ജിദ്ദ - ഏറ്റവും മികച്ച സേവനം നടത്തുകയും രോഗികകളോട് നന്നായി പെറുമാറുകയും ചെയ്യുന്ന സൗദി ലാബ് ടെക്‌നിഷ്യൻ നവാൽ ബിൻത് സ്വാലിഹ് അൽയാമിക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ ആദരം. അൽമാജിദ് ഹെൽത്ത് സെന്ററിലെ ലാബ് ടെക്‌നിഷ്യനായ നവാലിന് ജിദ്ദ ആരോഗ്യ വകുപ്പ് മേധാവി പ്രശംസാപത്രവും ഉപഹാരവും സമ്മാനിച്ചു.
ദിവസങ്ങൾക്കു മുമ്പ് ഹെൽത്ത് സെന്ററിലെത്തിയ വനിതാ രോഗി മറ്റു രോഗികൾക്കും ജീവനക്കാർക്കും മുന്നിൽ നവാലിനോട് ക്ഷോഭിക്കുകയും മോശമായി പെരുമാറുകയുമായിരുന്നു. എന്നാൽ ക്ഷമ പാലിച്ച നവാൽ രോഗിയോട് നന്നായി പെരുമാറുകയും അവർക്ക് ഏറ്റവും മികച്ച നിലയിൽ സേവനം നൽകുകയും ചെയ്തു. തൊട്ടടുത്ത ദിവസം ഇതേ രോഗി ഹെൽത്ത് സെന്ററിലെത്തി മറ്റു രോഗികളുടെയും ജീവനക്കാരുടെയും മുന്നിൽ വെച്ച് ലാബ് ടെക്‌നിഷ്യനോട് പരസ്യമായി ക്ഷമാപണം നടത്തി. തന്റെ ഭാഗത്തുണ്ടായത് തെറ്റാണെന്ന് ഏറ്റുപറഞ്ഞ രോഗി താൻ ക്ഷോഭിക്കുകയും തെറിവിളിക്കുകയും ചെയ്തിട്ടും തന്നോട് നന്നായി പെരുമാറിയ ലാബ് ടെക്‌നിഷ്യന്റെ പെരുമാറ്റത്തെ പ്രശംസിക്കുകയും ചെയ്തു. എല്ലാവർക്കും മികച്ച നിലയിൽ സേവനം നൽകുന്നതിന് പ്രത്യേകം താൽപര്യം കാണിക്കുന്ന നവാലിന്റെ രോഗിയോടുള്ള പെരുമാറ്റത്തെ ജിദ്ദ ആരോഗ്യ വകുപ്പ് മേധാവി പ്രശംസിച്ചു.