'ഞങ്ങള്‍ ദുരിതത്തിലാണ്'; വിമാനത്തില്‍ രാഹുലിനോട് യാതന വിവരിച്ച് കശ്മീരി യുവതി Video

ന്യുദല്‍ഹി- കഴിഞ്ഞ ദിവസം ശ്രീനഗറില്‍ നിന്നും തിരികെ ദല്‍ഹിയിലേക്കുള്ള വിമാനയാത്രയ്ക്കിടെ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോട് ഒരു കശമീരി യുവതി തങ്ങളുടെ ദുരിത ജീവിതം വിവരിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പടരുന്നു. പ്രത്യേക അവകാശങ്ങള്‍ റദ്ദാക്കി കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ നിയന്ത്രണത്തിലാക്കിയ കശ്മീരിലെ ജനജീവിതം നേരിട്ടറിയാനായിരുന്നു രാഹുലും പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും കഴിഞ്ഞ ദിവസം കശ്മീരിലേക്ക് പുറപ്പെട്ടത്. എന്നാല്‍ ഇവരെ ശ്രീനഗര്‍ എയര്‍പോര്‍ട്ടില്‍ തടഞ്ഞ് ദല്‍ഹിയിലേക്കു തന്നെ തിരിച്ചയക്കുകയായിരുന്നു. ഈ യാത്രയ്ക്കിടെയാണ് യുവതി രാഹുലിന്റെ സീറ്റിനടുത്ത് വന്ന് ദുരിത കഥ പറഞ്ഞത്.

കശ്മീരിലെ നിയന്ത്രണങ്ങള്‍ എങ്ങനെ സാധാരണക്കാരായ ജനങ്ങളെ ബാധിച്ചുവെന്ന് യുവതി പറയുന്നു. 'ഞങ്ങളുടെ മക്കളെ വീടുകള്‍ക്ക് പുറത്തു പോകാന്‍ അനുവദിക്കുന്നില്ല. എന്റെ സഹോദരന്‍ ഒരു ഹൃദ്രോഗിയാണ്. പത്തു ദിവസമായി ഡോക്ടറെ കണ്ടിട്ട്. ഞങ്ങള്‍ പ്രശ്‌നത്തിലാണ്,' വിന്‍ഡോ സീറ്റിലിരിക്കുന്ന രാഹുലിനടുത്തെത്തി യുവതി വിവരിക്കുന്നത് വിഡിയോയില്‍ കാണാം. സീറ്റില്‍ നിന്ന് എഴുന്നേറ്റ് അനുഭാവ പൂര്‍വ്വം രാഹുല്‍ ഇവരെ കേള്‍ക്കുകയും കൈപിടിച്ച് ആശ്വസിപ്പിക്കുകയും ചെയ്തു. കോണ്‍ഗ്രസ് വക്താവ് രാധിക ഖേരയാണ് ഈ വിഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്.

12 പ്രതിപക്ഷ നേതാക്കളടങ്ങുന്ന സംഘമാണ് കഴിഞ്ഞ ദിവസം കശ്മീരിലേക്ക് പുറപ്പെട്ടത്. എന്നാല്‍ വൈകുന്നേരം ഇവരെ തിരിച്ചയക്കുകയായിരുന്നു. കശ്മീരില്‍ കാര്യങ്ങള്‍ സാധാരണ നിലയിലല്ലെന്ന് ദല്‍ഹിയിലെത്തിയ രാഹുല്‍ പറഞ്ഞിരുന്നു. വിമാനത്താവളത്തിനു പുറത്തു പോകാന്‍ അനുവദിച്ചില്ല. കൂടെയുണ്ടായിരുന്നു മാധ്യമപ്രവര്‍ത്തകരെ അധികൃതര്‍ കയ്യേറ്റം ചെയ്തു. ജമ്മു കശ്മീരില്‍ സാധരണ നിലയിലല്ലെന്ന് വ്യക്തമാണ്- രാഹുല്‍ പറഞ്ഞു.
 

Latest News