Sorry, you need to enable JavaScript to visit this website.

കരിപ്പൂരില്‍ സ്വര്‍ണക്കടത്ത് കാരിയര്‍മാരെ ലക്ഷ്യമിടുന്ന സംഘം സജീവം

കൊണ്ടോട്ടി- സ്വര്‍ണക്കടത്ത് കാരിയറെ തട്ടിക്കൊണ്ടുപോയ കേസിലെ അന്വേഷണം ചെന്നെത്തുന്നത് സംസ്ഥനത്തെ സ്വര്‍ണ മാഫിയാ സംഘത്തിലേക്ക്. ഗള്‍ഫില്‍ നിന്ന് സ്വര്‍ണം കടത്തുന്ന കാരിയര്‍മാരെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ന്നും കസ്റ്റംസിന് ഒറ്റിക്കൊടുത്ത് പാരിതോഷികം വാങ്ങിയും ലക്ഷങ്ങള്‍ കൊയ്യുന്ന സംഘങ്ങള്‍ മേഖലയില്‍ സജീവമാണെന്നാണ് കേസ് അന്വേഷിക്കുന്ന കൊണ്ടോട്ടി പോലീസിന് ലഭിച്ച വിവരം.

ഷാര്‍ജയില്‍ നിന്ന് കഴിഞ്ഞ മാസം സ്വര്‍ണവുമായി എത്തിയ കൊണ്ടോട്ടി സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ വയനാട് മീനങ്ങാടി സ്വദേശികളായ അസ്‌കര്‍, പ്രവീണ്‍, ഹര്‍ഷാല്‍ എന്നിവരെ കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇവരെ ചോദ്യം ചെയ്തപ്പോഴാണ് സ്വര്‍ണക്കടത്തിന്റെ ഇടനാഴികളിലെ കുടിപ്പക ബോധ്യമാവുന്നത്. ഗള്‍ഫില്‍ നിന്ന് ഒറ്റുകാര്‍ നാട്ടിലെ സംഘത്തിന് വിവരം കൈമാറുന്നതോടെ സ്വര്‍ണവുമായി എത്തുന്നവരെ ഇവര്‍ തട്ടിക്കൊണ്ടുപോയി സ്വര്‍ണം അപഹരിക്കുന്നു. കളളക്കടത്ത് സ്വര്‍ണമായതിനാല്‍ കാരിയര്‍മാര്‍ പരാതി നല്‍കില്ലെന്നതാണ് കവര്‍ച്ചക്കാര്‍ക്കും ഇടനിലക്കാര്‍ക്കും തുണയാകുന്നത്.

കൊണ്ടോട്ടി പോലീസ് പിടികൂടിയ പ്രതികള്‍ കുഴല്‍പണ, സ്വര്‍ണ മാഫിയകളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ വയനാട്ടില്‍ റിസോര്‍ട്ടുകള്‍ വാടകക്കെടുത്ത് പ്രവര്‍ത്തിച്ചു വരികയാണ്. സ്വര്‍ണം വിറ്റുകിട്ടിയ പണം ഉപയോഗിച്ച് പ്രതികള്‍ ആര്‍ഭാട ജീവിതമാണ് നയിച്ചിരുന്നത്. കഞ്ചാവ് ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകള്‍ പ്രതികള്‍ ഉപയോഗിച്ചിരുന്നു. ഇതിനായും ധാരാളം പണം ഇവര്‍ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. വിമാനത്താവളം വഴി സ്വര്‍ണം കടത്തുന്ന സംഘങ്ങളെ കുറിച്ച് വ്യക്തമായ വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. കസ്റ്റംസുമായി ബന്ധപ്പെട്ട് സംയുകതമായി  അന്വേഷണം നടത്തും.

മലപ്പുറം ജില്ലാ പോലീസ് മേധാവി യു.അബ്ദുല്‍ കരീമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ഡിവൈ.എസ്.പി ഷംസിന്റെ നിര്‍ദേശ പ്രകാരം കൊണ്ടോട്ടി സി.ഐ എന്‍.ബി ഷൈജു, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ അബ്ദുല്‍ അസീസ്, സത്യനാഥന്‍ മനാട്ട്, ശശി കുണ്ടറക്കാട്, പി.സഞ്ജീവ്, ശ്രീരാമന്‍, രാജേഷ്, മുഹമ്മദ് ജലാല്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.

 

Latest News