റിയാദ് - കാർബൺ ഡയോക്‌സൈഡ് ബഹിർഗമനം വ്യാവസായിക ഉൽപന്നങ്ങളാക്കി മാറ്റുന്ന നവീന മാർഗങ്ങൾ വികസിപ്പിച്ചതായി ദേശീയ എണ്ണ കമ്പനിയായ സൗദി അറാംകോ അറിയിച്ചു. ലോകമെങ്ങും സമൂഹങ്ങൾക്കും വ്യക്തികൾക്കും ഉപകാരപ്പെടുന്ന ഉൽപന്നങ്ങളാക്കിയാണ് കാർബൺ ഡയോക്‌സൈഡ് മാറ്റുന്നത്. ഹാനികരമായ വാതകങ്ങളുടെ ബഹിർഗമനം കുറക്കുന്നതിനു മാത്രമല്ല, മറിച്ച് കാർബൺ ഡയോക്‌സൈഡും മറ്റു വാതകങ്ങളും വ്യവസായ മേഖലയിൽ ലോകത്തിന് ഉപകാരപ്പെടുന്ന ഉൽപന്നങ്ങളാക്കി മാറ്റുന്നതിനും കമ്പനി ശ്രമിക്കുന്നു.
കാർബൺ ഡയോക്‌സൈഡും മറ്റു വാതക ബഹിർഗമനങ്ങളും യാതൊരുവിധ മൂല്യവുമില്ലാത്ത അവശിഷ്ടമെന്നോണം ആഗോള താപന പ്രവണതക്കുള്ള കാരണമായല്ല സൗദി അറാംകോ കാണുന്നത്. മറിച്ച്, വാഹനങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ, പെയിന്റുകൾ, ഭക്ഷണ പേക്കിംഗ് വസ്തുക്കൾ അടക്കമുള്ള ഉൽപന്നങ്ങൾ നിർമിക്കുന്നതിനുള്ള പ്രയോജനപ്രദമായ പദാർഥങ്ങളായാണ് കാർബൺ ഡയോക്‌സൈഡ് അടക്കം എണ്ണ, പ്രകൃതി വാതക വ്യവസായ മേഖല പുറംതള്ളുന്ന വാതകങ്ങളെ സൗദി അറാംകോ കാണുന്നതെന്നും കമ്പനി പറഞ്ഞു.