Sorry, you need to enable JavaScript to visit this website.

ഒരേ സമയം മൂന്നു സർക്കാർ ജോലി; സർക്കാരിനെ പറ്റിച്ചത് 30 വർഷം

പറ്റ്‌ന- സര്‍ക്കാരില്‍ വിവിധ വകുപ്പുകളില്‍ ജോലി ലഭിച്ചാല്‍ അതില്‍ ഏറ്റവും മെച്ചപ്പെട്ടതേതെന്ന് നോക്കിയാണ് പലരും പ്രവേശിക്കുന്നത്. എന്നാല്‍ കിട്ടിയ മൂന്ന് വകുപ്പുകളിലും ജോലിക്ക് കയറുകയും മൂന്ന്  വകുപ്പുകളില്‍നിന്ന് ശമ്പളം കൈപ്പറ്റുകയും ചെയ്‌ത വിരുതനെയാണ് മുപ്പത് വർഷത്തിന് ശേഷം ബിഹാർ സർക്കാർ പൊക്കിയത്. ബിഹാര്‍ സ്വദേശിയായ സുരേഷ് റാം എന്നയാളാണ് ബിഹാര്‍ സര്‍ക്കാരിനെ വര്‍ഷങ്ങളായി പറ്റിച്ചത്. മൂന്ന് വിവിധ തസ്‌തികയിൽ ജോലിഎടുത്തിരുന്ന ഇയാള്‍ മൂന്ന് വകുപ്പുകളില്‍നിന്നും ശമ്പളം കൈപ്പറ്റിയിരുന്നതായും വ്യക്തമായി. കെട്ടിട നിര്‍മ്മാണ വകുപ്പ്, ജലവിഭവ വകുപ്പ്, ഭിംനഗര്‍ എംബാങ്ക്‌മെന്റ് വകുപ്പ് എന്നീ മൂന്നു സർക്കാർ വകുപ്പുകളിലാണ് ഇയാൾ ഒരേ സമയം ജോലി ചെയ്‌തു ശമ്പളം കൈപ്പറ്റിയത്. 1988ലാണ് ഇയാള്‍ ജൂനിയര്‍ എന്‍ജിനീയറായി കെട്ടിട നിര്‍മാണ വിഭാഗത്തില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. തുടര്‍ന്ന് സിറ്റി വാട്ടര്‍ റിസോഴ്‌സ് വിഭാഗത്തില്‍ പ്രവേശന ഉത്തരവ് വന്നു. ഇതേ തസ്തികയിലേക്ക് വീണ്ടും നിയമന ഉത്തരവ് ഇയാളെ തേടിയെത്തി. 
          കിട്ടിയ നിയമന ഉത്തരവൊന്നും ഇയാള്‍ മടക്കിയില്ലെന്നതാണ് പ്രത്യേകത. ഇത്തരത്തില്‍ 30 വര്‍ഷമാണ് ഇയാള്‍ മൂന്നിടങ്ങളിലും ജോലി ചെയ്തത്. അവസാനം ധനകാര്യ മാനേജ്‌മെന്റിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മൂന്നിടത്തായി ഒരേ സമയം ജോലി ചെയ്യുന്ന സുരേഷ് റാമിനെക്കുറിച്ചുള്ള വിവരം പുറത്തുവന്നത്. ബിഹാര്‍ ധനകാര്യവകുപ്പിന്റെ സെന്‍ട്രലൈസ്ഡ് ഫണ്ട് മാനേജ്‌മെന്റ് സിസ്റ്റം എന്ന സംവിധാനമാണ് ഇയാളെ കെണിയിലാക്കിയത്. ഈ സംവിധാനം ഇയാളുടെ ജോലിയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തെത്തിച്ചതോടെയാണ് തട്ടിപ്പ് വെളിയില്‍ വരുന്നത്. സംഭവം പുറത്തായതോടെ സുരേഷ് ഇപ്പോൾ ഒളിവിൽ പോയിരിക്കുകയാണ്. എന്നാൽ, തന്റെ മുഴുവൻ വിവരങ്ങളും കൈമാറാതെയാണ് ഇയാൾ മൂന്ന് സർക്കാർ വകുപ്പുകളിൽ ജോലി ചെയ്‌തിരുന്നതെന്നതാണ് ഏറെ ആശ്ചര്യം. പാന്‍ കാര്‍ഡും ആധാറും മാത്രമെ നല്‍കിയിരുന്നുള്ളൂവെന്നും കെട്ടിട നിര്‍മ്മാണ വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ മധുസൂദന്‍ കുമാര്‍ കര്‍ണ പറഞ്ഞു. വ്യക്തിവിരങ്ങള്‍ സംബന്ധിച്ചുള്ള മറ്റ് രേഖകള്‍ ആവശ്യപ്പെട്ടതിനുശേഷം ഇയാള്‍ സ്ഥലംവിട്ടതായും അധികൃതര്‍ വെളിപ്പെടുത്തി.  

Latest News