Sorry, you need to enable JavaScript to visit this website.

അധിക നികുതി ഒഴിവാക്കി വിപണിയെ കരകയറ്റാൻ ശ്രമം

വിദേശ നിക്ഷേപകരുടെ കുത്തൊഴുക്ക് തടയാൻ ധനമന്ത്രാലയം ബജറ്റിൽ ഏർപ്പെടുത്തിയ അധിക നികുതി ഒടുവിൽ വേണ്ടന്നുവെച്ചു. ഏകദേശം 52 ദിവസം നീണ്ട അനിശ്ചിതാവസ്ഥക്ക് ഒടുവിലാണ് സൂപ്പർ ടാക്‌സ് പ്രശ്‌നത്തിൽ വിപണിക്ക് അനുകൂല നിലപാട് ധനമന്ത്രി സ്വീകരിച്ചത്. 
പിന്നിട്ട ഏഴാഴ്ചയായി തുടരുന്നു വിൽപന സമ്മർദത്തിൽ നിന്ന് താൽക്കാലികമായി ഇന്ത്യൻ മാർക്കറ്റിന് രക്ഷ നേടാനുളള അവസരമാണിത്. കഴിഞ്ഞ വാരം സെൻസെക്‌സ് 649 പോയന്റും നിഫ്റ്റി 219 പോയന്റും നഷ്ടത്തിലാണ്. എന്നാൽ ബജറ്റിന് മുമ്പേ തന്നെ ഇന്ത്യൻ വിപണിയിൽ ആരും അറിയാതെ ഊഹക്കച്ചവടക്കാർ നുഴഞ്ഞു കയറിയിരുന്നു. നിഫ്റ്റി സൂചിക 12,030 റേഞ്ചിൽ നീങ്ങിയ അവസരത്തിൽ ഒരു സാങ്കേതിക തിരുത്തലിനുള്ള സാധ്യത മണത്തറിഞ്ഞ്  നിക്ഷേപകരോട് രംഗത്ത് നിന്ന് അൽപം പിൻവലിയാൻ ഇതേ കോളത്തിൽ ജൂൺ ആദ്യം സൂചന നൽകിയിരുന്നു. ഏകദേശം 1400 പോയന്റ് തിരുത്തലാണ് വിപണിയിൽ ഇതിനകം അനുഭവപ്പെട്ടത്. പുതിയ സാഹചര്യത്തിൽ നിക്ഷേപകർ വിപണിയിലേയ്ക്ക് വരും ആഴ്ചകളിൽ കടക്കാം.          
വിദേശ ഓപറേറ്റർമാർ ഓഹരി സൂചികയിൽ ഇന്ന് വെടിക്കെട്ടിന് തിരികൊളുത്തുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ. അമ്പത് ദിവസം നീണ്ട കാത്തിരിപ്പിന് ശേഷമാണ് ബജറ്റ് നിർദേശത്തിൽ മാറ്റം വരുത്താൻ ധനമന്ത്രി തയാറായത്. 
മുൻനിരയിലെ പത്ത് കമ്പനികളിൽ ഏഴിനും പിന്നിട്ടവാരം തിരിച്ചടി നേരിട്ടു. ഇവയുടെ വിപണി മൂല്യത്തിൽ 86,878 കോടി രൂപയുടെ മൂല്യചോർച്ച. കനത്ത തിരിച്ചടി നേരിട്ടത് ഐ റ്റി സിക്കാണ്. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ), എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്ഡിഎഫ്‌സി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ എന്നിവയുടെ വിപണി മൂലധനത്തിൽ ഇടിവ് സംഭവിച്ചു. അതേ സമയം ടിസിഎസ്, എച്ച്യുഎൽ, ഇൻഫോസിസ് എന്നിവ നേട്ടത്തിലാണ്. 
വിദേശ ഓപറേറ്റർമാർ ഈ വാരം നിക്ഷേപത്തിന് മത്സരിച്ചാൽ കരടി വലയത്തിൽ നിന്ന് ഇന്ത്യൻ മാർക്കറ്റിനെ മോചിപ്പിക്കാനാവും. എന്നാൽ വൻ കുതിച്ചു ചാട്ടങ്ങൾക്കുള്ള അവസരം ഇനിയും ഒത്തു വന്നിട്ടില്ല. അതുകൊണ്ട് തന്നെ പുതിയ ഉയരങ്ങളിലേക്ക് തൽക്കാലം പ്രതീക്ഷ വേണ്ട. 
ഫ്യൂച്ചേഴ്‌സ് ആന്റ് ഓപ്ഷൻസിൽ ഈ വാരം ഓഗസ്റ്റ് സീരീസ് സെറ്റിൽമെന്റാണ്. അതുകൊണ്ട് തന്നെ കരുതലോടെ മാത്രം ഫണ്ടുകൾ ഒരോ ചുവടുവെപ്പും നടത്തൂ. നിഫ്റ്റി 11,147 പോയന്റിൽ നിന്ന് 10,638 വരെ ഇടിഞ്ഞ ശേഷം വ്യാപാരാന്ത്യം 10,828 ലാണ്. സൂചികക്ക് ഏകദേശം രണ്ട് ശതമാനം ഇടിവ് നേരിട്ടു. ഒരു ബുൾ തരംഗം ഉടലെടുത്താൽ സൂചിക 11,340 പോയന്റ് ലക്ഷ്യമാക്കും. എന്നാൽ ഇപ്പോഴത്തെ നിലക്ക് ആ റേഞ്ചിലേക്ക് കുതിക്കാൻ സെപ്റ്റംബർ വരെ കാത്തിരിക്കണം. നിലവിൽ വിപണിക്ക് 11,104-11,280 ൽ പ്രതിരോധമുണ്ട്. ഉയർന്ന റേഞ്ചിൽ വിൽപനക്കാർ പിടിമുറുക്കിയാൽ നിഫ്റ്റി വീണ്ടും 10,595 ലേക്ക് പരീക്ഷണം നടത്താം. നിഫ്റ്റിയുടെ മറ്റു സാങ്കേതിക ചലനങ്ങൾ വിലയിരുത്തിയാൽ സൂപ്പർ ട്രെൻഡ് പാരാബോളിക്ക് എസ് എ ആർ തുടങ്ങിയവ സെല്ലിങ് മൂഡിലാണ്. അതേ സമയം സ്‌റ്റോക്കാസ്റ്റിക് ആർ എസ് ഐ, ഫാസ്റ്റ് സ്‌റ്റോക്കാസ്റ്റിക്, സ്ലോ സ്‌റ്റോക്കാസ്റ്റിക് എന്നിവ ന്യൂട്ടറൽ റേഞ്ചിലുമാണ്.  
ബോംബെ സൂചിക 37,719 ൽ നിന്ന് 36,102 വരെ താഴ്ന്നു. എന്നാൽ വാരാന്ത്യം നിക്ഷേപകർ വിപണിയിൽ കാണിച്ച താൽപര്യം സൂചികയെ 36,701 ലേയ്ക്ക് ഉയർത്തി. ഈവാരം നിഫ്റ്റിക്ക് ആദ്യ പ്രതിരോധം 37,579-38,457 പോയന്റിലാണ്. അതേ സമയം സൂചിക തളർന്നാൽ 35,962-35,223  പോയന്റിൽ താങ്ങുണ്ട്. 
ഇന്ത്യൻ വിപണിയിൽ ഓഗസ്റ്റിൽ 2.6 ശതമാനം ഇടിഞ്ഞു. യു എസ്, ചൈന വ്യാപാര യുദ്ധത്തിന്റെ പിരിമുറക്കത്തിൽ നീങ്ങുന്ന ചൈനീസ് മാർക്കറ്റായ ഷാങ്ഹായ് സൂചിക ഈ മാസം താഴ്ന്നത്  കേവലം 0.39 ശതമാനം മാത്രമാണ്. വിദേശ ഓപറേറ്റർമാർ പിന്നിട്ട ഇരുപത്തി മൂന്ന് ദിവസത്തിനിടയിൽ ഏതാണ്ട് 3014.72  കോടി രൂപയുടെ ഓഹരികൾ വിറ്റുമാറി. പോയവാരം വിദേശ ധനകാര്യ നിക്ഷേപകർ 622 മില്യൺ ഡോളർ വിലമതിക്കുന്ന ഓഹരികൾ വിറ്റു.
നിക്ഷേപം തിരിച്ചു പിടിക്കാൻ ഫണ്ടുകൾ നടത്തി നീക്കം ഓഹരി സൂചികയെ മാത്രമല്ല വിനിമയ വിപണിയിൽ രൂപയെയും തളർത്തി. ഡോളറിന് മുന്നിൽ രൂപയുടെ മൂല്യം ഈ വർഷത്തെ ഏറ്റവും താഴ്ന്ന നിലവാരമായ 72.01 ലേക്ക് കഴിഞ്ഞ ദിവസം ഇടിഞ്ഞു. വാരാരംഭത്തിൽ 71.14 ൽ നിലകൊണ്ട രൂപ വാരാന്ത്യം 52 പൈസ നഷ്ടപ്പട്ട 71.66 ലാണ്. മാസാരംഭം രൂപയുടെ മൂല്യം 68.88 ലായിരുന്നു. വിനിമയ നിരക്കിൽ ഏകദേശം മൂന്ന് രൂപയുടെ ഇടിവ് സംഭവിച്ചു. 

Latest News