- ഫെബ്രുവരി 17- സിനിമയുടെ ഡബ്ബിംഗിനായി കൊച്ചിയിലേക്ക് കാറിൽ വരികയായിരുന്ന നടിയെ അങ്കമാലി അത്താണിക്കു സമീപം തട്ടികൊണ്ടുപോയി പീഡിപ്പിച്ച് ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയ ശേഷം നടിയെ വിട്ടയക്കുന്നു. കേസിലെ പ്രതിയായ ഡ്രൈവർ മാർട്ടിൻ ആന്റണിയെ പൊലീസ് അറസ്റ്റു ചെയ്യുന്നു.
- ഫെബ്രുവരി 19- നടിയെ ആക്രമിച്ച കേസിൽ രണ്ടുപേർകൂടി പൊലീസ് പിടിയിൽ. ക്രിമിനൽ സംഘാഗങ്ങളായ ആലപ്പുഴ സ്വദേശി വടിവാൾ സലിം, കണ്ണൂർ സ്വദേശി പ്രദീപ് എന്നിവരാണ് പിടിയിലായത്.
- നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ടു സിനിമാ പ്രവർത്തകർ കൊച്ചിയിൽ പ്രതിഷേധ ഐക്യദാർഢ്യ കൂട്ടായ്മ സംഘടിപ്പിക്കുന്നു.
- ഫെബ്രുവരി20- നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഒരാൾ കൂടി പിടിയിലായി. തമ്മനം സ്വദേശി മണികണ്ഠനാണു പിടിയിലായത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം നാലായി. ക്വട്ടേഷൻ സാധ്യതയെക്കുറിച്ചു അന്വേഷണ സംഘത്തിനു സൂചന ലഭിക്കുന്നു.
- ഫെബ്രുവരി 21- നടിയെ ആക്രമിച്ച സംഭവത്തിൽ മലയാളത്തിലെ ഒരു നടന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി.
- ഫെബ്രുവരി 22- തന്നെ ചോദ്യം ചെയ്തിട്ടില്ലെന്നും ശത്രുക്കൾ കുപ്രചാരണം നടത്തുന്നതായും നടൻ ദിലീപ്. ക്രിമിനൽ ലഹരി ബന്ധമുള്ളവരെ സിനിമയിൽ സഹകരിപ്പിക്കില്ലെന്നു സിനിമാ സംഘടനകൾ.
- ഫെബ്രുവരി 23- കോടതിയിൽ കീഴടങ്ങാനെത്തിയ മുഖ്യപ്രതി സുനിയെയും കൂട്ടാളി വിജീഷിനെയും പൊലീസ് കോടതി മുറിയിൽനിന്ന് അറസ്റ്റു ചെയ്തു. ബൈക്കിൽ കോടതി സമുച്ചയത്തിനു പിന്നിലുള്ള ക്ഷേത്രത്തിനു സമീപമെത്തി മതിൽചാടിക്കടന്നാണ് ഇരുവരും കോടതി മുറിയിൽ പ്രവേശിച്ചത്.
- ഫെബ്രുവരി 24- യുവനടിയെ ആക്രമിച്ചവർ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്നു കരുതുന്ന മൊബൈൽ കണ്ടെത്താൻ പൊലീസിനു കഴിഞ്ഞില്ല. ഫോണിനെക്കുറിച്ചുള്ള ചോദ്യത്തിനു സുനിൽ വ്യക്തമായ മറുപടി പറഞ്ഞില്ല. ക്വട്ടേഷൻ ഏറ്റെടുത്തത് 50 ലക്ഷം രൂപയ്ക്കെന്നു സുനിൽ. പ്രതികളെ റിമാൻഡ് ചെയ്തു.
- ഫെബ്രുവരി 25- സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടില്ലെന്നു മുഖ്യമന്ത്രി. സംഭവത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നു പൊലീസ് കോടതിയിൽ. നാലുപ്രതികളെയും നടി തിരിച്ചറിയുന്നു. സുനിയെയും വിജീഷിനെയും മാർച്ച് എട്ടുവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടുനൽകുന്നു.
- ഫെബ്രുവരി 26- കേസിൽ നിലപാട് മാറ്റി മുഖ്യമന്ത്രി. ഗൂഢാലോചന ഇല്ലെന്നു പറഞ്ഞിട്ടില്ല. കോയമ്പത്തൂരിൽനിന്നു പ്രതികളുടെ മൊബൈൽ ഫോണും കംപ്യൂട്ടറും കണ്ടെടുക്കുന്നു.
- ഫെബ്രുവരി 27- കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതിന്റേതെന്ന പേരിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കാൻ ശ്രമം നടക്കുന്നുവെന്ന ആരോപണം പരിശോധിക്കണമെന്നു ഫെയ്സ്ബുക് നടത്തിപ്പുകാരോടു സുപ്രീംകോടതി. പൊലീസ് ചോദ്യം ചെയ്യലിൽ ദൃശ്യങ്ങളെക്കുറിച്ചു മറുപടി നൽകാതെ സുനിൽ.
- ഫെബ്രുവരി 28- സുനിൽകുമാറിന്റെ മൊബൈൽ ഫോണിനായി ബോൾഗാട്ടി പാലത്തിൽ നാവികസേന തിരച്ചിൽ നടത്തുന്നു.
- മാർച്ച് 2- നടിയുടെ ദൃശ്യങ്ങൾ പകർത്തിയെന്നു കരുതുന്ന ഫോൺ കണ്ടെത്താനാകാതെ പൊലീസ്
- മാർച്ച് 3- കൂടുതൽ അന്വേഷണം നടത്തണമെന്നു പൊലീസ് കോടതിയിൽ. നാലുപ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടിവാങ്ങി
- മാർച്ച് 19- സുനിയുമായി അടുപ്പമുള്ള ഷൈനിയെന്ന യുവതി അറസ്റ്റിൽ.
- ജൂൺ 24- നടിക്കുനേരെയുള്ള ആക്രമണത്തെക്കുറിച്ചുള്ള കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്. ബ്ലാക്ക് മെയിൽ ചെയ്തു പണം തട്ടാൻ ശ്രമം നടക്കുന്നതായി നടൻ ദിലീപും സംവിധായകൻ നാദിർഷായും. സുനിൽ എഴുതിയതെന്നു കരുതുന്ന കത്ത് പുറത്ത്. സുനിലിന്റേതെന്നു കരുതുന്ന ഫോൺ സംഭാഷണവും പുറത്താകുന്നു.
- ജൂൺ 25- തന്നെയും സിനിമകളെയും തകർക്കാൻ ശ്രമമെന്ന് ദിലീപ്.
- ജൂൺ 26- നടൻ ദിലീപിനെ ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമിച്ച കേസിൽ മുഖ്യപ്രതി സുനിലിന്റെ സഹതടവുകാരനായ വിഷ്ണു അറസ്റ്റിൽ.
- ജൂൺ 27- നടിയെ അപമാനിക്കുന്ന പരാമർശങ്ങൾക്കെതിരെ സിനിമയിലെ വനിതാ കൂട്ടായ്മ. അനാവശ്യമായ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നു നടി
- ജൂൺ 28- നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെയും സംവിധായകൻ നാർദിഷായുടെയും മൊഴിയെടുത്തു. ആലുവ പൊലീസ് ക്ലബ്ബിലെ മൊഴിയെടുക്കൽ 13 മണിക്കൂർ നീണ്ടു. അന്നത്തെ ഡി ജി പി നിർദേശിച്ചതിനെ തുടർന്നാണ് ഇരുവരെയും പുലർച്ച ഒരു മണിയോടെ വിട്ടയച്ചത്.
- ജൂൺ 29- നടിക്കുനേരെയുണ്ടായ അക്രമം 'അമ്മ'യോഗം ചർച്ച ചെയ്തില്ല. ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുകേഷും ഗണേഷ്കുമാറും.
- ജൂലൈ 10- നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിൽ. കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ്.






