കൊച്ചി- ലശ്കറെ തയ്യിബ ബന്ധം സംശിച്ചു പോലീസ് കസ്റ്റഡിയിലെടുത്ത
കൊടുങ്ങല്ലൂര്‍ മതിലകം സ്വദേശി അബ്ദുല്‍ ഖാദര്‍ റഹീമിനെയും (39) വയനാട് ബത്തേരി സ്വദേശിയായ യുവതിയെയും വിട്ടയച്ചു.
പോലീസും കേന്ദ്ര ഏജന്‍സികളും 24 മണിക്കൂര്‍ ചോദ്യംചെയ്ത ശേഷമാണ് ഇരുവരേയും വിട്ടയച്ചത്. സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ലെന്നു കൊച്ചി പോലീസ് അറിയിച്ചു. കൊടുങ്ങല്ലൂര്‍ സ്വദേശിയായ റഹീമിനെ എറണാകുളം ജില്ലാ കോടതി സമുച്ചയത്തില്‍നിന്നു ശനിയാഴ്ചയാണ് കസ്റ്റഡിയിലെടുത്തത്.
ശ്രീലങ്ക വഴി ലശ്കര്‍ ഭീകരര്‍ നുഴഞ്ഞു കയറിയെന്ന ഭീതിയെ തുടര്‍ന്നു കേരളത്തിലും തമിഴ്‌നാട്ടിലും പരിശോധന കര്‍ശനമാക്കിയിരുന്നു. വിദേശത്തു പെണ്‍വാണിഭ സംഘത്തിന്റെ പിടിയിലായിരുന്ന യുവതിയെ രക്ഷപ്പെടുത്തി നാട്ടിലെത്തിച്ചതിന്റെ പ്രതികാരം തീര്‍ക്കാന്‍ പെണ്‍വാണിഭ മാഫിയ തന്നെ ഭീകരനായി ചിത്രീകരിച്ചു പോലീസിനെ തെറ്റിദ്ധരിപ്പിച്ചെന്നാണു റഹീം പോലീസിനെ അറിയിച്ചു. റഹീമിനെ കുറിച്ചു പൊലീസിനു ലഭിച്ച രഹസ്യവിവരങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍.ഐ.എ) പരിശോധിച്ചിരുന്നു.
തമിഴ്‌നാടു പോലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കേരള പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം കഴിഞ്ഞ ദിവസം റഹീമിന്റെ കൊടുങ്ങല്ലൂരിലെ വീടും പരിസരവും നിരീക്ഷിച്ചിരുന്നു. ദീര്‍ഘകാലം വിദേശത്തായിരുന്ന റഹീം മടങ്ങിയെത്തി ആലുവയില്‍ ഓട്ടമൊബൈല്‍ വര്‍ക്‌ഷോപ്പ് ആരംഭിച്ചിരുന്നു. ഒരു മാസം മുമ്പാണു ബഹ്‌റൈനിലേക്കു പോയത്.