പശ്ചിമ ബംഗാളിൽ ഇടതു മുന്നണി തയ്യാറെങ്കിൽ സഖ്യമാകാൻ സോണിയയുടെ സമ്മതം

കൊൽക്കത്ത- പശ്ചിമ ബംഗാളിൽ ഇടതുപക്ഷവുമായി സഖ്യത്തിലേർപ്പെടാൻ സംസ്ഥാന കോൺഗ്രസ് നേതാക്കൾക്ക് സോണിയ ഗാന്ധി സമ്മതം നൽകിയതായി സൂചന.  ലോകസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ മോശം പ്രകടനത്തെ തുടർന്നാണ് ഇടതു മുന്നണി സഖ്യവുമായി ചേർന്ന് ഉടൻ നടക്കുന്ന നിയമ സഭ ഉപതെരഞ്ഞെടുപ്പുകളിൽ വിജയം ഉണ്ടാക്കാൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അനുവാദം നൽകിയതെന്ന് പാർട്ടി നേതാക്കളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. വെള്ളിയാഴ്ച്ച ദൽഹിയിൽ നടന്ന സംസ്ഥാന കോൺഗ്രസ് പ്രസിഡന്റ് സോമൻ മിത്രയുമായുള്ള കൂടിക്കാഴ്ച്ചയിൽ അടുത്ത നിയമ സഭാ തിരഞ്ഞെടുപ്പടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്‌ത കൂട്ടത്തിലാണ് സഖ്യത്തെ കുറിച്ചും സോണിയ അഭിപ്രായം പ്രകടിപ്പിച്ചത്. ഇടത് മുന്നണി സഖ്യവുമായി സീറ്റ് വിഭജനമടക്കമുള്ള കാര്യങ്ങൾ സോണിയയുടെ മുന്നിൽ അവതരിപ്പിച്ചെന്നും സഖ്യത്തിലേർപ്പെടാൻ ഇടതുപക്ഷം അംഗീകരിച്ചാൽ ഇരു പാർട്ടികളും സഖ്യമായി ഉപ തിരഞ്ഞെടുപ്പുകൾ നേരിടാൻ അധ്യക്ഷ ആവശ്യപ്പെട്ടെന്നും സംസ്ഥാന കോൺഗ്രസ് പ്രസിഡന്റ് സോമൻ മിത്ര പറഞ്ഞു. നേരത്തെ ഇക്കാര്യം സംസ്ഥാന കോൺഗ്രസ് നേതൃത്വം അംഗീകരിച്ചിരുന്നെങ്കിലും രാഹുൽ ഗാന്ധി പ്രസിഡന്റ് സ്ഥാനം രാജി വെച്ചതോടെ ഇതിന്  അംഗീകാരം ലഭിക്കാതെ കിടക്കുകയായിരുന്നു. തുടർന്നാണ് ഇപ്പോൾ സോണിയ അധ്യക്ഷ പദവിയിലെത്തിയ ശേഷം സഖ്യത്തിനായുള്ള നീക്കങ്ങൾക്ക് അനുകൂല നിലപാടെടുത്തത്. 

Latest News