രാഹുല്‍ യാത്ര ചെയ്ത വിമാനത്തെ ദല്‍ഹി എയര്‍പോര്‍ട്ടിനു മുകളില്‍ 'വട്ടംകറക്കി'

ന്യൂദല്‍ഹി- ജമ്മു കശ്മീര്‍ സന്ദര്‍ശനത്തിനു പുറപ്പെട്ട് ശ്രീനഗറില്‍ നിന്നും ദല്‍ഹിയിലേക്കു തിരിച്ചയച്ച രാഹുല്‍ ഗാന്ധിയടക്കമുള്ള യാത്രക്കാരെ ദല്‍ഹി വിമാനത്താവളത്തിനു മുകളില്‍ വിമാനത്തില്‍ വട്ടം കറക്കി. ഗോ എയര്‍ ജി8-149 വിമാനം ലാന്‍ഡ് ചെയ്യാന്‍ തയാറെടക്കുന്നതിനിടെയാണ് നിലത്തിറക്കാതെ പൈലറ്റ് വീണ്ടു വട്ടമിട്ടു പറത്തിയത്. വിമാനത്തിലുണ്ടായിരുന്ന നൂറിലേറെ യാത്രക്കാര്‍ക്കിടയില്‍ ഇത് അസ്വസ്ഥതയുണ്ടാക്കി. കശ്മീര്‍ സന്ദര്‍ശനത്തിനു പോയ രാഹുലിനെ കുടാതെ ഗുലാം നബി ആസാദ്, സിപിഎം നേതാവ് സീതാറാം യെച്ചൂരി, ആര്‍ഡെജി നേതാവ് മനോജ് ഝാ എന്നിവരടക്കമുള്ള നേതാക്കളും വിമാനത്തിലുണ്ടായിരുന്നു.

റണ്‍വേ ലഭ്യമല്ലാത്തതിനെ തുടര്‍ന്നാണ് വിമാനത്തെ വട്ടമിട്ടു പറത്തേണ്ടി വന്നതെന്നും ഉടന്‍ ലാന്‍ഡ് ചെയ്യുമെന്നും പൈലറ്റ് യാത്രക്കാരെ അറിയിച്ചു. എല്ലാം സാധാരണ നിലയിലാണെന്നും യാത്രക്കാര്‍ക്കു നേരിട്ട അസൗകര്യത്തില്‍ ഖേദമുണ്ടെന്നും പൈലറ്റ് അറിയിച്ചു. എന്നാല്‍ വിമാനത്തില്‍ പക്ഷിയിടി സാധ്യത കണക്കിലെടുത്താണ് ലാന്‍ഡ് ചെയ്യാതെ വട്ടമിട്ടു പറത്തിയതെന്നാണ് ഗോ എയറിന്റെ വിശദീകരണം. ദല്‍ഹി എയര്‍ ട്രാഫിക് കണ്‍ട്രോള്‍ യുനിറ്റിന്റെ നിര്‍ദേശ പ്രകാരമാണ് വിമാനത്തെ വട്ടമിട്ടു പറത്തിയതെന്നും കമ്പനി വക്താവ് പറഞ്ഞു.
 

Latest News