Sorry, you need to enable JavaScript to visit this website.

കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ മലിനജലം കിണറുകളില്‍; പ്രതിഷേധവുമായി നാട്ടുകാര്‍

കൊണ്ടോട്ടി - കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് ജനവാസ കേന്ദ്രത്തിലേക്ക് മലിനജലം പുറംതള്ളുന്നതിനെതിരെ നാട്ടുകാര്‍ രംഗത്ത്. വിമാനത്താവളത്തിലെ മലിനജലം കുടിവെള്ള സ്രോതസ്സുകളെ മലിനപ്പെടുത്തുന്നതിനെതിരെ കുമ്മിണിപ്പറമ്പ് നെരുവെട്ടിച്ചാലില്‍ പ്രദേശവാസികളാണ് രംഗത്തെത്തിയത്.
   വിമനാത്താവളത്തില്‍ നിന്നുള്ള മലിനജലം ഓട വഴിയാണ് പുറംതള്ളുന്നത്. ഈ അഴുക്കുചാല്‍ അവസാനിക്കുന്നത് കൊണ്ടോട്ടി വലിയ തോട്ടിലേക്കാണ്. നെരുവട്ടിച്ചാലില്‍ പ്രദേശത്തെ മൂന്നോളം കിണറുകളിലെ വെള്ളം ഇപ്പോള്‍ നിറം മാറിയിട്ടുണ്ട്. വിമാനത്താവളത്തില്‍ നിന്നുള്ള മലിനജലം ഇതിലേക്ക് കലരുന്നതാണ് കിണറിലെ വെള്ളം മലിനപ്പെടാന്‍ കാരണമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കറുത്ത നിറത്തിലുള്ള ഗന്ധം നിറഞ്ഞ മലിന ജലമാണ് എയര്‍പോര്‍ട്ടില്‍ നിന്നും ഒഴുക്കിക്കളയുന്നത്. ഈ മലിനജലം ഓടയിലേക്ക് തള്ളാതെ കുഴിയെടുത്ത് അതിലേക്ക് ഒഴിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
   പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പള്ളിക്കല്‍ പഞ്ചായത്തംഗം ജന്‍സാബിയുടെ നേതൃത്വത്തില്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് പരാതി നല്‍കി. അതോറിറ്റി ജീവനക്കാര്‍ സ്ഥലം സന്ദര്‍ശിച്ച് പരിഹാരം കാണുമെന്ന് ഉറപ്പും നല്‍കിയിട്ടുണ്ട്. നേരത്തെയും മലിനജല പ്രശ്‌നം മേഖലയിലുണ്ടായതായി നാട്ടുകാര്‍ പറയുന്നു. എന്നാല്‍ എയര്‍പോര്‍ട്ട് അതോറിറ്റി പ്രശ്‌നത്തില്‍ ഇടപടാറില്ല. സംഭവം പഞ്ചായത്തിലും ആരോഗ്യ വിഭാഗത്തിലും അറിയിച്ചിട്ടുണ്ട്.

 

Latest News