Sorry, you need to enable JavaScript to visit this website.

കടലമാവിനു പകരം കെമിക്കലുകൾ, ഓണ വിപണിയിൽ മായം കലർന്ന പപ്പടം

നാല് പ്രമുഖ ബ്രാൻഡുകൾ നിരീക്ഷണത്തിൽ

കോഴിക്കോട് - ഓണ വിപണി ലക്ഷ്യമാക്കിയുള്ള പപ്പടത്തിലും വ്യാജൻ. മായം കലർന്നിട്ടുണ്ടെന്ന പരാതിയെ തുടർന്ന് വിൽപനക്കായി വിപണിയിൽ എത്തിച്ച നാലു പ്രമുഖ ബ്രാൻഡുകൾ ഭക്ഷ്യസുരക്ഷാ വിഭാഗം പിടിച്ചെടുത്ത് പരിശോധനക്കായി അയച്ചു.
പപ്പടത്തിൽ കടലമാവിനു പകരം കെമിക്കലുകൾ ചേർത്ത പൊടികളും അനുവദനീയമായതിലും അധികം അപ്പക്കാരവും ഉപയോഗിക്കുന്നുവെന്ന പരാതിയെ തുടർന്നാണ് റീജണൽ അനലറ്റിക് ലാബിലേക്ക് പപ്പടം പരിശോധനക്കായി അയച്ചത്. പത്തു ദിവസത്തിനുള്ളിൽ പരിശോധനാ ഫലം ലഭിക്കുമെന്നും ഇതിനു ശേഷം മായം കണ്ടെത്തിയിട്ടുണ്ടെങ്കിൽ അവ നിരോധിക്കുമെന്നുമാണ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്.
മായം ചേർക്കുന്നത് കൂടാതെ മൃഗങ്ങളുടെയോ പക്ഷികളിൽ നിന്നുള്ള ഏതെങ്കിലും രാസഘടകങ്ങൾ ഉണക്കാനിടുമ്പോഴും മറ്റും പപ്പടത്തിൽ കലരുന്നുണ്ടോയെന്നും പരിശോധനയിലൂടെ കണ്ടെത്താനാകും.
ഓണ വിപണിയിൽ പ്രത്യേക പരിശോധന നടത്തുവാനുള്ള ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ സ്‌ക്വാഡാണ് ജില്ലയിൽ ഊർജിതമായ പരിശോധനക്ക് നേതൃത്വം നൽകുന്നത്. ഓരോ സ്‌ക്വാഡിലും 13 പേരടങ്ങിയ സംഘമാണുണ്ടാകുക. കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ വെളിച്ചെണ്ണയും പിടികൂടിയിരുന്നു. നേരത്തെ വിപണിയിൽ വിൽപനക്കെത്താത്തവയായതിനാലാണ് പരിശോധനക്കായി ഉദ്യോഗസ്ഥർ ഇത് പിടികൂടിയത്. ബേക്കറി സാധനങ്ങൾ, ചിപ്‌സ് നിർമാണ യൂണിറ്റുകൾ എന്നിവിടങ്ങളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നുണ്ട്.
ഇതു സംബന്ധമായി പൊതുജനങ്ങൾക്കുള്ള പരാതികൾ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ എല്ലാ ഓഫീസുകളിലും സ്വീകരിക്കുമെന്നും പരാതിയുടെ അടിസ്ഥാനത്തിൽ ഉടൻ തുടർ നടപടികൾ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

Latest News