തിരുവനന്തപുരം- കഴിഞ്ഞ പ്രളയകാലത്ത് ആരുമറിയാതെ ദുരിതാശ്വാസ ക്യാമ്പുകളിൽ ചാക്ക് ചുമലിലേറ്റി പ്രശസ്തനായ മലയാളി കലക്ടർ രാജിവച്ചു. ദാദ്ര നഗർ ഹവേലിയിൽ ഊർജ സെക്രട്ടറിയായി പ്രവർത്തിക്കുന്ന കോട്ടയം സ്വദേശി കണ്ണൻ ഗോപിനാഥനാണ് സർവീസിൽനിന്ന് രാജിവച്ചത്. രാഷ്ട്രീയ സമർദ്ദമാണ് രാജിക്ക് കാരണമെന്നാണ് സൂചന. രാജി സ്വീകരിക്കും വരെ ജോലിയിൽ തുടരുമെന്നും കണ്ണൻ ഗോപിനാഥൻ പറഞ്ഞു. കോട്ടയം പുതുപ്പള്ളി സ്വദേശിയാണ് കണ്ണൻ.
രാജ്യത്ത് സംസാരിക്കാനുള്ള സ്വാതന്ത്ര്യം പോലുമില്ലെന്നും അത് വീണ്ടെടുക്കാനാണ് രാജിയെന്നും കണ്ണൻ ഗോപിനാഥൻ പറഞ്ഞു. ഇപ്പോൾ സ്വന്തം ശബ്ദം പോലുമില്ല. എല്ലാവരുടെയും ശബ്ദമാകാനാണ് ഐ.എ.എസ് എടുത്തത്. പലതും പുറത്തുപറയാനാകുന്നില്ല. കഴിഞ്ഞവർഷത്തെ പ്രളയകാലത്ത് എട്ടുദിവസത്തോളം കൊച്ചിയിലെ ദുരിതാശ്വാസ ക്യാമ്പിൽ കണ്ണൻ ഗോപിനാഥനുണ്ടായിരുന്നു. കൊച്ചിയിൽ ട്രക്കുകളിൽനിന്ന് സാധനങ്ങൾ തലച്ചുമടായി ഇറക്കി ക്യാമ്പുകളിലെത്തിച്ചാണ് ഇദ്ദേഹം ശ്രദ്ധേയനായത്. ദാദ്രഗനഗർ ഹവേലിയിൽ കലക്ടറായിരുന്നു ഈ സമയത്ത് അദ്ദേഹം. പ്രളയസഹായമായി ഒരു കോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രിക്ക് സമർപ്പിക്കാൻ എത്തിയപ്പോഴാണ് സന്നദ്ധപ്രവർത്തകരെ സഹായിക്കാൻ രംഗത്തെത്തിയത്.