Sorry, you need to enable JavaScript to visit this website.

സൗദിയില്‍ സ്ത്രീ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ നിരവധി വ്യവസ്ഥകള്‍

റിയാദ് - എല്ലാ വിഭാഗം സ്ഥാപനങ്ങളിലും വനിതകളെ രാത്രി ജോലിക്കു വെക്കുന്നതിനുള്ള വ്യവസ്ഥകൾ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം നിർബന്ധമാക്കി. വകുപ്പ് മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹിയാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം അംഗീകരിച്ചത്. വനിതകളുടെ രാത്രി ജോലിക്ക് പന്ത്രണ്ടു പൊതുവ്യവസ്ഥകളും ബാധകമാക്കിയിട്ടുണ്ട്. അനുയോജ്യമായ തൊഴിൽ സാഹചര്യം ഉറപ്പു വരുത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വനിതകളുടെ രാത്രി ജോലിക്ക് പ്രത്യേക വ്യവസ്ഥകൾ നിർബന്ധമാക്കിയിരിക്കുന്നത്. 
രാത്രി ഡ്യൂട്ടി സമയം വൈകിട്ട് ആറു മുതൽ രാവിലെ ആറു വരെയായി നിർണയിച്ചിട്ടുണ്ട്. ആരോഗ്യ മേഖലാ സ്ഥാപനങ്ങൾ-സന്നദ്ധ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജോലികൾ, അടിയന്തര സാഹചര്യങ്ങളിലെ ജോലികൾ, എളുപ്പത്തിൽ കേടായിപ്പോകുന്ന ഉൽപന്നങ്ങൾ സൂക്ഷിക്കുന്നതിന് രാത്രിയിലെ ജോലി അനിവാര്യമാകൽ, ഉന്നത പദവികൾ വഹിക്കുന്ന വനിതകൾ, സെക്യൂരിറ്റിയുടെയും ഇലക്‌ട്രോണിക് സെക്യൂരിറ്റി സംവിധാനത്തിന്റെയും സാന്നിധ്യത്തിൽ മാളുകളിലെയും 100 ചതുരശ്ര മീറ്ററിൽ വിസ്തീർണം കുറയാത്ത സ്ഥാപനങ്ങളിലെയും ജോലി, റമദാനിലും സീസണുകളിലും ഹജ്, ഉംറ തീർഥാടകരുടെ സാന്നിധ്യമുള്ള മക്കയിലെയും മദീനയിലെയും സെൻട്രൽ ഏരിയകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ ജോലി, മക്കയിലെയും മദീനയിലെയും സെൻട്രൽ ഏരിയകളിൽ ഹജ്, ഉംറ സ്ഥാപനങ്ങളിലെയും ഗതാഗത സ്ഥാപനങ്ങളിലെയും മറ്റും ജോലി, പൊതുജനങ്ങളെ ലക്ഷ്യമിട്ടുള്ള വിനോദ പരിപാടികൾ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ജോലികൾ, ശിശുപരിചരണ കേന്ദ്രങ്ങൾ-വികലാംഗ പരിചരണ കേന്ദ്രങ്ങൾ-അച്ചടി-പ്രസിദ്ധീകരണം-മാധ്യമങ്ങൾ, വിവാഹ ഓഡിറ്റോറിയങ്ങൾ, വ്യോമ ഗതാഗതം, കര ഗതാഗതം, കസ്റ്റമർ കെയർ സെന്ററുകളിൽ ലഭിക്കുന്ന കോളുകൾക്ക് മറുപടി നൽകൽ തുടങ്ങിയ ജോലികളിലും പ്രവർത്തന മേഖലകളിലും വനിതകളെ രാത്രി ജോലിക്കു വെക്കാവുന്നതാണ്.  
തൊഴിലുകളിൽ അവസര സമത്വം ഇല്ലാതാക്കുന്ന നിലക്ക് വനിതകളുടെ സ്വാതന്ത്ര്യത്തിൽ സമ്മർദം ചെലുത്താൻ പാടില്ലെന്ന് വനതികളെ ജോലിക്കു വെക്കുന്നതുമായി ബന്ധപ്പെട്ട പൊതുവ്യവസ്ഥകൾ വ്യക്തമാക്കുന്നു. ഒരേ ജോലി നിർവഹിക്കുന്ന വനിതാ, പുരുഷ ജീവനക്കാരുടെ വേതനങ്ങൾക്കിടയിൽ വിവേചനം കാണിക്കാനും പാടില്ല. വനിതകൾക്ക് അനുയോജ്യമായ തൊഴിൽ സാഹചര്യം ഒരുക്കൽ തൊഴിലുടമകളുടെ നേരിട്ടുള്ള ഉത്തരവാദിത്തമാണ്. വനിതാ ജീവനക്കാർ മാന്യമായ വേഷവിധാനം പാലിക്കണം. വനിതാ ഉപയോക്താക്കളെ മാത്രം സ്വീകരിക്കുന്ന സ്ഥാപനങ്ങളാണെങ്കിലും വനിതാ ജീവനക്കാരുടെ വേഷവിധാനം മാന്യമായിരിക്കണം. വനിതകൾക്കു മാത്രമുള്ള സ്ഥാപനങ്ങളാണെങ്കിൽ അക്കാര്യവും പുരുഷന്മാർക്ക് പ്രവേശന വിലക്കുള്ള കാര്യവും വ്യക്തമാക്കി സ്ഥാപനങ്ങളുടെ മുൻവശത്ത് എളുപ്പത്തിൽ കാണുന്ന നിലക്ക് ബോർഡ് സ്ഥാപിക്കണം. ഇത്തരം സ്ഥാപനങ്ങളിൽ പുരുഷന്മാർ ജോലി ചെയ്യുന്നതിനും വിലക്കുണ്ട്. 
സ്ത്രീരുപുഷ ഉപയോക്താക്കളെ ഒരുപോലെ സ്വീകരിക്കുന്ന സ്ഥാപനങ്ങളിൽ വനിതകൾ ജോലി ചെയ്യുന്ന സ്ഥലങ്ങൾ ജീവനക്കാരികളുടെ സ്വകാര്യതയും സ്വാതന്ത്ര്യവും സംരക്ഷിക്കുന്ന നിലക്കായിരിക്കണം സജ്ജീകരിക്കേണ്ടത്. ഇത്തരം വിഭാഗങ്ങൾ പൂർണമായും വേർതിരിക്കണമെന്ന് വ്യവസ്ഥയില്ല. എന്നാൽ സ്ത്രീപുരുഷ ജീവനക്കാർ പരസ്പരം കൂടിക്കരുന്ന സാഹചര്യം ഉണ്ടാകാൻ പാടില്ല. സ്ത്രീപുരുഷ ജീവനക്കാർ യോഗം ചേരേണ്ട ആവശ്യമുണ്ടെങ്കിൽ അത് തൊഴിൽ സ്ഥലത്തായിരിക്കണം. സംഘമായുള്ള ഔദ്യോഗിക യോഗങ്ങൾ തൊഴിൽ സ്ഥലത്തിന് പുറത്തും സംഘടിപ്പിക്കാവുന്നതാണ്. എന്നാൽ ഇത്തരം യോഗങ്ങളിൽ പുരുഷ ജീവനക്കാരനും വനിതാ ജീവനക്കാരിയും ഒറ്റക്കാകുന്ന സാഹചര്യം സൃഷ്ടിക്കുന്നതിന് വിലക്കുണ്ട്. 
സ്ത്രീകളെ ജോലിക്കു വെക്കുന്ന സ്ഥാപനങ്ങളിൽ സെക്യൂരിറ്റിയോ അനുയോജ്യമായ ഇലക്‌ട്രോണിക് സുരക്ഷാ സംവിധാനങ്ങളോ ഏർപ്പെടുത്തൽ നിർബന്ധമാണ്. സ്ഥാപനങ്ങളിൽ ഗോഡൗണുകളുണ്ടെങ്കിൽ അവക്കകത്തും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കൽ നിർബന്ധമാണ്. തൊഴിൽ സമയത്ത് വനിതാ ജീവനക്കാർക്ക് വിശ്രമിക്കുന്നതിന് കസേരകൾ ലഭ്യമാക്കിയിരിക്കണം. നമസ്‌കാരത്തിനും വിശ്രമത്തിനും പ്രത്യേക സ്ഥലം ഒരുക്കുകയും ടോയ്‌ലറ്റുകൾ ലഭ്യമാക്കുകയും വേണം. സ്ത്രീപുരുഷ ജീവനക്കാർ ഒരുമിച്ചു ജോലി ചെയ്യുന്ന സ്ഥാപനങ്ങളാണെങ്കിൽ ഒരു ഷിഫ്റ്റിലെ വനിതാ ജീവനക്കാരുടെ എണ്ണം രണ്ടിൽ കുറയാനും പാടില്ല. പുരുഷ ഉപയോക്താക്കളെ മാത്രം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ വനിതകളെ ജോലിക്കു വെക്കുന്നതിന് വിലക്കുണ്ട്. സ്ത്രീപുരുഷ ഉപയോക്താക്കളെ ഒരുപോലെ സ്വീകരിക്കുന്ന സ്ഥാപനങ്ങളിൽ പുരുഷ വിഭാഗങ്ങളിൽ ഭക്ഷണ വിതരണം, ക്ലീനിംഗ് അടക്കമുള്ള നേരിട്ടുള്ള സേവനങ്ങളിൽ വനിതകൾ ജോലി ചെയ്യുന്നതിനും വിലക്കുണ്ട്.

Latest News