സിസ്റ്റര്‍ അഭയ കേസ്: മദര്‍ സുപ്പീരിയറിനെ വിസ്തരിക്കും

തിരുവനന്തപുരം- സിസ്റ്റര്‍ അഭയ കൊലക്കേസില്‍ മദര്‍ സുപ്പീരിയര്‍ ലിസ്യു, സിസ്റ്റര്‍ അനുപമ എന്നിവരെ നാളെ തിരുവനന്തപുരം സി.ബി.ഐ കോടതി വിസ്തരിക്കും. പ്രോസിക്യൂഷന്‍ കേസില്‍ ഇവര്‍ യഥാക്രമം രണ്ടും മൂന്നും സാക്ഷികളാണ്. ലോക്കല്‍ പോലീസില്‍ പരാതി കൊടുത്ത ഭാഗം തെളിയിക്കുന്നതിലേക്കായാണ് മദര്‍ സുപ്പീരിയറെ വിസ്തരിക്കുന്നത്. അഭയയുടെ മൃതദേഹം കിണറ്റില്‍ നിന്നും കണ്ടെടുത്ത ശേഷം ലോക്കല്‍ പോലീസ് നടത്തിയ ഇന്‍ക്വസ്റ്റ് നടപടികളില്‍ അസി. സബ് ഇന്‍സ്‌പെക്ടര്‍ അഗസ്റ്റിന്‍ നടത്തിയ കൃത്രിമം തെളിയിക്കുന്നതിലേക്കായാണ് സിസ്റ്റര്‍ അനുപമയെ സാക്ഷിയായി വിസ്തരിക്കുന്നത്.
മൃതദേഹം കിണറ്റില്‍ നിന്നും കണ്ടെടുക്കുമ്പോള്‍ ഇല്ലാതിരുന്ന ചില വസ്ത്രങ്ങള്‍ ഉണ്ടായിരുന്നതായി അഗസ്റ്റിന്‍ ഇന്‍ക്വസ്റ്റില്‍ എഴുതി ചേര്‍ത്തതായാണ് അനുപമ സിബിഐക്ക് മൊഴി നല്‍കിയിട്ടുള്ളത്. സിബിഐ ചോദ്യം ചെയ്ത് വിട്ടയച്ച അഗസ്റ്റിനെ പിന്നീട് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. കേസിലെ ഒന്നാം സാക്ഷിയായ അഭയയുടെ പിതാവ് മരണപ്പെട്ടു.
ഫാ.തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ക്കെതിരെ സിബിഐ കോടതിയില്‍ വിചാരണ നാളെ മുതലാണ് ആരംഭിക്കുന്നത്. അന്നേ ദിവസം മുതല്‍ ഷെഡ്യൂള്‍ പ്രകാരമുള്ള കേസിലെ 133 സാക്ഷികളെ വിസ്തരിക്കുവാന്‍ പ്രോസിക്യൂഷനോട് തിരുവനന്തപുരം സി.ബി.ഐ കോടതി സ്‌പെഷ്യല്‍ ജഡ്ജി കെ. സനല്‍കുമാര്‍ ഉത്തരവിട്ടിരുന്നു.

 

Latest News