വീട്ടിലെ ഭക്ഷണവും ഇനി ഓൺലൈനായി ഓർഡർ ചെയ്തു വരുത്താം. വീട്ടിലുണ്ടാക്കിയ ഭക്ഷണം ഓൺലൈനായി ഓർഡർ ചെയ്യാനുള്ള ഡൈൻ അപ്സ് ആപിന്റെ പ്രവർത്തനം കൊച്ചിയിലേക്കും വ്യാപിപ്പിക്കുന്നു. ഈ വർഷം ഏപ്രിലിലാണ് ഡൈൻ അപ്സ് ആപിന്റെ പൂർണമായ പതിപ്പ് കോഴിക്കോട്ട് അവതരിപ്പിച്ചത്. കോഴിക്കോട് ആസ്ഥാനമായ സ്റ്റാർട്ടപപ്പ് എക്ലെറ്റിക് ഈറ്റ്സാണ് ആപ് വികസിപ്പിച്ചത്.
ആരോഗ്യകരമായ ഭക്ഷണ ശീലം വളർത്തുന്നതിനോടൊപ്പം വനിതാ സംരംഭകത്വം വളർത്താനും ലക്ഷ്യമിട്ടാണ് ആപ് അവതരിപ്പിച്ചത്. വനിതകൾക്ക് തങ്ങളുടെ പാചക അഭിരുചി പ്രദർശിപ്പിക്കാൻ വളരെ ലളിതമായി ഉപയോഗിക്കാവുന്ന വേദി ലഭ്യമാക്കാനും അതുവഴി വരുമാന മാർഗം കണ്ടെത്താനും ഡൈൻ അപ്സ് സഹായിക്കുന്നു.
വീടുകളിലെ പാചകക്കാരുമായി ബന്ധപ്പെടുത്തി ഉപഭോക്താക്കൾക്ക് വീട്ടിലുണ്ടാക്കിയ ഭക്ഷണം ഓർഡർ ചെയ്യാനുള്ള വേദിയാണ് ഡൈൻ അപ്സ് ലഭ്യമാക്കുന്നത്. ഉപഭോക്താക്കൾക്ക് തങ്ങളുടെ പരിസരത്തുള്ള വീടുകളിൽ നിന്നുള്ള ഭക്ഷണം ഓർഡർ ചെയ്യാൻ ലൊക്കേഷൻ അടിസ്ഥാനമാക്കിയുള്ള സർച്ച് ഓപ്ഷൻ ഈ ആപ് നൽകുന്നു. ഓർഡർ ചെയ്യുന്ന ഭക്ഷണത്തിനുള്ള വില ഓൺലൈനായി തന്നെ അടയ്ക്കാവുന്നതുമാണ്. ഹോം ഡെലിവറി, അല്ലെങ്കിൽ ഇൻ-പേഴ്സൺ പിക് അപ് സൗകര്യവും ഇതിലുണ്ട്. കഴിച്ച ഭക്ഷണത്തെക്കുറിച്ചുള്ള പ്രതികരണങ്ങൾ രേഖപ്പെടുത്താനുള്ള സൗകര്യവുമുണ്ട്.
ഭക്ഷണത്തിലൂടെ സാംസ്‌കാരിക വൈവിധ്യങ്ങൾ പരിചയപ്പെടുത്തുന്നതിനോടൊപ്പം ആരോഗ്യകരമായ ഭക്ഷണ ശീലം വളർത്താനുമാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് കമ്പനിയുടെ സ്ഥാപകയും പ്രസിഡന്റുമായ സജ്ന വീട്ടിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഭക്ഷണം വീടുകളിൽ എത്തിക്കുന്ന നിരവധി സംരംഭങ്ങളുണ്ടെങ്കിലും വീട്ടിലുണ്ടാക്കിയ ഭക്ഷണമെന്നത് കൂടുതൽ ആരോഗ്യപ്രദവും വിശ്വാസ യോഗ്യവുമായിരിക്കുമെന്നും അവർ പറഞ്ഞു. ഒരു സ്ത്രീക്ക് സംരംഭകയെന്ന നിലയിൽ വിജയിക്കാൻ പ്രധാന തടസ്സം അഭിനിവേശത്തിന്റെ കുറവല്ല മറിച്ച,് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണെന്നും സജ്ന പറഞ്ഞു.
ഇത്തരം ഫുഡ് ഡെലിവറി ആപുകളുമായി കൊച്ചി നിവാസികൾ പരിചിതമായതിനാലാണ് കൊച്ചിയിലേക്ക് സംരംഭം വ്യാപിപ്പിക്കാൻ ഡൈൻഅപ്സ് തീരുമാനിച്ചത്. നിലവിലുള്ള സേവനങ്ങൾക്ക് പകരമായി വീട്ടിലുണ്ടാക്കിയ ആരോഗ്യകരമായ ഭക്ഷണം പ്രോത്സാഹിപ്പിക്കുകയെന്നതാണ് ഡൈൻ അപ്സ് ലക്ഷ്യമിടുന്നത്.
നിലവിൽ ഗൂഗ്ൾ പ്ലേസ്റ്റോറിൽ ലഭ്യമായ ഡൈൻ അപ്സ് ആപിന്റെ ഐഫോൺ പതിപ്പ് ഈ മാസം അവസാനം അവതരിപ്പിക്കും. കോഴിക്കോട് സ്വദേശി സജ്ന വീട്ടിലിന്റെ മനസ്സിലുദിച്ച ആശയമാണ് ഡൈൻ അപ്സ് ആപ്പ്. ഈ സംരംഭത്തിൽ പിന്നീട് ചങ്ങനാശ്ശേരി സ്വദേശി സോമി സിൽവി കമ്പനിയുടെ സിഒഒ ആയും ന്യൂയോർക് സ്വദേശി മാർക് വോങ് സിഎഫ്ഒ ആയും അവരോടൊപ്പം ചേരുകയായിരുന്നു.  വിവരങ്ങൾക്ക് സന്ദർശിക്കുക: www.dineups.com
 

	
	




