രാഹുലിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ നേതാക്കള്‍ കശ്മീരിലേക്ക് പുറപ്പെട്ടു; തിരിച്ചു പോകണമെന്ന് സര്‍ക്കാര്‍

ന്യൂദല്‍ഹി- കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ വിവിധ പാര്‍ട്ടി നേതാക്കളടങ്ങുന്ന പ്രതിപക്ഷ സംഘം കശ്മീരിലേക്ക് പുറപ്പെട്ടു. സംസ്ഥാനത്തിന്റെ പ്രത്യേക പദവി എടുത്തു മാറ്റി രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റിയതിനു പിന്നാലെ ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ നിയന്ത്രണത്തിന്‍ കീഴില്‍ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം നേരിട്ടു മനസ്സിലാക്കാനാണ് സംഘത്തിന്റെ യാത്ര. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ സെക്രട്ടറി ഡി. രാജ എന്നിവരും ഡിഎംകെ, എന്‍സിപി, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍ ജെ ഡി തുടങ്ങിയ പാര്‍ട്ടികളുടെ നേതാക്കളും സംഘത്തിലുണ്ട്. മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഗുലാം നബി ആസാദ്, കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ എന്നിവരും സംഘത്തിലുണ്ട്. ഗുലാം നബിയെ നേരത്തെ രണ്ടു തവണ കശ്മീരിലേക്കുള്ള വഴിയെ ജമ്മു എയര്‍പോര്‍ട്ടില്‍ തടഞ്ഞ് നിര്‍ബന്ധിച്ച് ദല്‍ഹിയിലേക്ക് തിരിച്ചയച്ചിരുന്നു.

അതിനിടെ, രാഷ്ട്രീയ നേതാക്കള്‍ ശ്രീനഗറിലേക്ക് സന്ദര്‍ശനത്തിന് വരരുതെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കി. മറ്റുള്ളവര്‍ക്ക് അത് ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് കാരണമായി ജമ്മു കശ്മീര്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഒരു ട്വീറ്റിലൂടെ വ്യക്തമാക്കിയത്. അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങളം ഭീകരപ്രവര്‍ത്തനങ്ങളും തടയാനും ജമ്മു കശ്മീര്‍ ജനതയെ സംരക്ഷിക്കാനും ശ്രമിക്കുന്നതിനിടെ രാഷ്ട്രീയ നേതാക്കളെത്തുന്നത് പ്രയാസമുണ്ടാക്കുമെന്നാണ് സര്‍ക്കാര്‍ വാദം. ജനങ്ങള്‍ പടിപടിയായി സാധാരണ ജീവിത്തതിലേക്ക് തിരിച്ചു വരുന്നതിനെ ഇതു ബാധിക്കും. നേതാക്കല്‍ സഹകരിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

അതേസമയം സര്‍ക്കാരിന്റെ ക്ഷണപ്രകാരമാണ് തങ്ങളുടെ യാത്രയെന്ന് യെച്ചൂരി പറഞ്ഞു. കശ്മീരില്‍ നേരിട്ടെത്തി കാര്യങ്ങള്‍ കണ്ടു മനസ്സിലാക്കാമെന്നും അവിടെ പ്രശനങ്ങളൊന്നുമില്ലെന്നും ഗവര്‍ണര്‍ തന്നെ നേരത്തെ വ്യക്തമാക്കിയതാണ്. ഇതു സ്വീകരിച്ചാണ് ഞങ്ങള്‍ പോകുന്നത്- യെച്ചൂരി പറഞ്ഞു.

ഉത്തരവാദിത്തമുള്ള രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളുമാണ് ഞങ്ങളെല്ലാം. ഞങ്ങല്‍ നിയമം ലംഘിക്കാനല്ല പോകുന്നത്. ജമ്മു കശ്മീരിലെ സാഹചര്യം വലിയ ആശങ്കയുണ്ടാക്കുന്നതാണ്. 20 ദിവസത്തോളമായി ഒരു വിവരവും അവിടെ നിന്ന് ലഭിക്കുന്നില്ല. സാഹചര്യങ്ങള്‍ സാധാരണ നിലയിലാണെന്ന് സര്‍ക്കാര്‍ പറയുന്നു. എന്നിട്ടും നേതാക്കളെ എന്തു കൊണ്ടു പോകാന്‍ അനുവദിക്കുന്നില്ല?- ഗുലാം നബി ആസാദ് പറഞ്ഞു.

കശ്മീരില്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി ആശങ്ക പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നേരത്തെ ഗവര്‍ണര്‍ സത്യ പാല്‍ മാലിക് അദ്ദേഹത്തെ സാഹചര്യങ്ങള്‍ നേരിട്ടറിയാന്‍ കശ്മീരിലേക്ക് ക്ഷണിച്ചിരുന്നു. സര്‍ക്കാര്‍ ഒരു വിമാനം അയക്കാമെന്നും ഇവിടെ വന്ന് യാഥാര്‍ത്ഥ്യം മനസ്സിലാക്കണമെന്നുമായിരുന്നു രാഹുലിനോട് ഗവര്‍ണര്‍ പറഞ്ഞത്. കശ്മീരില്‍ നിന്ന് ആക്രമണങ്ങളുടേയും മരണങ്ങളുടേയും റിപോര്‍ട്ടുകളാണ് വരുന്നതെന്ന രാഹുലിന്റെ പരാമര്‍ശത്തിനു മറുപടി ആയാണ് ഗവര്‍ണര്‍ ഇങ്ങനെ പറഞ്ഞിരുന്നത്.
 

Latest News