Sorry, you need to enable JavaScript to visit this website.

സാമ്പത്തിക പ്രതിസന്ധി; കേന്ദ്രത്തിന് 1.76 ലക്ഷം കോടി രൂപ കൈമാറാൻ ആർ ബി ഐ തീരുമാനം

ന്യൂദൽഹി- കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നീങ്ങുന്ന ഇന്ത്യൻ സാമ്പത്തിക രംഗം ഉത്തേജിപ്പിക്കാനായി കേന്ദ്ര സർക്കാരിന് റിസർവ് ബാങ്ക് 1.76 ലക്ഷം കോടി രൂപ ധന സഹായം നൽകും. മുൻ ആർബിഐ ഗവർണർ ബിമൽ ജലാൻ സമിതിയുടെ നിർദേശത്തിന് റിസർവ് ബാങ്ക് കേന്ദ്ര ബോർഡ് അംഗീകാരം നൽകിയിട്ടുണ്ട്. ആർ ബി ഐ തീരുമാനം സാമ്പത്തിക പ്രതിസന്ധിയിലുഴലുന്ന കേന്ദ്ര സർക്കാരിന് ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ. റിസർവ് ബാങ്കിന്റെ കരുതൽ ധന ശേഖനത്തിൽ നിന്നാണ് സഹായം നൽകുക. റിസർവ് ബാങ്കിന്റെ 2018–19 കാലയളവിലെ കരുതൽ ധനശേഖരമായി 1,23,414 കോടി രൂപയും പരിഷ്കരിച്ച ഇക്കണോമിക് കാപ്പിറ്റൽ ഫ്രെയിംവർക്ക് (ഇസിഎഫ്) പ്രകാരം 52,637 കോടി രൂപയും ഇത്തരത്തിൽ കൈമാറാനാണ് തീരുമാനം. തിങ്കളാഴ്ച്ച ചേർന്ന ബോർഡ് യോഗമാണ് നിർണ്ണായക തീരുമാനം കൈകൊണ്ടത്. ഘട്ടം ഘട്ടമായി തുക കൈമാറാനാണ് റിസര്‍വ് ബാങ്കിന്‍റെ തീരുമാനം. 
     ആർ ബി ഐ യുടെ പക്കൽ ഒൻപതു ലക്ഷം കോടി രൂപയുടെ കരുതൽ ധനം ഉണ്ടെന്നാണ് കണക്കുകൾ. ആഗോള ചട്ടം അനുസരിച്ച് അധികത്തുക സർക്കാരിന് കൈമാറണമെന്ന നിലപാടിലായിരുന്നു കേന്ദ്രം. എന്നാൽ, റിസർവ് ബാങ്ക് ഇത് അംഗീകരിച്ചില്ലായിരുന്നു. കരുതൽ ധനം കൈമാറുന്നത് സംബന്ധിച്ച് ആർബിഐ മുൻ ഗവർണർ ഉർജിത് പട്ടേലും സർക്കാരും തമ്മിൽ കടുത്ത അഭിപ്രായ ഭിന്നത ഉടലെടുത്തിരുന്നതിനെ തുടർന്ന് അദ്ദേഹത്തിന്റെ രാജിയിലേക്ക് വരെ കാര്യങ്ങൾ നീങ്ങിയിരുന്നു. രണ്ട് വര്‍ഷമായി സര്‍ക്കാരും ആര്‍ബിഐയും തമ്മിൽ ഇതു സംബന്ധിച്ച് വലിയ തര്‍ക്കം നിലനിന്നിരുന്നു. കരുതൽ ധനശേഖരത്തിൽ നിന്ന് തുകയെടുത്ത് ധനക്കമ്മി കുറയ്ക്കുന്നതിന് പ്രയോജനപ്പെടുത്താനാണ് നീക്കം. മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 3.3 ശതമാനമാണ് ധനകമ്മിയായി നിശ്ചയിച്ചിരിക്കുന്നത്.
       റിസർവ് ബാങ്കിന്റെ കരുതൽ ധനത്തിന്റെ തോത് നിർണയിക്കാനായി ബിമൽ ജലാൻ അധ്യക്ഷനായ ആറംഗ പാനലിനെ കഴിഞ്ഞ ഡിസംബറിലാണ് നിയോഗിച്ചത്. കരുതൽ ധനശേഖരം കൈമാറുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കുന്നതിനായാണ് ആര്‍ബിഐ യോഗം ചേര്‍ന്നാണ് സാമ്പത്തിക വിദഗ്ധനായ ബിമൽ ജെലാൻ കമ്മിറ്റിയെ നിയോഗിച്ചത്. 

Latest News