Sorry, you need to enable JavaScript to visit this website.

കാലാവസ്ഥ  അനുകൂലമായപ്പോൾ  റബർ വില ഇടിഞ്ഞു

കാലാവസ്ഥ അനുകൂലമായപ്പോൾ രാജ്യാന്തര വിപണിയിൽ റബർ വില താഴ്ന്നു; ഇറക്കുമതി സാധ്യത വർധിച്ചു. ചിങ്ങമായതോടെ ആകാശം തെളിഞ്ഞത് റബർ കർഷകർക്ക് ടാപ്പിങിന് അവസരമൊരുങ്ങി. പ്രതികൂല കാലാവസ്ഥ മൂലം ജൂണിൽ തുടങ്ങാനിരുന്ന ടാപ്പിങ് സീസൺ ആഴ്ചകൾക്ക് ശേഷമാണ് പുനരാരംഭിച്ചത്. ആദ്യം വരൾച്ചയും പിന്നീട് കനത്ത മഴയും ഉൽപാദകരെ പ്രതിസന്ധിയിലാക്കിയിരുന്നു. ചിങ്ങത്തിൽ മഴ കുറഞ്ഞത് റബർ വെട്ടിന് അനുകൂലമായി. ചെറുകിട കർഷകർ റബർ ടാപിങ് തുടങ്ങിയിട്ടുണ്ട്. 
ഓണാവശ്യങ്ങൾ മുന്നിൽ കണ്ട് ഈ വാരം ലാറ്റക്‌സും ഷീറ്റും വിൽപനയ്ക്ക് ഇറക്കാനുള്ള നീക്കത്തിലാണ് കാർഷിക മേഖല. പക്ഷേ, ടയർ വ്യവസായികളുടെ പിൻതുണ ലഭ്യമായാൽ മാത്രമേ റബറിന് പിടിച്ചു നിൽക്കാനാവൂ. നാലാം ഗ്രേഡ് റബർ വില 14,400 രൂപയിൽ നിന്ന് വാരാന്ത്യം 13,900 ലേയ്ക്ക് ഇടിഞ്ഞു. അഞ്ചാം ഗ്രേഡിന് 700 രൂപ കുറഞ്ഞ് 13,500 രൂപയായി. 
അന്താരാഷ്ട്ര മാർക്കറ്റിലെ സ്ഥിതിഗതികൾ വിലയിരുത്തിയാൽ റബർ വില വീണ്ടും കുറയാനാണ് സാധ്യത. ടോക്കോം എക്‌സ്‌ചേഞ്ചിൽ റബർ വില തകർച്ചയുടെ പിടിയിലാണ്. പോയവാരം കിലോ 174 യെന്നിലെ താങ്ങ് നഷ്ടപ്പെട്ടതിനാൽ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാക്കാം. വാരാവസാനം കിലോ 168 യെന്നിലേയ്ക്ക് ഇടിഞ്ഞ റബറിന് അടുത്ത സപ്പോർട്ട് 148 യെന്നിലാണ്. തായ്‌ലന്റും മലേഷ്യയും ഇന്തോനേഷ്യയും വിയറ്റ്‌നാമും റബർ വിൽപനക്കാരായി രംഗത്തുണ്ട്. ഇതിനിടയിലാണ് കേരളത്തിലെ കർഷകർ പുതിയ റബർ ഷീറ്റ് വിൽപനയ്ക്ക് ഒരുക്കുന്നത്. 
ഏലക്ക സീസൺ ആരംഭിച്ചു. ലേല കേന്ദ്രങ്ങളിൽ ചെറിയ അളവിൽ പുതിയ ചരക്ക് എത്തി. പ്രതികൂല കാലാവസ്ഥ മൂലം ഏതാണ്ട് രണ്ട് മാസം വൈകിയാണ് ഇക്കുറി വിളവെടുപ്പ് തുടങ്ങിയത്. സീസൺ വൈകിയത് മൂലം കാർഷിക മേഖലകളിലും ലേല കേന്ദ്രങ്ങളിലും ഏതാനും ആഴ്ചകളായി ഏലത്തിന് രൂക്ഷമായ ക്ഷാമം നിലനിന്നു. ഇടപാടുകാർ ലേല കേന്ദ്രങ്ങളിൽ പിടിമുറുക്കിയതോടെ മികച്ചയിനം കിലോ 7000 രൂപ വരെ ഉയർന്നിരുന്നു. ഓണ ഡിമാന്റ് മുന്നിൽ കണ്ട് ആഭ്യന്തര വാങ്ങലുകാർ ചരക്ക് സംഭരണം തുടങ്ങി. അതേ സമയം പുതിയ ചരക്ക് എത്തിയതോടെ ഉൽപന്ന വില കുറഞ്ഞു. ശനിയാഴ്ച നടന്ന ലേലത്തിൽ മികച്ചയിനങ്ങൾ കിലോ 2904 രൂപയായും ശരാശരി ഇനങ്ങൾ 2618 രൂപയായും ഇടിഞ്ഞു. ഓണാവശ്യങ്ങൾ മുന്നിൽ കണ്ട് ചെറുകിട കർഷകർ ഈ വാരം കൂടുതൽ ഏലക്ക വിൽപനയ്ക്ക് എത്തിക്കാൻ ഇടയുണ്ട്. 
ഉത്തരേന്ത്യ ഉത്സവ സീസണിന് ഒരുങ്ങുകയാണെങ്കിലും അവിടെ നിന്ന് കുരുമുളകിന് കാര്യമായ ഓർഡറില്ല. വിപണിയിലെ മാന്ദ്യം കണ്ട് കാർഷിക മേഖല കുറഞ്ഞ അളവിലാണ് ചരക്ക് ഇറക്കുന്നത്. വിദേശ ആവശ്യക്കാരുടെ അഭാവം മൂലം കയറ്റുമതിക്കാരും രംഗത്തില്ല. അന്താരാഷ്ട്ര  മാർക്കറ്റിൽ ഇതര ഉൽപാദന രാജ്യങ്ങൾ താഴ്ന്ന വിലയ്ക്ക് ചരക്ക് വാഗ്ദാനം ചെയ്യുന്നതിനാൽ ഇറക്കുമതി സാധ്യത ഉയരും. 
അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ബ്രസീലിയൻ മുളകിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ബ്രസീൽ 2000 ഡോളറിന് വരെ ഓഫർ ഇറക്കി. ഇന്തോനേഷ്യയും വിയറ്റ്‌നാമും 2500 ഡോളറിനും ശ്രീലങ്കയിൽ നിന്ന് 3000 ഡോളറിനും ഓഫർ ഇറക്കി. ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 5275 ഡോളറാണ്. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളക് 35,600 രൂപ. 
ഓണം അടുത്തതോടെ നാളികേര വിപണി സജീവമായി. ഉത്സവ ആവശ്യങ്ങൾ മുന്നിൽ കണ്ട് പ്രദേശിക വ്യാപാരികൾ എണ്ണ ശേഖരിച്ചതോടെ മില്ലുകാർ വെളിച്ചെണ്ണ വില 14,600 ൽ നിന്ന് 15,200 ലേക്ക് ഉയർത്തി. കൊപ്ര 9785 രൂപയിൽ നിന്ന് 10,170 രൂപയായി. തമിഴ്‌നാട്ടിലെ മില്ലുകാർ ഉയർന്ന അളവിൽ എണ്ണ വിൽപനക്ക് സജ്ജമാക്കി.  
കേരളത്തിൽ സ്വർണ വില പുതിയ റെക്കോർഡിൽ. ആഭരണ കേന്ദ്രങ്ങളിൽ പവൻ 28,000 ൽ നിന്ന് 27,840 ലേയ്ക്ക് വാരമധ്യം താഴ്ന്ന ശേഷം വെളളിയാഴ്ച 28,000 രൂപയായി. ശനിയാഴ്ച പവന് 320 രൂപ ഉയർന്ന് സർവകാല റെക്കോർഡായ 28,320 ൽ വ്യാപാരം നടന്നു. ഒരു ഗ്രാം സ്വർണം 3540 രൂപയായി. വിവാഹ സീസനാണെങ്കിലും വിലക്കയറ്റം വാങ്ങലുകാരെ സമ്മർദത്തിലാക്കി. ന്യൂയോർക്കിൽ സ്വർണം ട്രോയ് ഔൺസിന് 1512 ഡോളറിൽ നിന്ന് 1492 ലേയ്ക്ക് താഴ്ന്ന ശേഷം ശക്തമായ തിരിച്ചുവരവിൽ 1530 ഡോളർ വരെ കയറി. മാർക്കറ്റ് ക്ലോസിങിൽ നിരക്ക് 1527 ഡോളറിലാണ്. 


 

Latest News