ദിലീപിനെ റിമാന്‍ഡ് ചെയ്തു; പോലീസ് കസ്റ്റിഡിയില്‍ വിട്ടില്ല

തെറ്റു ചെയ്യാത്തതിനാല്‍ ഭയമില്ലെന്ന് ദിലീപ്

കൊച്ചി- നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അങ്കമാലിക്കു സമീപം വേങ്ങൂരിലെ മജിസ്‌ട്രേറ്റിന്റെ വസതിയിലാണ് ദിലീപിനെ ഹാജരാക്കിയത്. പുലര്‍ച്ചെ ആറുമണിയോടെയാണ് ആലുവ പോലീസ് ക്ലബില്‍നിന്ന് ദിലീപിനെ മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ എത്തിച്ചത്. കസ്റ്റഡിയില്‍ വിടണമെന്ന പോലീസിന്റെ ആവശ്യം മജിസ്‌ട്രേറ്റ് തള്ളി. റിമാന്‍ഡ് ചെയ്ത ദിലീപിനെ ആലുവ സബ് ജയിലിലേക്കു മാറ്റി.
നടിക്കെതിരെ നടന്ന ഗൂഢാലോചനയുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച വൈകിട്ട് ആറരയോടെയാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. 
തെറ്റു ചെയ്യാത്തതിനാല്‍ ഭയമില്ലെന്ന് മജിസ്‌ട്രേറ്റിന്റെ വസതിയില്‍നിന്ന് ജയിലിലേക്കു കൊണ്ടുപോകവെ ദിലീപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ദിലീപിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ രാംകുമാര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് ദിലീപ് അല്ലാതെ മറ്റാരും കസ്റ്റഡിയില്‍ ഇല്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കൃത്യമായ തെളിവുകളോടെയാണ് ദിലീപിനെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും കേസില്‍ അന്വേഷണം തുടരുകയാണെന്നും മറ്റുകാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും ഡിജിപി പറഞ്ഞു.

കഴിഞ്ഞ ഫെബ്രുവരി 17നാണ് നടിയെ അങ്കമാലി അത്താണിക്കു സമീപം തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം നടന്നത്. നടിയുടെ മുന്‍ ഡ്രൈവര്‍ കൂടിയായ പള്‍സര്‍ സുനി എന്ന സുനില്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു അക്രമം. ഓടുന്ന വാഹനത്തിനുള്ളില്‍ നടിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച അക്രമികള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയശേഷം കാക്കനാട് ഭാഗത്ത് ഇറക്കിവിടുകയായിരുന്നു.

 

Latest News