ബിയാറിറ്റ്‌സ് (ഫ്രാൻസ്)- കശ്മീർ വിഷയത്തിൽ ഇന്ത്യക്കും പാക്കിസ്ഥാനുമിടയിൽ മധ്യസ്ഥം വഹിക്കേണ്ട കാര്യമില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മുഴുവൻ കാര്യങ്ങളും അധീനതയിലാണെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞെന്നും മധ്യസ്ഥത ആവശ്യമില്ലെന്നും ട്രംപ് വ്യക്തമാക്കി. നേരത്തെ ഇന്ത്യക്കും പാക്കിസ്ഥാനുമിടയിൽ മധ്യസ്ഥം വഹിക്കാമെന്ന് ട്രംപ് അറിയിച്ചിരുന്നു. ഇത് ഏറെ വിവാദമാകുകയും ചെയ്തു. എന്നാൽ ഫ്രാൻസിലെ ബിയാറിറ്റ്‌സിൽ നടക്കുന്ന ജി.7 ഉച്ചകോടിയിൽ മോഡിയുമായി നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷം ഇന്ത്യക്കും പാക്കിസ്ഥാനുമിടയിൽ മധ്യസ്ഥം വഹിക്കേണ്ട കാര്യമില്ലെന്ന് ട്രംപ് വ്യക്തമാക്കി. കശ്മീരിനെ പറ്റി താനും മോഡിയും ഏറെനേരം സംസാരിച്ചെന്നും ട്രംപ് വ്യക്തമാക്കി.
കാശ്മീർ വിഷയത്തിൽ അമേരിക്കയുടെ ഇടപെടൽ ആവശ്യമില്ലെന്ന് ട്രംപിനോട് മോഡി വ്യക്തമാക്കി. കശ്മീർ വിഷയം ചർച്ച ചെയ്യാൻ ഇന്ത്യയും പാക്കിസ്താനുമല്ലാതെ മൂന്നാമതൊരു രാജ്യത്തിന്റെ ആവശ്യമില്ലെന്ന് ട്രംപിനോട് മോഡി ആവർത്തിച്ചു. കശ്മീർ വിഷയത്തിൽ ബാഹ്യ ഇടപെടൽ ആവശ്യമില്ലെന്ന് മോഡി ആവർത്തിച്ചു.
പാക്കിസ്താനുമായി ഇന്ത്യ സംസാരിക്കും. ശുഭകരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ അവർക്ക് സാധിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. പാക്കിസ്താനും ഇന്ത്യയ്ക്കുമിടയിലുള്ള എല്ലാ പ്രശ്‌നങ്ങളും ഞങ്ങൾ തന്നെ ചർച്ചകളിലൂടെ പരിഹരിക്കുമെന്നും അതിനാൽ തന്നെ മറ്റൊരു രാജ്യത്തെ ഇതിലേക്ക് വലിച്ചിഴക്കേണ്ട കാര്യമില്ലെന്ന് മോഡിയും മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്ത്യയും പാക്കിസ്താനും തമ്മിലുള്ളത് ഉഭയകക്ഷി പ്രശ്‌നമാണ് മറ്റ് രാജ്യങ്ങൾക്ക് ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും മോഡി കൂട്ടിച്ചേർത്തു.