Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കഥയും കുറ്റാന്വേഷണവും

കഴിഞ്ഞ തവണ മകൻ അവധിക്കു വന്നപ്പോൾ റോബർട് ലുഡ്‌ലുമിന്റെ വായിച്ചു തള്ളിയ ഒരു നോവലും കൊണ്ടുവന്നിരുന്നു. പതിവു പോലെ കുറ്റവും അന്വേഷണവും അതിനിടയിലെ പരാക്രമവും നിറഞ്ഞ ഒരു ഉപന്യാസം. കുറ്റാന്വേഷകൻ അടിതെറ്റി വീഴുമോ? പൊട്ടാൻ വെച്ചിരിക്കുന്ന മരുന്ന് കുതിർന്നു പോകുമോ? പിടികിട്ടാപ്പുള്ളിയുടെ പിന്നാലെ പോകുന്ന അപസർപക വീരൻ പുള്ളിയുടെ കൂട്ടാളിയായി മാറുമോ? ഭൂതത്തിലും ഭാവിയിലും നീണ്ടുപോകുന്ന ആ ചോദ്യങ്ങൾ അപ്പപ്പോൾ ശ്വാസം തടഞ്ഞുനിർത്താൻ ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നു.
ആ നോവലിന് ഒരു വിശേഷത ഉണ്ടായിരുന്നു. അത് അച്ചടിച്ചു വരുമ്പോഴേക്കും എഴുത്തുകാരൻ മരിച്ചിരുന്നു. എഴുതിക്കഴിഞ്ഞതിനു ശേഷം മരിച്ചതല്ല. ലുഡ്‌ലും എഴുതാൻ ഉദ്ദേശിച്ചിരുന്നതോ അവിടവിടെ കരടായി എഴുതിനിർത്തിയിരുന്നതോ ആയ ആ നോവലും അദ്ദേഹത്തിന്റെ പേരിൽ തന്നെ ഇറങ്ങി. പകർപ്പവകാശം അദ്ദേഹത്തിന്റെ പേരിലുള്ള ഒരു കമ്പനിയുടെ പേരിൽ ആക്കി. നക്ഷത്രം മാഞ്ഞിട്ടും വെളിച്ചം തങ്ങിനിൽക്കുന്നതു പോലെ ലുഡ്‌ലുമിന്റെ കൃതി അദ്ദേഹമില്ലാഞ്ഞിട്ടും ഉണ്ടാവുകയും നിലനിൽക്കുകയും ചെയ്യാമെന്നായി. കർത്താവില്ലാതെ കൃതി ഉണ്ടാകുക!
കഴിഞ്ഞയാഴ്ച മകൾ വന്നപ്പോഴും ഒരു ലുഡ്‌ലും വന്നു, എണ്ണൂറു പേജുള്ള ഒരു കുറ്റവും അന്വേഷണവും. മനുഷ്യനു വേണ്ടി സാഹസികമായി തീ കൊണ്ടുവന്ന പ്രോമിത്യൂസ് എന്ന യവന ദേവതയുടെ ഓർമയുണർത്തുന്ന ധൈര്യവും ആപൽസന്ധിയും നിറഞ്ഞ നോവൽ. എണ്ണൂറ് അദ്ദേഹത്തിന്റെ കണക്കിൽ വലിയ സംഖ്യയാവുന്നില്ല. 
നാലു വാല്യങ്ങളായി വളർന്ന വിലാസിനിയുടെ അവകാശികളും പിരിഞ്ഞും പുളഞ്ഞും പോയ തകഴിയുടെ കയറും പോലെ വലിയ നോവലുകൾ നമുക്ക് ഏറെയില്ല. ചെറുതായി ചിന്തിക്കാനും ചതുരം വരക്കാനുമാണ് കൊച്ചുകേരളത്തിനിഷ്ടം. നമ്മുടെ തട്ടിൻപുറവും കിളിവാതിലും നോക്കൂ. എല്ലാറ്റിനും നൂന്നു കടക്കേണ്ട അവസ്ഥ ഉള്ളതുപോലെ. 
ലുഡ്‌ലുമിന്റെ നോവലുകൾ ഒരിക്കലും ചെറുതായിപ്പോവില്ല. കുറ്റത്തിന്റെയും അന്വേഷണത്തിന്റെയും പശ്ചാത്തലവും പാർശ്വതലവും അവയിൽ ആവുന്നത്ര വാക്കുകളിൽ പിശുക്കില്ലാതെ വിവരിക്കപ്പെട്ടിരിക്കും. സ്ഥലത്തിന്റെയും കാലത്തിന്റെയും അതിർത്തിക്കുള്ളിൽ പ്രകൃതി വർണനകളും ഗുസ്തി മത്സരങ്ങളും തിങ്ങിവിങ്ങിനിൽക്കും. ചിലപ്പോൾ ഭൂമിയുടെ അപദാനങ്ങൾ അവസാനിക്കാത്തതാണെന്നു തോന്നാം; ചിലപ്പോൾ ദ്വന്ദ്വ യുദ്ധങ്ങളിൽ ഏർപ്പെടുന്നവർ മരണമില്ലാത്തവരാണെന്നു തോന്നാം; മറ്റു ചിലപ്പോൾ സ്ഥൂലത കാരണം വായിച്ചു തളർന്നു മുഷിഞ്ഞുപോകാം. 
എന്നാലും കാണാത്ത കരകളും 'കാകോളമാളിന' കടലുകളും അവക്കിടയിൽ തിര തല്ലി ഉയരും. 'ഉദഗ്രരമണീയാ പൃഥ്വീ' എന്നു കാളിദാസൻ വിശേഷിപ്പിച്ച ഭൂമിയുടെ പ്രദേശ ഭംഗികൾ ആ കുറ്റാന്വേഷണ കഥകളിൽ ആവിഷ്‌കരിക്കപ്പെടുന്നു. രുചിയുടെയും രൂപത്തിന്റെയും സ്വരത്തിന്റെയും ശരീരത്തിന്റെയും പരിണാമ ഭംഗി അവയിൽ നുകർന്നറിയാം. ലുഡ്‌ലുമിനു ലഭ്യമായ വിഭവങ്ങളൊന്നും അനുഭവിക്കാനാവാതെയാണെങ്കിലും ആ ചുവടു പിടിച്ച് നമുക്കു വേണ്ടി ലോക ജീവിത വൈവിധ്യങ്ങൾ വർണിച്ചുപോയ ഒരാളുണ്ട്, ബാറ്റൺ ബോസ്. കേമന്മാരുടെ കൂട്ടത്തിൽ ബോസിനു പക്ഷേ നമ്മൾ കസേര ഇട്ടുകൊടുത്തിട്ടില്ല.  
ബാറ്റൺ ബോസിനെ മാത്രമല്ല, ആംഗലത്തിൽ അസ്സൽ ഇറങ്ങുകയും ലോക ഭാഷകളിൽ തർജമയായി ലക്ഷക്കണക്കിനു വരികയും ചെയ്യുന്ന പല കൃതികളുടെയും കർത്താക്കന്മാരെയും നമ്മൾ വെള്ളയും കരിമ്പടവും നിവർത്തി സ്വീകരിക്കാറില്ല. പല എഴുത്തുവീരന്മാരുടെയും പേരിൽ സ്ഥാപിക്കപ്പെട്ടിട്ടുള്ള പുരസ്‌കാരങ്ങൾ അവരിൽ അണിഞ്ഞുകാണാറില്ല. യാത്രയിലോ കാത്തിരിപ്പിനിടയിലോ താൾ മറിച്ചുപോകാനും ഏതെങ്കിലും മൂലയിൽ തള്ളാനുമുള്ളവയാണ് ആ ജനുസ്സിൽ പെട്ട പുസ്തകങ്ങൾ. തഴയപ്പെടുന്ന ഘട്ടത്തിൽ ഭൂമിയെ ഭസ്മമാക്കാൻ പോന്ന പേടകം ആഞ്ഞെറിയാൻ തുടങ്ങുകയാവാം ഭീകരൻ. അല്ലെങ്കിൽ കടലിൽ വിഷം നിറയുന്ന അവസ്ഥയുടെ മുന്നറിയിപ്പു വന്നിരിക്കാം. മനുഷ്യ കുലത്തിന്റെയും ദേവവൃന്ദത്തിന്റയും അസുരഗണത്തിന്റെയും ഉപയോഗത്തിനു കൊള്ളാവുന്ന അമൃതബിന്ദു ആരെങ്കിലും അടിച്ചുമാറ്റിയിരിക്കാം. 
വായനക്കാരനെ മുൾമുനയിൽ നിർത്തിയിട്ടാകാം പലപ്പോഴും ആ പാത്രങ്ങളും കഥാഭാഗങ്ങളും തഴയപ്പെടുക. വേണ്ടവർക്ക് വീണ്ടും തപ്പിയെടുക്കാം. വലിയ വായനക്കാരനായിരുന്ന ഒരു ചീഫ് സെക്രട്ടറി ഒരിക്കൽ പരിതപിക്കുന്നതു കേട്ടു: വായിച്ചു പകുതി കടക്കുമ്പോഴാകും പലപ്പോഴും ഇത് നേരത്തേ ഇട പഴകിയ കൂട്ടരാണല്ലോ എന്നു മനസ്സിലാകുക. അതു തന്നെ അതിന്റെ ഗുണത്തിന്റെ അളവും. കണ്ടതും കാണാത്തതും തിരിച്ചറിയാതിരിക്കുക. താളുകണക്കിന് എഴുതിക്കൂട്ടിയിട്ടും അതിസൂക്ഷ്മമായ ഭാവാംശങ്ങൾ വരച്ചുവെച്ചിട്ടും പാത്രങ്ങളെ പിന്നൊരിക്കൽ കണ്ടുമുട്ടുമ്പോൾ പരിചയം പ്രഖ്യാപിക്കാതെ കൈവീശി പോകുന്നു.
ലോകം ഇരു ചേരികളായി പകുക്കപ്പെടുകയും ശീതസമരം ചൂടാകുകയും ചെയ്തിരുന്ന കാലത്ത് അത്ഭുത വിദ്യകൾ കാട്ടിയിരുന്ന വിരുതന്മാർക്ക് വേഷമില്ലാതായി. അവരുടെ വീരഗാഥ പാടുന്ന പടിഞ്ഞാറൻ പാട്ടുകൾ ഇനി വരില്ലെന്നായി പ്രവചനം. ഡിജിറ്റൽ പത്രം വന്നതോടെ മഷി പുരട്ടിയ കടലാസ് വേണ്ടാതായെന്നതുപോലെ, ആകാശത്ത് ഒളിക്കണ്ണുകൾ നിരന്നതോടെ ഭൂമിയിൽ കളവ് നിലക്കുമെന്നതുപോലെ, അങ്ങനെയും ഒരു പ്രവചനം. അതിനെ അടിക്കടി തെറ്റിക്കാൻ പുതിയ സാഹസികരും സന്ദർഭങ്ങളും ഉണ്ടാകുന്നു. ഊരും പേരും നാളും മാറിയെങ്കിലും കേട്ടറിവില്ലാത്ത സാഹസങ്ങൾ കാട്ടുകയും അദൃശ്യതയിൽനിന്ന് കൈത്തോക്ക് ചൂണ്ടുകയും ചെയ്യുന്ന കസർത്തുകാർ ഇപ്പോഴും അരങ്ങിന്റെ പിന്നാമ്പുറം തകർക്കുന്നു.ചിലപ്പോൾ പഴയ ലേബലിൽ, ചിലപ്പോൾ പുതിയ വിലാസത്തിൽ. പണ്ട് അർജുനനോട് കൃഷ്ണൻ പറഞ്ഞതുപോലെ, ഒട്ടും പേടിക്കണ്ട, നമ്മുടെ പ്രിയപ്പെട്ട ചാരന്മാരും പ്രതിചാരന്മാരും എങ്ങനെയെങ്കിലുമൊക്കെ പിഴച്ചുപൊയ്‌ക്കൊള്ളും, അവർ വിലസുന്ന കഥകൾ കെട്ടുകെട്ടായി വരികയും ചെയ്യും. 
കള്ളനും പോലീസും കളിക്കാനുള്ള കമ്പം സത്യയുഗത്തിലും വാഴും എന്നതു തന്നെ സത്യം. വല്ലപ്പോഴും ആ കളി കളിച്ചാൽ മനസ്സ് ശുദ്ധമാവുമെന്ന് ബെർട്രാന്റ് റസ്സൽ. എല്ലാ മനസ്സുകളിലും ഒരു കള്ളൻ കിടപ്പുണ്ടാവും. അവനെ ഇടക്കിടെ സങ്കൽപ വിമാനത്തിൽ കയറ്റിവിട്ടാൽ കക്കാനും കൊള്ളിവെക്കാനുമുള്ള ത്വര സമീകരിക്കപ്പെടും എന്നാണ് തത്വചിന്തകന്റെ തിയറി. അതുകൊണ്ട് കളവും കുറ്റാന്വേഷണവും നിലച്ചാലും കള്ളനും പോലീസും കളി തീരില്ലെന്നു സമാധാനിക്കുക. റസ്സലിന്റെ സിദ്ധാന്തം തിരിച്ചിട്ടുനോക്കുന്നവരും ഇല്ലാതില്ല. ആദിമ ചോദനകൾ ശുദ്ധീകരിക്കാൻ അപസർപക കഥകൾ കൊള്ളുമെങ്കിൽ, അതേ കഥകളിലൂന്നി ആദിമ ചോദനകൾ പിന്നെയും പിന്നെയും കരുത്താർജിച്ചുകൂടേ? സൂര്യൻ പടിഞ്ഞാറ് ഉദിക്കുന്നു എന്ന വിചാരം പോലെ, ലുഡ്‌ലുമിന്റെയും വിജയികളായ മറ്റ് അപസർപക നോവൽ പ്രതിഭകളുടെയും കൃതികളിൽ  വിലസുന്നത് മിക്കപ്പോഴും പടിഞ്ഞാറൻ ഹീറോകളാണ്. വേദി പടിഞ്ഞാറൻ കടപ്പുറങ്ങളും കുന്നുകളും. രുചി പൊതു െവ അഖണ്ഡ ഭാരതീയമാണെങ്കിലും, എവിടെയോ ഒരാൾ വിണ്ടാലു ചോദിച്ചുവാങ്ങുന്നതു കണ്ടു. കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു ഭീകര സംഘടനയെ അവതരിപ്പിക്കുന്ന ഒരു നോവൽ ഫ്രെഡറിക് ഫോർസിത് ഇറക്കിയെങ്കിലും ഫലിച്ചില്ലെന്നു തോന്നുന്നു. ഭീകരവാദവും അതിനെതിരെയുള്ള വേട്ടയും കൊഴുക്കണമെങ്കിൽ പടിഞ്ഞാറു തന്നെ വേണമെന്നോ?
 

Latest News