ബിജെപിക്കെതിരെ പ്രതിപക്ഷം 'മാരക ശക്തി' ഉപയോഗിക്കുന്നു; നേതാക്കളുടെ മരണങ്ങളെ കുറിച്ച് പ്രഗ്യ

ഭോപാല്‍- ബിജെപിയുടെ ഉന്നത നേതാക്കളുടെ അടുത്തടുത്തായുള്ള മരണത്തിനു പിന്നില്‍ പ്രതിപക്ഷം ഉപയോഗിക്കുന്ന 'മാരക ശക്തി'കളെന്ന് മാലേഗാവ് സ്‌ഫോടനക്കേസ് പ്രതിയും ബിജെപി എംപിയുമായി പ്രഗ്യ സിങ്. ബിജെപി നേതാക്കളെ ഇല്ലാതാക്കാന്‍ പ്രതിപക്ഷം ദുഷ്ട ശക്തികളെ ഉപയോഗിക്കുകയാണെന്നും അവര്‍ ആരോപിച്ചു. ബിജെപി സംസ്ഥാന ഓഫീസില്‍ സംഘടിപ്പിച്ച അന്തരിച്ച മുന്‍ കേന്ദ്ര മന്ത്രിമാരായ അരുണ്‍ ജെയ്റ്റ്‌ലിയുടേയും സുഷമ സ്വരാജിന്റെയും അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രഗ്യ.

നമുക്കിപ്പോള്‍ മോശം സമയമാണെന്നും ബിജെപിക്കെതിരെ പ്രതിപക്ഷം മാരക ശക്തിയെ ഉപയോഗപ്പെടുത്തുന്നതായും ഒരു സന്യാസി പ്രമുഖന്‍ തന്നോട് പറഞ്ഞിരുന്നു. അതു പിന്നീട് മറന്നു പോയെങ്കിലും ഇപ്പോള്‍ നേതാക്കള്‍ ഓരോരുത്തരായി വിടപറഞ്ഞപ്പോഴാണ് ആ സന്യാസി പറഞ്ഞത് ശരിയായിരുന്നോ എന്ന് വീണ്ടും ചിന്തിച്ചത്- പ്രഗ്യ പറഞ്ഞു. ഈ മാസം രണ്ടു മുതിര്‍ന്ന നേതാക്കളാണ് മരിച്ചത്. ഏതാനും മാസങ്ങള്‍ക്കിടെ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍, കേന്ദ്ര മന്ത്രി അനന്ത് കുമാര്‍ തുടങ്ങിയ ബിജെപി നേതാക്കളും മരിച്ചിരുന്നു.

Latest News