്ങിപ്പോയവരെ രക്ഷപ്പെടുത്തൽ, വീടുകൾ മണ്ണിനടിയിലായ സ്ഥലങ്ങളിലെ രക്ഷാ പ്രവർത്തനങ്ങൾ, ദുരിതാശ്വാസ ക്യാമ്പുകളിൽ പാർപ്പിക്കപ്പെട്ടവർക്കു ആശ്വാസ പ്രവർത്തനങ്ങൾ, താമസ യോഗ്യമല്ലാതായ വീടുകൾ വൃത്തിയാക്കൽ, കിണറുകൾ വൃത്തിയാക്കൽ, റോഡുകളിൽ ഗതാഗതം പുനഃസ്ഥാപിക്കൽ, നടപ്പാലങ്ങളുടെ പുനർനിർമാണം, പ്രളയം കാരണം വീട് വിട്ടു പോയവരെ സ്വന്തം വീടുകളിൽ പുനരധിവസിപ്പിക്കൽ, ഭക്ഷണങ്ങൾ, വീട്ടുപകരണങ്ങൾ തുടങ്ങിയവ ശേഖരിച്ച് വിതരണം ചെയ്യൽ തുടങ്ങിയ പ്രവർത്തനങ്ങളിലെല്ലാം മുസ്‌ലിം ലീഗ് പ്രവർത്തകർ സജീവമായ പങ്കാളിത്തം വഹിച്ചിട്ടുണ്ട്. 
2018 ലെ പ്രളയത്തിൽ ജില്ലക്കുണ്ടായ നാശത്തേക്കൾ ഏറെ ഇത്തവണത്തെ പ്രളയത്തിലുണ്ടായി. നാശനഷ്ടങ്ങളുടെ പൂർണമായ കണക്കെടുക്കാൻ പോലും സാധിച്ചിട്ടില്ല. വലിയ ആൾനാശവുമുണ്ടായി. സർക്കാർ സഹായ വാഗ്ദാനങ്ങളൊന്നും സംഭവിച്ച നഷ്ടങ്ങൾ നികത്തുവാൻ പര്യാപ്തമാകില്ല. ഈ സാഹചര്യത്തിലാണ് മുസ്‌ലിം ലീഗ് ദുരന്തബാധിതരെ പുനരധിവാസത്തിലൂടെ കൈപ്പിടിക്കുകയെന്ന ദൗത്യവും ഏറ്റെടുത്തിരിക്കുന്നതെന്നും സയ്യിദ് സാദിഖലി തങ്ങൾ പറഞ്ഞു. ദുരന്തത്തിൽ മരണപ്പെട്ടവരുടെ ആശ്രിതരെയും വീടും സമ്പാദ്യവും നഷ്ടപ്പെട്ടവരെയും പുനരധിവസിപ്പിക്കുന്നതിനും സഹായം നൽകുന്നതിനും കാലതാമസം ഒഴിവാക്കാൻ സർക്കാർ സംവിധാനവും ഉദ്യോഗസ്ഥരും കൂടുതൽ ജാഗ്രത പുലർത്തണമെന്നും ഇത്തരം പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും നൽകുമെന്നും സയ്യിദ് സാദിഖലി തങ്ങൾ പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. യു.എ ലത്തീഫ്, എം.എ ഖാദർ, ഉമ്മർ അറക്കൽ, ഇസ്മയിൽ പി.മൂത്തേടം, പി.കെ.സി അബ്ദറഹ്മാൻ, നൗഷാദ് മണ്ണിശേരി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

 

Latest News