റിയാദ് - സൗദി തലസ്ഥാന നഗരിയിലെ റോഡില്‍ സ്ത്രീകള്‍ അടക്കം നിരവധി പേര്‍ നോക്കിനില്‍ക്കേ കാറുകള്‍ ഉപയോഗിച്ച് ഏറ്റുമുട്ടിയ സംഭവവുമായി ബന്ധപ്പെട്ട് ഏഴു പേരെ അറസ്റ്റ് ചെയ്തതായി റിയാദ് പോലീസ് അറിയിച്ചു.
കിഴക്കന്‍ റിയാദിലെ അല്‍ഫൈഹാ ഡിസ്ട്രിക്ടില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് കേസിനാസ്പദമായ സംഭവം. കുടുംബ കലഹത്തെ തുടര്‍ന്ന് സൗദി പൗരന്മാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു.
കൂട്ടത്തില്‍ ഒരാള്‍ പിക്കപ്പ് ഉപയോഗിച്ച് എതിരാളികളുടെ കാറുകളില്‍ കരുതിക്കൂട്ടി കൂട്ടിയിടിച്ചു. ഇതോടെ മറ്റുള്ളവര്‍ തങ്ങളുടെ കാറുകള്‍ ഉപയോഗിച്ച് പിക്കപ്പിലും കൂട്ടിയിടിച്ചു. ഇരു വിഭാഗവും പലതവണ കാറുകള്‍ ഉപയോഗിച്ച് പരസ്പരം എതിരാളികളുടെ വാഹനങ്ങളില്‍ കൂട്ടിയിടിച്ചു. സംഘര്‍ഷത്തിനിടെ ചിലര്‍ ആകാശത്തേക്ക് നിറയൊഴിക്കുകയും ചെയ്തു.
ഏറ്റുമുട്ടലില്‍ ഏതാനും പേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തില്‍ പങ്കുണ്ടെന്ന് തെളിഞ്ഞ ഏഴു സൗദി പൗരന്മാരെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. ഇരുപതു മുതല്‍ അമ്പതു വരെ വയസ്സ് പ്രായമുള്ളവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചതായും റിയാദ് പോലീസ് അറിയിച്ചു. സൗദി പൗരന്മാര്‍ ചേരിതിരിഞ്ഞ് കാറുകള്‍ ഉപയോഗിച്ച് ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.






