മോഡിക്ക് ബഹുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് പാക് സെനറ്റ് ചെയര്‍മാന്‍ യുഎഇ സന്ദര്‍ശനം റദ്ദാക്കി

ഇസ്ലാമാബാദ്- പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് യുഎഇ പരമോന്നത സിവിലിയന്‍ ബഹുമതി നല്‍കി ആദരിച്ചതിനെ തുടര്‍ന്ന് പാക്കിസ്ഥാന്‍ സെനറ്റ് അധ്യക്ഷന്‍ സാദിഖ് സന്‍ജറാനിയും സംഘവു യുഎഇ സന്ദര്‍ശനം റദ്ദാക്കി. പാക്കിസ്ഥാന്‍ പാര്‍ലമെന്റിന്റെ ഉപരിസഭയായ സെനറ്റ് ചെയര്‍മാനായ സന്‍ജറാനി പാര്‍ലമെന്റ് പ്രതിനിധി സംഘത്തോടൊപ്പം നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ശനിയാഴ്ച യുഎഇയിലേക്ക് പോകേണ്ടതായിരുന്നു. കശ്മീര്‍ വിഷയത്തിലുള്ള പ്രതിഷേധ സൂചകമായാണ് ഈ നീക്കം. കശ്മരീകളുടെ അവകാശത്തെ പാക്കിസ്ഥാന്‍ പൂര്‍ണമായും പിന്തുണയ്ക്കുന്നുവെന്നും മോഡി സര്‍ക്കാര്‍ കശ്മീരില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത് അതിക്രമമാണെന്നും സന്‍ജറാനി പത്രകുറിപ്പില്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ യുഎഇ സന്ദര്‍ശനം പാക്കിസ്ഥാനി, കശ്മീരി സഹോദരങ്ങളുടെ വികാരത്തെ വേദനിപ്പിക്കുമെന്നും അതിനാലാണ് പാര്‍ലമെന്റ് സംഘത്തിന്റെ സന്ദര്‍ശനം റദ്ദാക്കിയതെന്നും പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞു.
 

Latest News