Sorry, you need to enable JavaScript to visit this website.

സൗദി അധ്യാപകര്‍ക്ക് ശമ്പളം നല്‍കാന്‍ ശേഷിയില്ലെന്ന് സ്‌കൂള്‍ ഉടമകള്‍

റിയാദ് - സ്വകാര്യ സ്‌കൂളുകളിലെ സൗദി അധ്യാപകരുടെ വേതന വിഹിതം തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ മാനവശേഷി വഹിക്കുന്ന പദ്ധതി പുനഃസ്ഥാപിക്കണമെന്ന് സ്‌കൂൾ ഉടമകൾ ആവശ്യപ്പെട്ടു. മതിയായ സാമ്പത്തിക ശേഷിയില്ലാത്തതിനാൽ സൗദി അധ്യപകരുടെ വേതനം പൂർണ തോതിൽ വഹിക്കുന്നതിന് സ്‌കൂൾ ഉടമകൾക്ക് സാധിക്കില്ല. അധ്യാപകരുടെ വേതന വിഹിതം വഹിക്കുന്ന പദ്ധതി നിർത്തിവെച്ചത് സ്‌കൂളുകൾക്ക് തിരിച്ചടിയാവുകയാണെന്ന് ഉടമകൾ പറഞ്ഞു.

സ്വകാര്യ സ്‌കൂളുകളിലെ സൗദി അധ്യാപകരുടെ മിനിമം വേതനം 5600 റിയാലായി ഉയർത്തിയതോടെയാണ് സൗദി അധ്യാപകരുടെ വേതന വിഹിതം വഹിക്കുന്ന പദ്ധതി മാനവ ശേഷി വികസന നിധി ആരംഭിച്ചത്. സൗദി അധ്യാപകരുടെ അടിസ്ഥാന വേതനത്തിന്റെ പകുതിയായ 2500 റിയാൽ അഞ്ചു വർഷത്തേക്ക് ആണ് മാനവശേഷി വികസന നിധിയിൽ നിന്ന് വിതരണം ചെയ്തത്. അവശേഷിക്കുന്ന 2500 റിയാലും യാത്രാ ബത്തയായ 600 റിയാലും സ്‌കൂൾ ഉടമകൾ വഹിക്കണമെന്നും അഞ്ചു വർഷം പൂർത്തിയാകുന്ന മുറക്ക് 5600 റിയാലും സ്‌കൂൾ ഉടമകൾ വഹിക്കണമെന്നുമായിരുന്നു വ്യവസ്ഥ. ഇതു പ്രകാരം അഞ്ചു വർഷം പൂർത്തിയാക്കിയ അധ്യാപകരുടെ വേതന വിഹിതം വഹിക്കുന്നത് മാനവശേഷി വികസന നിധി നിർത്തിവെച്ചു. എന്നാൽ പുതുതായി നിയമിച്ച, അഞ്ചു വർഷത്തെ സർവീസ് പൂർത്തിയാകാത്തവരുടെ വേതന വിഹിതം മാനവശേഷി വികസന നിധി ഇപ്പോഴും വഹിക്കുന്നുണ്ടെന്ന് ജിദ്ദ ചേംബർ ഓഫ് കൊമേഴ്‌സിലെ സ്വകാര്യ സ്‌കൂൾ കമ്മിറ്റി അംഗം ഡോ. സുഹൈർ ഗുനൈം പറഞ്ഞു. മാനവ ശേഷി വികസന നിധിയിൽ നിന്നുള്ള സഹായം നിന്നതോടെ അധ്യാപകർക്ക് മൂവായിരം റിയാൽ മുതൽ നാലായിരം റിയാൽ വരെയാണ് സ്‌കൂളുകൾ വേതനം നൽകുന്നത്. സ്‌കൂളുടെ മോശം ധനസ്ഥിതിയാണ് അധ്യാപകരുടെ കുറഞ്ഞ വേതനത്തിന് കാരണം. സൗദി അധ്യാപകരെ സംബന്ധിച്ചിടത്തോളം മൂവായിരം റിയാൽ വളരെ കുറഞ്ഞ വേതനമാണ്. ഈ പശ്ചാത്തലത്തിൽ സൗദി അധ്യാപകരുടെ വേതന വിഹിതം വഹിക്കുന്ന പദ്ധതി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു.
മാനവ ശേഷി വികസന നിധിയിൽ നിന്ന് സഹായം ലഭിക്കാത്തതാണ് സൗദി അധ്യാപകരുടെ കുറഞ്ഞ വേതനത്തിന് കാരണമെന്ന് ജിദ്ദ ചേംബർ ഓഫ് കൊമേഴ്‌സിലെ സ്വകാര്യ സ്‌കൂൾ കമ്മിറ്റി പ്രസിഡന്റ് ഡോ. മാസിൻ നസീർ പറഞ്ഞു. സൗദി അധ്യാപകരുടെ വേതനം കണ്ടെത്തുന്നതിന് ചില സ്‌കൂളുകൾ ട്യൂഷൻ ഫീസ് ഉയർത്തിയിട്ടുണ്ട്. മറ്റു ചില സ്‌കൂളുകൾ അധ്യാപകരുടെ വേതനം 2500 റിയാലായി കുറച്ചു. സൗദി അധ്യാപകർ ആഗ്രഹിക്കുന്ന നിലക്കുള്ള വേതനം നൽകുന്നതിന് സ്വകാര്യ സ്‌കൂളുകൾക്ക് സാധിക്കില്ല. ചില സ്വകാര്യ സ്‌കൂളുകളുടെ വരുമാനത്തിന്റെ 30 ശതമാനം അധ്യാപകർക്ക് വേതനം നൽകുന്നതിനാണ് വിനിയോഗിക്കുന്നത്. വരുമാനത്തിന്റെ 30 ശതമാനം മറ്റു പ്രവർത്തന ചെലവുകൾക്കും വിനിയോഗിക്കുന്നു. അധ്യാപകർക്ക് വേതനം നൽകാൻ സാധിക്കാത്തതിനാൽ ചില സ്‌കൂളുകൾ അടച്ചുപൂട്ടിയിട്ടുണ്ട്. വേതനം ഉയർത്തുന്നത് ഏറ്റവും മികച്ച നിലയിൽ കർത്തവ്യങ്ങൾ നിർവഹിക്കുന്നതിന് അധ്യാപകർക്ക് പ്രചോദനമാകും. ഇത് വിദ്യാർഥികളുടെ പഠന നിലവാരത്തിലും വിദ്യാഭ്യാസ പ്രക്രിയയിലും പ്രതിഫലനമുണ്ടാക്കും. അധ്യാപകരുടെ മാനസികനില വിദ്യാഭ്യാസ പ്രക്രിയയിൽ വലിയ പങ്ക് വഹിക്കുന്നതായും പറഞ്ഞു.
 

Latest News