Sorry, you need to enable JavaScript to visit this website.

റിയാദില്‍ കടകളില്‍ മിന്നല്‍ പരിശോധന; ആയിരത്തോളം സ്ഥാപനങ്ങള്‍ക്ക് പിഴ

റിയാദ് - റിയാദ് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയ ശാഖക്കു കീഴിലെ ലേബര്‍ ഓഫീസുകള്‍ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് മൂന്നാഴ്ചക്കിടെ നടത്തിയ മിന്നല്‍ പരിശോധനകളില്‍ നിയമ ലംഘനങ്ങള്‍ക്ക് 976 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. 323 സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നോട്ടീസ് നല്‍കി. തലസ്ഥാന നഗരയിലെയും അല്‍ഖര്‍ജ്, അഫ്‌ലാജ്, വാദി ദവാസിര്‍, സുല്‍ഫി, അല്‍ഗാത്, മജ്മ, ശഖ്‌റാ, മുസാഹ്മിയ, ദവാദ്മി, സുലൈല്‍, അഫീഫ്, ഖുവൈഇയ, ഹോത്ത ബനീ തമീം, സുദൈര്‍ എന്നിവിടങ്ങളിലെയും വ്യാപാര സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡുകളിലാണ് ഇത്രയും നിയമ ലംഘനങ്ങള്‍ കണ്ടെത്തിയത്.
മൂന്നാഴ്ചക്കിടെ ആകെ 4529 സ്ഥാപനങ്ങളിലാണ് റിയാദ് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയ ശാഖക്കു കീഴിലെ ലേബര്‍ ഓഫീസുകള്‍ പരിശോധനകള്‍ നടത്തിയതെന്ന് റിയാദ് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയ ശാഖാ മേധാവി ഡോ. യൂസുഫ് അല്‍സയ്യാലി പറഞ്ഞു. ഇതില്‍ 1470 സ്ഥാപനങ്ങളില്‍ ബലി പെരുന്നാള്‍ അവധി ദിവസങ്ങളിലാണ് പരിശോധനകള്‍ നടത്തിയത്. സ്വകാര്യ സ്ഥാപനങ്ങളുടെ ഭാഗത്തുള്ള തൊഴില്‍ നിയമ ലംഘനങ്ങളെക്കുറിച്ച് 19911 എന്ന നമ്പറില്‍ ബന്ധപ്പെട്ടോ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം പുറത്തിറക്കിയ ആപ്ലിക്കേഷന്‍ വഴിയോ എല്ലാവരും അറിയിക്കണം. പരാതികളില്‍ ലേബര്‍ ഓഫീസ് ഉദ്യോഗസ്ഥര്‍ ഉടനടി പരിശോധനകള്‍ നടത്തി നിയമാനുസൃത നടപടികള്‍ സ്വീകരിക്കുമെന്നും ഡോ. യൂസുഫ് അല്‍സയ്യാലി പറഞ്ഞു.

 

Latest News