ബംഗളുരു- മോഡലിനെ കൊലപ്പെടുത്തിയ ശേഷം മൊബൈൽ കവർന്നു ഭർത്താവിനെ ബന്ധപ്പെട്ട് അഞ്ചു ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്‌ത ടാക്‌സി ഡ്രൈവർ പോലീസ് പിടിയിൽ. കൊൽക്കത്തയിലെ മോഡലും ഇവന്റ് മാനേജരുമായി പ്രവർത്തിക്കുന്ന 32 കാരി പൂജ സിങ് ആണ് കൊല്ലപ്പെട്ടത്. ഇവന്റ് മാനേജ്‌മെന്റ് പരിപാടിക്കായി ബംഗളുരുവിൽ എത്തിയ യുവതി പരിപാടിക്ക് ശേഷം കൊൽക്കത്തയിലേക്ക് മടങ്ങാനായി വിമാനത്താവളത്തിലേക്ക് ടാക്‌സിയിൽ പോകുന്ന വേളയിലാണ് ഡ്രൈവർ ഇവരെ കൊലപ്പെടുത്തിയത്. അജ്ഞാതസ്ഥലത്തേക്ക് കാറോടിച്ച് യുവതിയെ കൊലപ്പെടുത്തിയ ശേഷം കൈവശമുണ്ടായിരുന്ന മൈബൈൽ, പണം, എടിഎം തുടങ്ങിയവ കൈക്കലാക്കിയ ശേഷം വിമാനത്താവള കോമ്പൗണ്ടിനു സമീപം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.
ഇതിനിടെ അഞ്ചു ലക്ഷം രൂപ ആവശ്യപ്പെട്ടു ഭർത്താവിന്റെ മൊബൈലിൽ സന്ദേശമെത്തിയതോടെ കൊൽക്കത്ത പോലീസിൽ ഭർത്താവ് പരാതി നൽകിയിരുന്നു. ഈ പരാതി ബംഗലൂരു പൊലീസിന് കൈമാറിയതിന്റെ അടിസ്ഥാനത്തിൽ അന്വേഷണവും നടക്കുന്നതിനിടെ വിമാനത്താവള കോമ്പൗണ്ടിനു സമീപത്ത് നിന്നും യുവതിയുടെ മൃതദേഹം കണ്ടെത്തുകയും ചെയ്‌തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ടാക്‌സി ഡ്രൈവർ പോലീസ് പിടിയിലായത്.