Thursday , February   27, 2020
Thursday , February   27, 2020

സൗദിയിൽ സിഗരറ്റ് ഇറക്കുമതി  പകുതിയോളം കുറഞ്ഞു

റിയാദ്- കഴിഞ്ഞ വർഷം വിദേശങ്ങളിൽനിന്നുള്ള സിഗരറ്റ് ഇറക്കുമതി പകുതിയോളം കുറഞ്ഞതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. 2017 ൽ 176 കോടി റിയാലിന്റെ സിഗരറ്റും പുകയില ഉൽപന്നങ്ങളുമാണ് ഇറക്കുമതി ചെയ്തത്. 2017 ൽ 314 കോടി റിയാലിന്റെ സിഗരറ്റും പുകയില ഉൽപന്നങ്ങളും ഇറക്കുമതി ചെയ്തിരുന്നു. കഴിഞ്ഞ വർഷം സിഗരറ്റ്, പുകയില ഉൽപന്ന ഇറക്കുമതിയിൽ 43.78 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. 
കഴിഞ്ഞ കൊല്ലം ഇറക്കുമതി ചെയ്ത സിഗരറ്റ്, പുകയില ഉൽപന്നങ്ങളുടെ തൂക്കത്തിൽ 27.27 ശതമാനം കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ കൊല്ലം 32,000 ടൺ സിഗരറ്റും പുകയില ഉൽപന്നങ്ങളുമാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്തത്. കഴിഞ്ഞ വർഷം പ്രതിദിനം ശരാശരി 88 ടൺ സിഗരറ്റും പുകയില ഉൽപന്നങ്ങളും വീതം രാജ്യത്തേക്ക് ഇറക്കുമതി ചെയ്തു. 2017 ൽ 44,000 ടൺ സിഗരറ്റും പുകയില ഉൽപന്നങ്ങളും ഇറക്കുമതി ചെയ്തിരുന്നു. കഴിഞ്ഞ വർഷം ഇറക്കുമതി ചെയ്ത സിഗരറ്റ്, പുകയില ഉൽപന്നങ്ങളുടെ തൂക്കത്തിൽ 12,000 ടണ്ണിന്റെ കുറവുണ്ടായി. 2016 ൽ 62,000 ടൺ തൂക്കമുള്ള സിഗരറ്റും പുകയില ഉൽപന്നങ്ങളും ഇറക്കുമതി ചെയ്തിരുന്നു. 
വിദേശങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത സിഗരറ്റ്, പുകയില ഉൽപന്നങ്ങളുടെ മൂല്യത്തിൽ രണ്ടു വർഷത്തിനിടെ 63.66 ശതമാനം കുറവുണ്ടായി. 2016 ൽ 485 കോടി റിയാലിന്റെ സിഗരറ്റും പുകയില ഉൽപന്നങ്ങളും ഇറക്കുമതി ചെയ്തിരുന്നു. ഹാനികരമായ ഉൽപന്നങ്ങൾക്കുള്ള സെലക്ടീവ് ടാക്‌സ് ബാധകമാക്കിയതാണ് സിഗരറ്റ്, പുകയില ഉൽപന്നങ്ങളുടെ ഇറക്കുമതി വലിയ തോതിൽ കുറയുന്നതിന് ഇടയാക്കിയത്. സൗദിയിൽ സിഗരറ്റിനും പുകയില ഉൽപന്നങ്ങൾക്കും 100 ശതമാനം അധിക നികുതിയാണ് ബാധകമാക്കിയിരിക്കുന്നത്. 
കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ സിഗരറ്റ് ഇറക്കുമതി ചെയ്തത് തുർക്കിയിൽ നിന്നാണ്. 90.3 കോടി റിയാൽ വിലയുള്ള 13,617 ടൺ സിഗരറ്റ് തുർക്കിയിൽ നിന്ന് ഇറക്കുമതി ചെയ്തു. രണ്ടാം സ്ഥാനത്തുള്ള ജർമനിയിൽ നിന്ന് 6217 ടൺ സിഗരറ്റ് ഇറക്കുമതി ചെയ്തു. 51.4 കോടി റിയാൽ വിലയുള്ള സിഗരറ്റാണ് ജർമനിയിൽ നിന്ന് ഇറക്കുമതി ചെയ്തത്. മൂന്നാം സ്ഥാനത്ത് സ്വിറ്റ്‌സർലാന്റും നാലാം സ്ഥാനത്ത് ഇന്ത്യയും അഞ്ചാം സ്ഥാനത്ത് ഉക്രൈനും ആറാം സ്ഥാനത്ത് യു.എ.ഇയും ഏഴാം സ്ഥാനത്ത് അർമീനിയയുമാണ്. കഴിഞ്ഞ കൊല്ലം 164 കോടി റിയാലിന്റെ സിഗരറ്റാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്തത്. ആകെ 22,700 ടൺ തൂക്കമുള്ള സിഗരറ്റ് സൗദിയിലേക്ക് ഇറക്കുമതി ചെയ്തു. രാജ്യത്തേക്ക് ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങളുടെ പട്ടികയിൽ 38 ാം സ്ഥാനത്താണ് സിഗരറ്റ്. സൗദി അറേബ്യയുടെ ആകെ ഇറക്കുമതിയിൽ സിഗരറ്റ് ഇറക്കുമതി 0.32 ശതമാനമാണ്. 
ഹുക്ക പുകയില ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്തത് ഈജിപ്തിൽ നിന്നാണ്. അഞ്ചു കോടിയോളം റിയാലിന്റെ ഹുക്ക പുകയില ഈജിപ്തിൽ നിന്ന് ഇറക്കുമതി ചെയ്തു. ആകെ ഹുക്ക പുകയില ഇറക്കുമതിയുടെ 55 ശതമാനവും ഈജിപ്തിൽ നിന്നായിരുന്നു. ഈജിപ്തിൽ നിന്ന് 2428 ടൺ ഹുക്ക പുകലിയ ആണ് ഇറക്കുമതി ചെയ്തത്. രണ്ടാം സ്ഥാനത്തുള്ള യു.എ.ഇയിൽ നിന്ന് 1300 ടൺ തൂക്കമുള്ള മൂന്നേമുക്കാൽ കോടി റിയാലിന്റെ ഹുക്ക പുകയില ഇറക്കുമതി ചെയ്തു. ഹുക്ക പുകയില ഇറക്കുമതിയുടെ 42 ശതമാനം യു.എ.ഇയിൽ നിന്നായിരുന്നു. 

Latest News